നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിം​ഗ സർവ്വകലാശാല

നിഖിൽ തോമസ് എന്ന വിദ്യാർത്ഥി ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിം​ഗ സർവ്വകലാശാല

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിം​ഗ സർവ്വകലാശാല. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.

എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രതികരണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേർന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് നിഖിൽ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.

2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന‍്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന‍്റെ ജുനിയർ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാർട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സൽ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ൽ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു.

ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്നമുണ്ടെന്ന് നിഖില്‍ തോമസും സമ്മതിച്ചു. എന്നാൽ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നും നിഖിൽ പ്രതികരിച്ചു.

യഥാര്‍ഥ ഡിഗ്രി ആവശ്യപ്പെട്ടപ്പോൾ നിഖില്‍ പാർട്ടിക്ക് കൈമാറിയത് നിഖിലിന്‍റെ കലിംഗ ഡിഗ്രി തതുല്യ യോഗ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍വകലാശാലയുടെ ഒരു കത്താണ്. യഥാർത്ഥ സര്ട്ടിഫിക്കറ്റ് സർവ്വകലാശാലയുടെ പക്കലാണെന്നായിരുന്നു ന്യായീകരണം. ഈ കത്ത് നിഖിലിന് എങ്ങിനെ ലഭിച്ചു എന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പാർട്ടി തീരുമാനം.

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനിമുതൽ പെണ്‍കുട്ടികളും പഠിക്കും. എസ്എംവി സ്‌കൂളില്‍ ഇന്ന് നാല് വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഐഡി കാര്‍ഡ് നല്‍കി സ്വീകരിച്ചു. 1834ല്‍ സ്‌കൂള്‍ സ്ഥാപിതമായതിന് ശേഷം 190 വര്‍ഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്.

മിക്‌സഡ് ആക്കിയതിന്റെ പ്രഖ്യാപനവും പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനോത്സവവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എംവിയില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. 5 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കുകയായിരുന്നു.

വാട്ടർ കെയിൻ സമർപ്പണവും പുസ്തക വിതരണവും നടന്നു

വാട്ടർ കെയിൻ സമർപ്പണവും പുസ്തക വിതരണവും നടന്നു

ആലംകോട്: ജി എൽ പി എസ് ആലംകോടിന് ആലംകോട് ഫെഡറൽ ബാങ്കിന്റെ വകയായി രണ്ട് വാട്ടർ കെയിൻ സംഭാവന ചെയ്തു. അതോടൊപ്പം വായനാദിനാചരണ ഭാഗമായി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വികസന സമിതി അംഗം വഹാബ്, ഹെഡ്മിസ്ട്രസ് റീജ സത്യൻ, ബാങ്ക് ജീവനക്കാർ അധ്യാപകർ എന്നിവർ സംബന്ധിച്ചു.

റോയുടെ മേധാവിയായി രവി സിന്‍ഹ

റോയുടെ മേധാവിയായി രവി സിന്‍ഹ

ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഛത്തീസ് ഗഡ് കേഡര്‍ ഐപിഎസുകാരനായ രവി സിന്‍ഹ നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്.

നിലവിലെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ ഈ മാസം 30 വിരമിക്കുകയാണ്. ഈ ഒഴിവിലാണ് രവി സിന്‍ഹയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണ് രവി സിന്‍ഹയെ നിയമിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് വില മാറാത്തത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയർന്നു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4568 രൂപയാണ്.

വർക്കലയിൽ ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു

വർക്കലയിൽ ബൈക്കിന് തീപിടിച്ച് കത്തി നശിച്ചു

വർക്കല: വർക്കല നഗരമധ്യത്തെ റോഡിൽ ബൈക്ക് കത്തിനശിച്ചു. ഇടവ പ്രസീദ മന്ദിരത്തിൽ രതീവ് ഓടിച്ചുവന്ന ബൈക്കാണ് കത്തിയത്. ബൈക്കിന് നല്ല ചൂട് അനുഭവ പ്പെട്ടതോടെ രതീവ് ബൈക്ക് നിർത്തി ഇറങ്ങിയപ്പോഴാണ് കത്തിയത്. അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. ബൈക്ക് മുക്കാൽ ഭാഗത്തോളം കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 02.45-ഓടെ വർക്കല പോലീസ് സ്റ്റേഷനു മുൻവശം പ്രധാന റോഡിലേക്ക് കടക്കുന്ന ഭാഗത്തായിരുന്നു സംഭവം. രതീവ് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയിരുന്നു. ബൈക്കിന് കുഴപ്പങ്ങളുള്ളതിനാൽ വാങ്ങിയ കടയിൽ തിരിച്ചേൽപ്പിക്കാൻ പോകുന്ന വഴിയ്ക്കാണ് തീപിടിച്ചത്.