by Midhun HP News | Jul 9, 2023 | Latest News, കേരളം
കണ്ണൂരിൽ ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഊരടിയിലെ ചപ്പന്റകത്ത് ജുബൈരിയ- നാസർ ദമ്പതികളുടെ മകൻ ജുബൈറാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിൻ്റെ തൊട്ടടുത്തുണ്ടായിരുന്ന കവുങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. മുറിക്കുമ്പോഴുണ്ടായ അശ്രദ്ധ മൂലമായിരിക്കാം കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Jul 9, 2023 | Latest News, കേരളം
ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ്..യു.വി കാർ. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV7oo AX7 Automatic കാറാണ് സമർപ്പിച്ചത്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്ന നേരമായിരുന്നു വാഹന സമർപ്പണ ചടങ്ങ്.
കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ആട്ടോമോറ്റീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് ആർ. വേലുസ്വാമി കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആൻറ് പി) എം. രാധ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം ‘അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
by Midhun HP News | Jul 8, 2023 | Latest News, കേരളം
കോഴിക്കോട്: പനി ബാധിച്ച് ഒമ്പതു വയസ്സുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശിയും തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകൾ സോയ അസ്ക ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പനിയെ തുടർന്ന് ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
by Midhun HP News | Jul 8, 2023 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
by Midhun HP News | Jul 8, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. വിപണി വില 5455 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില 4513 രൂപയാണ്.
by Midhun HP News | Jul 8, 2023 | Latest News, കേരളം
കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തികപിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എംടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.
ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Recent Comments