ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്‌സി, എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്‌സി, എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി

മറുനാടൻ മലയാളി പോർട്ടലിൻ്റെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീംകോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി.വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ, കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തളളിയതോടെ മറുനാടൻ മലയാളിയുടെ ഓഫീസുകൾ റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയയെ കണ്ടെത്താനെന്ന പേരിൽ പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്‍റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതിയും ഇന്ന് വിമർശിച്ചിരുന്നു.

വാഹനമൊന്ന് തട്ടി…, ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?; ഇനി സ്‌റ്റേഷനില്‍ പോകേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ

വാഹനമൊന്ന് തട്ടി…, ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?; ഇനി സ്‌റ്റേഷനില്‍ പോകേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ

കൊച്ചി: വാഹനമൊന്ന് തട്ടി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?, പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കാനുള്ള സൗകര്യം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ ആപ്പിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. കുടാതെ കേരള പൊലീസിന്റെ വെബ് സൈറ്റായ തുണ പോര്‍ട്ടല്‍ വഴിയും സേവനം ലഭിക്കുന്നതാണ്. ഓണ്‍ലൈനായി ജിഡി എന്‍ട്രി ലഭിക്കുന്നതിനുള്ള സേവനം തികച്ചും സൗജന്യമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി.

പോള്‍ ആപ്പില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വെരിഫൈ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി ലഭിക്കുന്നതിന് റിക്വസ്റ്റ് ആക്‌സിഡന്റ് ജിഡി എന്ന സേവനം തെരഞ്ഞെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വ്യക്തമാക്കുന്നു.

ഒന്നാമത്തെ ഘട്ടത്തില്‍ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, മേല്‍വിലാസം എന്നിവ നല്‍കണം. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.അതിന് ശേഷം അപകടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. കൂടാതെ അപകടത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്.അപേക്ഷയിന്മേല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ജിഡി എന്‍ട്രി അനുവദിക്കുന്നത്.ഇത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്്ത് പ്രിന്റ് എടുക്കാവുന്നതാണ്.

ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷം മാത്രമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചെറിയ അപകടങ്ങള്‍, വാഹനങ്ങളുടെ കേടുപാട് എന്നിവയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ജിഡി എന്‍ട്രി മതിയാവും. എന്നാല്‍ വലിയ അപകടങ്ങള്‍ക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയയ്ത് അന്വേഷണം നടത്തേണ്ടതായി വരുമെന്നും വീഡിയോയില്‍ പറയുന്നു.

‘കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കും?’; പൊലീസിനെതിരെ ഹൈക്കോടതി

‘കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കും?’; പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ആരാഞ്ഞു. വിശാഖന്റെ ഫോണ്‍ ഉടന്‍ വിട്ടുനല്‍കാന്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ഷാജന്‍ സ്‌കറിയയെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. അതിന്റെ പേരില്‍ മറ്റു മാധ്യമ പ്രവര്‍ത്തകരെ ഉപദ്രവിക്കരുത്. മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പിടിച്ചെടുക്കുന്നുണ്ടെങ്കില്‍തന്നെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ജി വിശാഖന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

‘കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കും?’; പൊലീസിനെതിരെ ഹൈക്കോടതി

പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബസ് ഉടമ ആക്രമിക്കപ്പെട്ടത്. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊലിസിനുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.

തിരുവാര്‍പ്പില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍, ബസ് ഉടമയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഉടമയെ മര്‍ദിച്ചത്. ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുത്ത കോടതി കോട്ടയം എസ്പിയോടും കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായപ്പോഴാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസ് ഉടമ ആക്രമിക്കപ്പെട്ടത്. ഒന്നു തല്ലിക്കോ എന്നിട്ട് ബാക്കി നോക്കിക്കൊള്ളാമെന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അടിയേറ്റത് ബസ് ഉടമയ്ക്കല്ല. ഹൈക്കോടതിയുടെ മുഖത്താണെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ, സംഭവത്തില്‍ അന്വേഷണം ഉണ്ടായോയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും എങ്ങനെ സംഘര്‍ഷം ഉണ്ടായെന്നും ഹര്‍ജിക്കാരന് എങ്ങനെ മര്‍ദനമേറ്റു എന്നീ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ഹര്‍ജി ഈ മാസം പതിനെട്ടിന് കോടതി വീണ്ടും പരിഗണിക്കും

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ ​ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ആരോ​ഗ്യപ്രവർത്തകരുടെ നേത‍ൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടയ്ക്ക് താലൂക്ക് തലത്തില്‍ വിലയിരുത്താന്‍ നേരത്തെ മന്ത്രിതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അത് തുടരേണ്ടതാണ്. എല്ലാ വാര്‍ഡുകളിലെയും ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. ജെ.എച്ച്.ഐ.മാരും, ജെ.പി.എച്ച്.എന്‍.മാരും., എം.എല്‍.എസ്.പി.മാരും ആശാവര്‍ക്കര്‍മാരും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും സൂപ്പര്‍വൈസര്‍മാര്‍ മോണിറ്ററിങ് കൃത്യമായി ചെയ്യുകയും വേണം. ആശ വര്‍ക്കര്‍മാര്‍ക്ക് കരുതല്‍ ഡ്രഗ് കിറ്റ് അനുവദിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ കുടിവെള്ളം, ശുചിത്വം, ഡോക്‌സിസൈക്ലിന്‍ പ്രതിരോധം, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനി പ്രതിരോധവും പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ, രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതാണ്. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുമായോ വെള്ളക്കെട്ടുമായോ, അല്ലെങ്കില്‍ മൃഗങ്ങളുടെ വിസര്‍ജ്യവുമായോ സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. പൊതു ജനങ്ങളും മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും അത് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.

വെള്ളപ്പൊക്കത്തില്‍ വീടും പരിസരവും മുങ്ങി; മറ്റു വഴികൾ ഇല്ല, തിരുവല്ലയിൽ 72കാരന് ചിതയൊരുങ്ങിയത് റോഡില്‍

വെള്ളപ്പൊക്കത്തില്‍ വീടും പരിസരവും മുങ്ങി; മറ്റു വഴികൾ ഇല്ല, തിരുവല്ലയിൽ 72കാരന് ചിതയൊരുങ്ങിയത് റോഡില്‍

പത്തനംതിട്ട: വെള്ളപ്പൊക്കത്തിനിടെ, ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പി സി കുഞ്ഞുമോന് (72) ചിതയൊരുങ്ങിയത് റോഡില്‍. തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിച്ചിരുന്ന കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങിയത്. തുടര്‍ന്ന് അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡിലാണ് താല്‍ക്കാലിക ചിതയൊരുക്കിയത്. ഇന്നലെ 12 മണിയോടെയായിരുന്നു സംസ്‌കാരം.

വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂര്‍ണമായും വെള്ളം കയറിക്കിടക്കുകയാണ്.

മൃതദേഹം സംസ്‌കരിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പാലത്തിന്റെ സമീപന റോഡില്‍ സംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.