‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ’, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പ്പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വര്‍ധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ എന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീളുന്ന ലൈംഗികാതിക്രമമാണ് നടന്നത്. ഒടുവില്‍ നിവൃത്തിയില്ലാതെ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍

ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ കുടുംബവുമൊത്ത് വേറൊരു വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിച്ചയച്ച മകള്‍ ഭര്‍തൃവീട്ടുലും താമസിക്കുന്നു. തങ്കമ്മയെ കാണാതായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

തുടര്‍ന്ന് മകള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, ഇന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കായലിന് നടുവില്‍ നിന്നും മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കയ്യും കാലും കെട്ടിയിട്ട്, മറ്റൊരു കല്ലു കൊണ്ട് കെട്ടി കായലില്‍ താഴ്ത്തിയതാണെന്ന് വ്യക്തമായത്. മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകത്തിന്റെ കാരണവും, ആരാണ് കൃത്യം നടത്തിയത് എന്നതും വ്യക്തമല്ല.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്എസ്ഇയിൽ 70.06 ശതമാനവുമാണ് വിജയം.

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ രൂപീകരിച്ചു

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ രൂപീകരിച്ചു

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി പ്രാദേശികമായി കമ്മറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ടൗൺ ഉൾപ്പെടുന്ന പ്രദേശത്തെ കലാസാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു.

ആറ്റിങ്ങൽ മേഖലയിൽ രൂപീകരിക്കപ്പെടുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അഞ്ചാമത് കൂട്ടായ്മയാണ് ആറ്റിങ്ങൽ വെസ്റ്റ് കമ്മിറ്റി. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.സി ജെ രാജേഷ് കുമാർ നിർവഹിച്ചു. പ്രദേശത്തെ കവികൾ, സാമൂഹ്യ പ്രവർത്തകർ, കലാകാരന്മാർ എന്നിവരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കവയത്രി ഷിബി നിലാമുറ്റം, ഗായകരായ പ്രസാദ്, ബിന്ദു ഗണേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ടായി സജിത്ത് ലാൽ സെക്രട്ടറിയായി ശ്രീജിത്ത്‌, ഖജാൻജി ആയി ബിന്ദു ഗണേഷ് എന്നിവരെയും എട്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 31 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ ജോയിൻ സെക്രട്ടറി രാജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിക്രമക്കുറുപ്പ്, ബി ബിനു, പ്രസിഡന്റ് സുജ കമല, സെക്രട്ടറി സാബു വി ആർ, ട്രഷറർ ഷാൻ ഷക്കീർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, ജോ. സെക്രട്ടറി അഡ്വ ഹരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ മോഹനൻ നായർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ആറ്റിങ്ങൽ: 4 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസുകാരനായ പ്രതിക്ക് 5 വർഷം തടവും ₹50,000 രൂപ പിഴയും വിധിച്ചു. വെള്ളല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം പാറവിള വീട്ടിൽ 75 വയസുള്ള ചെല്ലപ്പനെയാണ് ശിക്ഷിച്ചത്.

ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2025 ജനുവരി 31-ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, സിറ്റൗട്ടിൽ ഇരുന്ന് കുട്ടിയെ മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ ആണ്.

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,16,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.