പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം. രാവിലെ 10 മുതൽ https://hscap.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. മുഖ്യ അലോട്മെന്റിനു ശേഷം സ്കൂളുകളിൽ മെച്ചമുള്ള സീറ്റുകളുടെ വിവരം ഇതേ വെബ്സൈറ്റിൽ രാവിലെ 9ന് പ്രസിദ്ധപ്പെടുത്തും.

ഓരോ സ്കൂളുകളിലും വിവിധ കോമ്പിനേഷനുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതിൽനിന്ന് മനസിലാക്കാം. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. ബുധനാഴ്ച വരെ അപേക്ഷ സ്വീകരിക്കും. ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയാൽ മതി. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വിണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യം അനുവദിച്ചിട്ടുണ്ട്. പതിനാറാം തീയതിയോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂര്‍ത്തിയാക്കും. തുടര്‍ന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.

കേരളത്തിൽ കോവിഡ് കേസുകൾ പൂജ്യം തൊട്ടു; മൂന്ന് വർഷത്തിന് ശേഷം ആദ്യം

കേരളത്തിൽ കോവിഡ് കേസുകൾ പൂജ്യം തൊട്ടു; മൂന്ന് വർഷത്തിന് ശേഷം ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ പൂജ്യം തൊട്ടു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേർക്കും രണ്ടാം തിയതി മൂന്ന് പേർക്കും മൂന്നാം തിയതി ഏഴ് പേർക്കും നാലാം തിയതി ഒരാൾക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. കേരളത്തിലിപ്പോൾ 1033 ആക്റ്റീവ് കോവിഡ് രോ​ഗികളാണുള്ളത്.

കനത്ത കാറ്റിൽ സ്കൂളിന്റെ ഓടിളകി വീണ് അധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്

പാലക്കാട്: സ്കൂളിന്റെ മേൽക്കൂരയിലെ ഓടിളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എൽപി സ്കൂളിൽ ഇന്ന് വൈകിട്ടാണ് അപകടം. സ്കൂൾ വിടുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കനത്ത കാറ്റിൽ മേൽക്കൂരയിലെ ഓടിളകി താഴേക്ക് വീഴുകയായിരുന്നു. അധ്യാപിക ശ്രീജ, നാലാം ക്ലാസ് വിദ്യാർഥി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. അധ്യാപികയുടെ തലയ്ക്കും വിദ്യാർത്ഥിയുടെ കൈക്കുമാണ് പരിക്കേറ്റത്.

സംസ്ഥാനത്തെ നഗരസഭകളിലെ സാനിട്ടേഷൻ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടമായേക്കാം

സംസ്ഥാനത്തെ നഗരസഭകളിലെ സാനിട്ടേഷൻ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നഷ്ട്ടമായേക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 6 നഗരസഭകളിലും, 6 കോർപ്പറേഷനുകളിലും കണ്ടിജന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് അർഹമല്ലാതെ ലഭിക്കുന്ന അനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തരക്കാർ ജോലി ചെയ്യുന്ന നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് അല്ലാതെ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡ്രൈവർ, ശിപായി, ക്ലർക്ക്, ഡാറ്റ എൻട്രി തുടങ്ങിയ ജോലികൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ള തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള യൂണിഫോം, യൂണിഫോം തയ്യൽകൂലി, ഗംബൂട്ട്, ഗ്ലൗസ്, പ്രതിമാസത്തെ 40ഗ്രാം സോപ്പ്. ചൂൽ അലവൻസ് എന്നിവ ഒഴിവാക്കും. ഈ വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ശുചീകരണ ജോലി ചെയ്യാതെ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ധനകാര്യവകുപ്പിനും നഗരകാര്യ ഡയറക്ടർക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനർഹമായ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ അധികൃതർ തീരുമാനിച്ചത്.

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം

തിരുവനന്തപുരം ജില്ലയിൽ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂലൈ 18 മുതൽ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ആഗസ്റ്റ് 10 വരെയാണ് സമയപരിധി. അക്ഷയകേന്ദ്രങ്ങൾ, സിറ്റിസൺ ലോഗിൻ എന്നിവ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.