പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി

പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: പേപ്പട്ടി ശല്യം ഭയന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ ഇവിടെ നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചു.

അക്രമകാരികളായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂത്താളിയില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിയെയുമാണ് തെരുവ് നായ അക്രമിച്ചത്.

കൂത്താളി വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്പ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) വിളയാട്ടു കണ്ടി മുക്കില്‍ വിദ്യാഥിയായ 18 കാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും എന്നാണ് സർക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീർന്നിട്ടും മലപ്പുറത്തു അടക്കം മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു.തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തിയും ഝാര്‍ഖണ്ഡിന് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സിനിമ പ്രവർത്തകർക്ക് ഇനി പൊലീസിന്‍റെ വെരിഫിക്കേഷൻ നടപടി

സിനിമ പ്രവർത്തകർക്ക് ഇനി പൊലീസിന്‍റെ വെരിഫിക്കേഷൻ നടപടി

കൊച്ചി: സിനിമ പ്രവർത്തകർക്ക് വെരിഫിക്കേഷൻ നടപടിയുമായി പോലീസ്.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ് നടപടി സിനിമയിലേക്കു കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്കു കത്തയച്ചിരുന്നു. സിനിമ സംഘടനകളും പോലീസ് നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

മലബാറിലെ പ്രതിസന്ധി; പ്ലസ് വണിന് അധിക സീറ്റ് അനുവദിക്കും; മന്ത്രി

മലബാറിലെ പ്രതിസന്ധി; പ്ലസ് വണിന് അധിക സീറ്റ് അനുവദിക്കും; മന്ത്രി

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂലൈ 16 ന്ശേഷം എയിഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കും. താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവ് കണക്കാക്കിയാകും സീറ്റ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സീറ്റ് ദൗര്‍ലഭ്യത്തില്‍ ശാശ്വത പരിഹാരത്തിനായി 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അറബിക്കടലിൽ മൺസൂൺ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് മഴ കുറയാൻ കാരണം. അതേസമയം, കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധന നിരോധനം തുടരുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്.

ഇപ്പോൾ ദുർബലമായിക്കൊണ്ടിരിക്കുന്ന മൺസൂൺ ഈ മാസം അവസാനത്തോടെ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 229 ക്യാമ്പുകളിലായി 10,431 പേരെ മാറ്റിപ്പാർപ്പിച്ചു.