‘ജാ​ഗ്രത വേണം’- 15,000 കടന്ന് പനി ബാധിതർ; എട്ട് മരണം, ഇന്നും രോ​ഗികൾ കൂടുതൽ മലപ്പുറത്ത്

‘ജാ​ഗ്രത വേണം’- 15,000 കടന്ന് പനി ബാധിതർ; എട്ട് മരണം, ഇന്നും രോ​ഗികൾ കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേർക്ക് പനി ബാധിച്ചു. സാംക്രമിക രോ​ഗങ്ങൾ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേർ മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയർത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോ​ഗങ്ങൾ ബാധിച്ച് 60 പേരാണ് മരിച്ചത്.

ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. ജപ്പാൻ ജ്വരം, എച്‌ വൺ എൻ വൺ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേർ ‍‍ഡെങ്കിപ്പനിയും രണ്ട് പേർ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു. 55 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേർക്ക് രോ​ഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. എട്ട് പേർക്ക് എലിപ്പനി രോ​ഗ ലക്ഷണങ്ങൾ. എച് വൺ എൻ വൺ, ചിക്കുൻ​ഗുനിയ, മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോ​ഗങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇന്നും മലപ്പുറത്താണ് രോ​ഗ ബാധിതർ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂർ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോ​ഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്. ഇതുവരെയായി സംസ്ഥാനത്ത് 1,523 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ 5,028 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 129 പേർക്ക് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം വരെ 13,000ത്തിനും 14,000ത്തിനും ഇടയിലായിരുന്നു രോ​ഗ ബാധിതർ. ഈ കണക്കുകളാണ് ഇന്ന് 15,000 കടന്നത്. അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഏറ്റുമുട്ടല്‍; കശ്മീരില്‍ ഭീകരനെ വധിച്ചു

ഏറ്റുമുട്ടല്‍; കശ്മീരില്‍ ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയിലെ ഒരാള്‍ക്ക് പരിക്കേറ്റു.
കുല്‍ഗാമിലെ ഹൂവ്‌റ ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിൻ സി രാജ് കസ്റ്റഡിയിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി അബിൻ സി രാജ് കസ്റ്റഡിയിൽ

കൊച്ചി: വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ. മുൻ എസ്എഫ്ഐ നേതാവായ അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇന്നലെ അർധ രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബിനെ കസ്റ്റഡിയിലെടുത്തത്. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ചു. അബിനെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ മാലി ദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിനെ പൊലീസ് വിളിച്ചു വരുത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഇന്ന് നിഖിലിനെ സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിൻ പിടിയിലായത്. എറണാകുളത്തെ ഓറിയോൺ എന്ന ഏജൻസി വഴിയാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.

രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.

നടൻ സി വി ദേവ് അന്തരിച്ചു

നടൻ സി വി ദേവ് അന്തരിച്ചു

കോഴിക്കോട്: നടൻ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മാഗ്നസ്സ് ഇനി ആറ്റിങ്ങലിലും

മാഗ്നസ്സ് ഇനി ആറ്റിങ്ങലിലും

മാഗസ്സിന്റെ അറുപതാമത് ഷോറൂം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ എതിർവശത്തായി പ്രവർത്തനമാരംഭിയ്ക്കുന്നു. വർക്കല എംഎൽഎ അഡ്വക്കേറ്റ് വി. ജോയ് ഉദ്ഘാടനം നിർവഹിയ്കുന്നു. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ദീപം കൊളുത്തും. സുപ്രസിദ്ധ ചലചിത്രതാരങ്ങളായ ജഗദീഷും ജയരാജ് വാര്യരും മാഗ്നസ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉദ്ഘാടനം നിർവഹിയ്ക്കും. കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു ആദ്യ വിൽപ്പന നടത്തും.

ലോഗോ പ്രകാശനം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് കുമാരിയും സർവീസ് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും നിർവഹിയ്ക്കും.
ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്; പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്; പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി അതിക്രൂര പീഡനത്തിനിരയായ സംഭവത്തിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതിയായ കിരൺ യുവതിയ്ക്കൊപ്പം ​ഗോഡൗണിലെത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തിയും ബലമായിട്ടുമാണ് ഇയാൾ യുവതിയെ ഇവിടെയെത്തിച്ചത്.

യുവതിയെ കൈ കാലുകൾ കെട്ടിയിട്ടായിരുന്നു പീഡനം. ഇന്നലെ രാവിലെ ആറ് മണിയോടെ കെട്ടഴിച്ച് രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വിവസ്ത്രയായ യുവതി നാട്ടുകാരോട് വസ്ത്രം ചോദിച്ചു. ഇതോടെ നാട്ടുകാർ ​ഗോഡൗൺ വളഞ്ഞു. പൊലീസിനെ വിവരമറിയിച്ചു. കിരണിന്റെ അച്ഛനാണ് കാർഷികാവശ്യങ്ങൾക്കായി ​ഗോഡൗൺ പണയത്തിനെടുത്ത് നടത്തുന്നത്.

പതിവായി കിരണാണ് ഇവിടെ വരാറുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ പറമ്പിലേയ്ക്ക് പെട്ടെന്നാരുടെയും ശ്രദ്ധ പതിയാറില്ല. ഇത് കണക്ക് കൂട്ടി മനപൂർവ്വം യുവതിയെ ഇവിടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാ​ഗങ്ങളിലും കൈയ്ക്കും തലയ്ക്കും മുഖത്തും പരിക്കുണ്ട്. വിശദമായ പരിശോധനക്ക് ശേഷം യുവതിയെ വീട്ടിലേയ്ക്ക് മാറ്റി. ഫോണിലെ പീഡനദൃശ്യങ്ങൾക്കൊപ്പം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലവും പ്രധാന തെളിവുകളാക്കും.