കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തടസ്സഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തടസ്സഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രിയ വര്‍ഗീസ് തടസ്സഹര്‍ജി നല്‍കിയത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞദിവസം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടായിരുന്നു വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

ലഹരിവിരുദ്ധ ദിനാചരണത്തിൽ സമൂഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ജില്ല കളക്ടർ

ലഹരിവിരുദ്ധ ദിനാചരണത്തിൽ സമൂഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ജില്ല കളക്ടർ

ഐക്യരാഷ്ട്ര സഭയുടെ 45 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിവിരുദ്ധ സമൂഹ പ്രതിജ്ഞ തിരുവനന്തപുരം ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ
ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്. ഷംനാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ് അധ്യക്ഷനായി.

വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍

വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍

മലപ്പുറം: വിഷക്കൂണ്‍ കഴിച്ച് 3 ദിവസത്തിനിടെ 7 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പറമ്പില്‍ പൊങ്ങി വരുന്ന കൂണ്‍ പാകം ചെയ്തു കഴിച്ചതാണ് എല്ലാവര്‍ക്കും വിനയായത്. തുടര്‍ച്ചയായ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വീട്ടുവളപ്പില്‍ കണ്ട കൂണ്‍ പാകം ചെയ്തു കഴിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ കൂണ്‍ കഴിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 2 പേരെ വാര്‍ഡിലേക്കു മാറ്റി.

മഴ പെയ്ത് ഇടിവെട്ടുന്നതോടെയാണു പറമ്പുകളില്‍ കൂണുകള്‍ പൊങ്ങുന്നത്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്. ചിലത് ആരോഗ്യ പ്രശ്‌നത്തിനു വരെ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്.

ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാ​ഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ ‘കാന്താര’യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ ആണ് നിര്‍മ്മാണം.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ‘ഭാസ്‌കരന്‍ മാഷാ’യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

പുരവൂർ: പുരവൂർ ഗവ.എസ് വി യു.പി.എസ്സിൽ ഈ വർഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ കുട്ടികളെയെന്ന പോലെ സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ജെ ആർ സി യുടെയും എസ് എസ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂളിനു സമീപം ചെറുവള്ളിമുക്ക് ജംഗ്ഷനിൽ വച്ചു നടന്ന പ്രവർത്തനങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കിഴുവിലം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുലഭ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ റാലിയിൽ വാർഡ് മെമ്പർ ആശ, സ്കൂൾ എച്ച് എം ബിന്ദു.കെ.ബി, എസ്.എം സി ചെയർമാൻ ഷാബു വി.എസ്, പി ടി എ പ്രസിഡൻ്റ് ജയലക്ഷ്മി, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ വിവിധ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു.

നാളെ അതിശക്തമായ മഴ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ ( ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു