by Midhun HP News | Jul 13, 2023 | Latest News, കേരളം
സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂർ ജില്ലാ പഞ്ചായത്തു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഹർജികൾ ഓഗസ്റ്റ് 16ന് പരിഗണിക്കാനായി മാറ്റി.
സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമം, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ളത് കൂടിവരികയാണെന്നും അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വളരെയധികം അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നുകാരൻ ഉൾപ്പെടെ മരിച്ചിട്ടുണ്ടെന്നും കോഴിക്കോട് തെരുവു നായ്ക്കളെ ഭയന്ന് ആറ് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മിഷൻ കോടതിയിൽ അറിയിച്ചു.
by Midhun HP News | Jul 13, 2023 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. ആംബുലന്‍സ്, പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവര്‍മാര്‍ക്കെതിരെയുമുള്ള കേസ്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവ് അശ്വകുമാറിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനം പുലമണ്‍ ജങ്ഷനില്‍ വച്ച് ആംബുലന്‍സില്‍ ഇടിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൊട്ടാരക്കര പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ വാഹനത്തിന് വഴിയൊരുക്കിയ ശൂരനാട് പൊലീസിന്റെ ജീപ്പും കൊല്ലം ഭാഗത്തുനിന്ന് പുനലൂര്‍ റോഡിലേക്ക് പ്രവേശിക്കുകയും ചെയ്ത ആംബുലന്‍സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
by Midhun HP News | Jul 13, 2023 | Latest News, കേരളം
ക്രമവിരുദ്ധമായി വിസ്തീർണം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തും. ഇതിനായി കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഒറ്റത്തവണ കെട്ടിടനികുതി അടയ്ക്കുമ്പോൾ കൊടുക്കുന്ന സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയാൽ ഒറ്റത്തവണ കെട്ടിടനികുതിയുടെ 50 ശതമാനം തുക പിഴയീടാക്കും. നിലവിൽ തെറ്റായ വിവരം നൽകുന്നവർക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആറുമാസം തടവോ ആയിരംരൂപ പിഴയോ രണ്ടുകൂടിയോ ആണ് ശിക്ഷ.
by Midhun HP News | Jul 13, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തുടരും. ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. തിരുവോണ ബംപർ കൂടുതൽ ആകർഷകമാക്കുന്നതിന് ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്‌തിരുന്നു.
എന്നാൽ നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടർന്നാൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. എന്നാൽ രണ്ടാം സമ്മാനത്തിന്റെ തുകയിൽ ഇത്തവണ മാറ്റമുണ്ട്. അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്‍റെ രണ്ടാം സമ്മാനം. ഇത്തവണ ഒരു കോടി വീതം 20 പേര്‍ക്ക് നൽകും. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ അച്ചടിച്ചത്. ഇതിൽ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയി.
2021ല്‍ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും തിരുവോണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. അതിനാണ് രണ്ടാം സമ്മാനം 20 പേര്‍ക്ക് കിട്ടുന്ന തരത്തില്‍ സമ്മാനഘടന ക്രമീകരിച്ചത്. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില.
by Midhun HP News | Jul 13, 2023 | Latest News, കേരളം
കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷ നല്‍കിയതോടെ കുരുക്കില്‍പ്പെട്ട് ഉദ്യോഗസ്ഥര്‍. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്. പത്തനാപുരം സബ് രജിസ്ട്രര്‍ ഓഫീസിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇതേ യുവതി അപേക്ഷ നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ യുവതിയെയും യുവാക്കളെയും വിളിച്ചവരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.
by Midhun HP News | Jul 13, 2023 | Latest News, കേരളം
തൃശൂര്‍: ശമ്പളം ലഭിക്കാത്തതിനാല്‍ മൂന്നുദിവസം കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് കൂലിപ്പണിയെടുക്കാന്‍ അവധി ചോദിച്ച് മേലുദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയത്.
‘സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറയ്ക്കുവാന്‍ കയ്യില്‍ പണവുമില്ല. ആയതിനാല്‍ വട്ടചിലവിനുള്ള പണത്തിനായി ഈ വരുന്ന 13,14,15 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൂമ്പ പണിക്ക് പോകാന്‍ വേണ്ടി മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് അജുവിന്റെ കത്ത്. കത്ത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും വ്യക്തമാക്കി അജു രംഗത്തെത്തി.
സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈമാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല.
Recent Comments