എംഡിഎംഎ എത്തിച്ചത് സോഷ്യൽ മീഡിയ താരങ്ങളുടെ പാർട്ടിക്കായി; പിടിയിലായത് ഇൻസ്റ്റ​ഗ്രാം താരം

എംഡിഎംഎ എത്തിച്ചത് സോഷ്യൽ മീഡിയ താരങ്ങളുടെ പാർട്ടിക്കായി; പിടിയിലായത് ഇൻസ്റ്റ​ഗ്രാം താരം

പാലക്കാട്; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയെന്ന് പൊലീസ്. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസ് (31) എന്നിവർ അറസ്റ്റിലാകുന്നത്. പാലക്കാട് വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന താർ ജീപ്പിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബം​ഗളൂരുവിൽ നിന്ന് വരികയായിരുന്നു ഇരുവരും.

ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറയിരുന്നു ഇവർ. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്

ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്. ഫൈനലിലെ അഞ്ച് മത്സരാര്‍ത്ഥികളില്‍ നിന്നാണ് അഖില്‍ മാരാരെ ടൈറ്റില്‍ വിന്നറായി പ്രഖ്യാപിച്ചത്. റെനീഷക്കാണ് രണ്ടാം സ്ഥാനം, ജുനൈസ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷിജുവിനാണ് അഞ്ചാം സ്ഥാനം. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ മാരാര്‍ പ്രശസ്തനായത്. ഷോയുടെ ആദ്യഘട്ടം മുതല്‍ ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാരാര്‍ക്ക് നിരവധി ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.

സഹമത്സരാര്‍ത്ഥികളുമായി പലതവണ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയുടെ വക്കോളമെത്തിയ നിമിഷങ്ങളും അഖില്‍ മാരാരിലൂടെ ബിഗ് ബോസിലുണ്ടായിരുന്നു.

ഗ്രാന്‍ഡ് ഫിനാലെയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യ എവിക്ഷനില്‍ ഷിജു ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരുന്നു. അഖില്‍, റെനീഷ, ജുനൈസ്, ശോഭ എന്നിങ്ങനെ ടോപ് ഫോറായി ചുരുങ്ങിയ മത്സരത്തില്‍ രണ്ടാം എവിക്ഷനിലൂടെയാണ് ശോഭ പുറത്തായത്. പിന്നാലെ മൂന്നാമതായി ജുനൈസും എവിക്ടായി.

ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മറുനാടന്‍ മലയാളി’ ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി കൊച്ചി സിറ്റി പൊലീസ്. ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് നോട്ടീസ്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷാജനായി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കൊല്ലം കടയ്ക്കലിൽ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; പ്രതികളെ സാഹസികമായി പിടി കൂടി

കൊല്ലം കടയ്ക്കലിൽ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; പ്രതികളെ സാഹസികമായി പിടി കൂടി

കൊല്ലം: കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ ഐ ജ്യോതിഷിന്റെ
നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ്
ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ്
പൊലീസ് സംഘത്തെ ആക്രമിച്ചത്. സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.
എസ് ഐ ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ സജിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ (67) മൃതദേഹമാണ് മാറിപ്പോയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പാങ്ങലുകാട് ശോഭ വിലാസത്തില്‍ രാജേന്ദ്രന്റെ (70) മൃതദേഹം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. രാവിലെ 10.30ന് മൃതദേഹം കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തി. ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വയ്യാനം വാച്ചീക്കോണത്തുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും മുന്‍പ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് അറിഞ്ഞത്. ഉടന്‍ ആംബുലന്‍സില്‍ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തിരികെ എത്തിച്ചു. പിന്നീട് വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങി കൊണ്ടു വന്നു സംസ്‌കാരം നടത്തി.

ഇതേ സമയം മാറി നല്‍കിയ പാങ്ങലുകാട് ശോഭ വിലാസത്തില്‍ രാജേന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഏറ്റുവാങ്ങും. രാജേന്ദ്രന്റെ മകന്‍ വിദേശത്ത് നിന്നു എത്തിയ ശേഷം സംസ്‌കരിക്കുന്നതിനു വേണ്ടിയാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.

ബില്‍ അടച്ചില്ല; എം വി ഡി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

ബില്‍ അടച്ചില്ല; എം വി ഡി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കണ്ണൂര്‍: മട്ടന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ ബില്‍ തുകയായ 52,820 രൂപയാണ് കുടിശിക. ജൂണ്‍ 27നായിരുന്നു തുക അടയ്ക്കാനുള്ള അവസാന തീയതി. ഇതുവരെ പണമടയ്ക്കാത്ത സാഹചര്യത്തിലാണ് മട്ടന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചത്. ഇതോടെ, ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തുക അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ ഇതു മൂന്നാം തവണയാണ് ഇവിടെ ഫ്യൂസ് ഊരുന്നത്.

കണ്ണൂര്‍ ജില്ലയിലെ എഐ ക്യാമറകളുടെയും നിരീക്ഷണവും മറ്റും നടത്തുന്നത് ഇവിടെയാണ്. തലശ്ശേരി, കണ്ണൂര്‍, ഇരിട്ടി താലൂക്കുകളിലായി ഓടുന്ന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വാഹനം ചാര്‍ജ് ചെയ്യുന്നതും ഇവിടെ നിന്നാണ്. മട്ടന്നൂരിലെ ഓഫീസില്‍ ലഭിക്കുന്ന വൈദ്യുതി ബില്‍ ജില്ലാ ആര്‍ടിഒയ്ക്കു കൈമാറുകയും അതു തിരുവനന്തപുരത്ത് നിന്ന് അനുമതി നല്‍കി തിരിച്ചു കണ്ണൂരില്‍ എത്തുകയും വേണം. അതിനു ശേഷമാണ് മട്ടന്നൂരിലെ ഓഫീസിലേക്ക് ചെക്ക് എത്തുന്നത്. തുടര്‍ന്ന് കെഎസ്ഇബിക്ക് കൈമാറുകയാണു പതിവ്.
പുതിയ ഓഫിസ് ആയതിനാല്‍ ഇടപാടുകള്‍ നടത്താന്‍ ട്രഷറി അക്കൗണ്ടില്ല. ആവശ്യമായ തുക നാളെ ലഭിക്കുമെന്നാണു കരുതുന്നതെന്നും കുടിശിക തീര്‍ക്കുമെന്നും ആര്‍ടിഒ അറിയിച്ചു.