തിരുവോണം ബംപർ; ധനവകുപ്പ് ശുപാർശ തള്ളി, ഒന്നാം സമ്മാനം 25 കോടിയായി തുടരും

തിരുവോണം ബംപർ; ധനവകുപ്പ് ശുപാർശ തള്ളി, ഒന്നാം സമ്മാനം 25 കോടിയായി തുടരും

തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തുടരും. ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. തിരുവോണ ബംപർ കൂടുതൽ ആകർഷകമാക്കുന്നതിന് ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോ​ഗസ്ഥർ ശുപാർശ ചെയ്‌തിരുന്നു.

എന്നാൽ നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടർന്നാൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. എന്നാൽ രണ്ടാം സമ്മാനത്തിന്റെ തുകയിൽ ഇത്തവണ മാറ്റമുണ്ട്. അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്‍റെ രണ്ടാം സമ്മാനം. ഇത്തവണ ഒരു കോടി വീതം 20 പേര്‍ക്ക് നൽകും. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ അച്ചടിച്ചത്. ഇതിൽ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയി.

2021ല്‍ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും തിരുവോണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. അതിനാണ് രണ്ടാം സമ്മാനം 20 പേര്‍ക്ക് കിട്ടുന്ന തരത്തില്‍ സമ്മാനഘടന ക്രമീകരിച്ചത്. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില.

പെന്‍ഷന്‍ വിതരണം നാളെ മുതല്‍

പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ അടുത്ത മാസം ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്.

അധ്യാപകന്റെ കൈ വെട്ടിയ കേസ്; ശിക്ഷാ വിധി ഇന്ന്

അധ്യാപകന്റെ കൈ വെട്ടിയ കേസ്; ശിക്ഷാ വിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ എന്‍ഐഎ പ്രത്യേക കോടതി കുറ്റക്കാർക്കെതിരെ ശിക്ഷ വിധിക്കും.കേസിൽ ആറു പ്രതികള്‍കൂടി കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ പറഞ്ഞു.

രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജല്‍. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് മൂന്നു പേര്‍.

പോക്സോ കേസ്; കായിക അധ്യാപകനെ സസ്പെൻഡ് ചെയ്‌തു, കർശന നടപടിയെടുക്കാൻ മന്ത്രി നിർദേശം

പോക്സോ കേസ്; കായിക അധ്യാപകനെ സസ്പെൻഡ് ചെയ്‌തു, കർശന നടപടിയെടുക്കാൻ മന്ത്രി നിർദേശം

തിരുവനന്തപുരം: വയനാട്ടില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്‌പെൻ‌ഡ് ചെയ്‌തു. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് ഇന്നലെ അറസ്റ്റിലായത്. കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി. അധ്യാപകനെതിരെ കർശന നടപടി ഉടൻ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുമുതൽ

പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ച് ഇന്ന് രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ൽ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് പ്രവേശനം നേടണം. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ; മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമാകും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴ; മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമാകും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

മണ്‍സൂണ്‍ പാത്തി യുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും, കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.