മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും
ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറു പ്രതികള്‍ക്കൂടി കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി. ശിക്ഷ നാളെ മൂന്നു മണിക്ക് പ്രഖ്യാപിക്കും.

രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് സജല്‍. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് മൂന്നു പേര്‍. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെ വെറുതെവിട്ടു. തെളിവില്ലെന്നു കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി പറഞ്ഞു.

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കോടതി 2015 ഏപ്രില്‍ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളില്‍ 13 പേരെയാണ് അന്ന് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ ശിക്ഷാവിധിയാണ് ഇന്നു പ്രഖ്യാപിച്ചത്. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. കോളജിലെ രണ്ടാംസെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

വിവാദങ്ങള്‍ ഒഴിഞ്ഞു; പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

വിവാദങ്ങള്‍ ഒഴിഞ്ഞു; പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.

അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ യുജിസി തീരുമാനം.

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ കാട്ടുപന്നി ഇടിച്ച്  മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ കാട്ടുപന്നി ഇടിച്ച് മറിഞ്ഞു; വനിതാ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാലുകുട്ടികളും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. ഈ മേഖലയില്‍ ആറ് മാസം മുന്‍പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സമാനമായ രീതിയില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും; പുതിയ ജിഎസ്ടി തീരുമാനങ്ങൾ ഇങ്ങനെ

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും; പുതിയ ജിഎസ്ടി തീരുമാനങ്ങൾ ഇങ്ങനെ

സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതോടെ റെസ്റ്റോറന്റുകളിലെ വിലയ്ക്ക് തിയറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും.

ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തും. 28 ശതമാനം ജിഎസ്ടിയാകും ഏർപ്പെടുത്തുക. ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ് (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്ടി ഒഴിവാക്കി.

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. സെഡാനുകൾ ഉൾപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി. വ്യജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തട്ടിച്ചത് 17,000 കോടി രൂപയാണ്. ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും തീരുമാനമായി. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ട്രൈബ്യൂണലിൽ ഉൾപ്പെടും. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ.

സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ; ജിഎസ്ടി തീരുമാനത്തിനെതിരെ സ്വർണ വ്യാപാരികൾ

സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ; ജിഎസ്ടി തീരുമാനത്തിനെതിരെ സ്വർണ വ്യാപാരികൾ

ഡൽഹി: നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി ജി എസ് ടി കൗൺസിൽ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ – വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വർണ വ്യാപാര മേഖലയിൽ ഇ വേ ബിൽ ഏർപ്പെടുത്താനുള്ള ജി എസ് ടി കൗൺസിൽ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന അഭിപ്രായപ്പെടുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.

ജിഎസ്ടി കൗൺസിൽ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികളുണ്ടായി എന്നതാണ് ജി എസ് ടി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജി എസ് ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് ജി എസ് ടി യോഗ തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28% ജി എസ് ടി നിരക്ക് ഏർപ്പെടുത്തി. പാകം ചെയ്യാത്തതും വറക്കാത്തതുമായി ഭക്ഷണങ്ങൾക്കും വില കുറയും. പാക്ക് ചെയ്ത് പപ്പടത്തിന് ജി എസ് ടി പതിനെട്ടിൽ നിന്ന് അഞ്ചാക്കി കുറച്ചു.