വീണ്ടെടുക്കലിന് വഴിയൊരുക്കി തൊഴിലുറപ്പ് സംഘത്തിന്റെ ശ്രമദാനം

വീണ്ടെടുക്കലിന് വഴിയൊരുക്കി തൊഴിലുറപ്പ് സംഘത്തിന്റെ ശ്രമദാനം

ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നെൽകൃഷി നിലച്ചിട്ട് വർഷങ്ങളാകുന്നു. പാടശേഖര സമിതി എല്ലാ നിലം ഉടമകളെയും വിളിച്ചു കൂട്ടുകയും നെൽകൃഷി പുനരാരംഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് വയലുകൾ ഉഴുത് നെൽകൃഷിക്ക് ആവേശപൂർവ്വം കർഷകർ തയ്യാറെടുക്കുകയാണ്. ഞാറ് നടീൽ ഉദ്ഘാടനം ജൂൺ 25 ഞായറാഴ്ച ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിക്കുകയാണ്.

എന്നാൽ കൃഷിയിറക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഏലായുടെ ഒരറ്റത്ത് നിന്ന് വയലുകളിലേക്ക് ഞാറ് എത്തിക്കേണ്ട ആറ്റുവരമ്പ് വർഷങ്ങളായി കാട് വളർന്ന് ഭീകരമായ അവസ്ഥയിലാണ്. ഈ സന്ദർഭത്തിലാണ് പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ ഷൈനിയുടെ നേതൃത്വത്തിൽ അപകടകരമായ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. കാട്ടു വള്ളികളും മുൾച്ചെടികളും വിഷജന്തുക്കളും നിറഞ്ഞ ആറ്റുവരമ്പ്. നൂറോളം വരുന്ന സംഘം സൗജന്യമായി ശുചീകരിച്ചത് ആവേശകരമായ കാഴ്ചയായിരുന്നു. പാടശേഖരസമിതി കൺവീനർ അഫാർ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ നായർ, ഗിരീശൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്. മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത്് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു.

കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയത്. അബിന്‍ തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി.

വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കായംകുളം താലൂക്ക് ആശുപത്രിയില്‍ വച്ചാണ് വൈദ്യപരിശോധന നടത്തിയത്.
ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. ഇയാള്‍ക്ക് ആവശ്യമായ സഹായം നല്‍കിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നു.

വ്യാജ ഡിഗ്രി വിവാദം; പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി, നിഖിലിൻ്റെ മൊഴി

വ്യാജ ഡിഗ്രി വിവാദം; പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി, നിഖിലിൻ്റെ മൊഴി

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജുവാണ്. ഇയാൾ ഇപ്പോഴുള്ളത് മാലിദ്വീപിലാണ്. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിയ്ക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖിൽ തോമസ് മൊഴി നൽകി.

ഇന്നലെ രാത്രി ഒന്നരയോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻ്റിൽ നിന്നാണ് നിഖിലെ പൊലീസ് പിടികൂടിയത്. രാത്രി എട്ടോടെ കോഴിക്കോട്ട് നിന്ന് തിരിച്ച ഒരു ബസിൽ നിഖിലിനെ പോലെ ഒരാൾ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കലക്ടര്‍ക്കോ ആര്‍ഡിഒയ്‌ക്കോ ഉത്തരവിടാം

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് കലക്ടര്‍ക്കോ ആര്‍ഡിഒയ്‌ക്കോ ഉത്തരവിടാം

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു കലക്ടര്‍മാര്‍ക്കോ ആര്‍ഡിഒമാര്‍ക്കോ ഉത്തരവിടാന്‍ വഴിയൊരുങ്ങുന്നു. ഇത്തരം നായ്ക്കളെക്കുറിച്ചു ജനങ്ങള്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ അതു പരിശോധിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്ഡിഎം) എന്ന നിലയില്‍ ആര്‍ഡിഒയ്‌ക്കോ ജില്ലാ മജിസ്‌ട്രേട്ട് (ഡിഎം) എന്ന നിലയില്‍ കലക്ടര്‍ക്കോ ഉത്തരവിറക്കാം. മന്ത്രിമാരായ എം.ബി.രാജേഷിന്റെയും ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് നിയമം യോഗത്തില്‍ വിശദീകരിച്ചു.

ആക്രമണകാരികളായ തെരുവുനായ്ക്കളുടെ കാര്യത്തില്‍ ജനം നിയമം കയ്യിലെടുക്കരുതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങള്‍ അനുവദിച്ചതു പ്രകാരം നടപ്പാക്കും. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പു തന്നെ തടയുന്ന ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമെതിരെ സുപ്രീം കോടതിയെ സമീപിക്കും.

രാത്രി ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്തു; ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

രാത്രി ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്തു; ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂര്‍ ബോയ്‌സ് ഹോമില്‍ നിന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. നാലുപേരും പതിനേഴ് വയസുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2022ല്‍ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.

കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് ഒറീസ്സ സ്വദേശി അഭയ ബറോയുടെ(30) മൃതദേഹം കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി.