ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായി; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ കടന്ന് ബിപോർജോയ് ചുഴലിക്കാറ്റ് ഈ മാസം 15 ന് ഉച്ചയോടെ ഗുജറാത്തിലെ ജഖൗ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ വടക്കുദിശയില്‍ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയിലേക്ക് തിരിയും. തുടര്‍ന്ന് 125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുംബൈയില്‍ വിമാന സര്‍വീസ് താളം തെറ്റി. നിരവധി വിമാനങ്ങൾ റദ്ദാക്കി.

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

കൊവിൻ പോർട്ടലിലെ വിവര ചോർച്ച; അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

ഡൽഹി: കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിക്കുന്നത്. ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം രൂക്ഷമാവുന്നത്. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പ്‍ ഉപയോഗിച്ച ആ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.

ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങളും ഇത്തരത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭ്യമായതായാണ് മാധ്യമ വാര്‍ത്തകള്‍. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ മുഴുവന്‍ ആളുകളെ വരെ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ മുഴുവന്‍ വിവരങ്ങളും ഇത്തരത്തില്‍ പുറത്തായിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ ഒടിപി ലഭിക്കാതെ വിവരങ്ങള്‍ ലഭിക്കാതെ ഇരിക്കുന്ന സമയത്താണ് ടെലഗ്രാമില്‍ വിവരങ്ങള്‍ അനായാസമായി ലഭിക്കുന്നത്.

ശരദ് പവാറിനെതിരായ വധഭീഷണി: ഒരാൾ അറസ്റ്റിൽ

ശരദ് പവാറിനെതിരായ വധഭീഷണി: ഒരാൾ അറസ്റ്റിൽ

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചത്.

കുറ്റാരോപിതനായ സാഗർ ബാർവെ പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡാറ്റാ ഫീഡിംഗ് ആൻഡ് അനലിറ്റിക്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പൂനെയിൽ നിന്ന് അറസ്റ്റിലായ ബാർവെയെ ക്രൈംബ്രാഞ്ച് മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നരേന്ദ്ര ദാഭോൽക്കറുടെ ഗതി ശരദ് പവാർ നേരിടുമെന്നായിരുന്നു സന്ദേശം.

നേരത്തെ പവാറിന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ എൻസിപി പ്രവർത്തകർ മുംബൈ പൊലീസ് മേധാവിയെ കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സുപ്രിയ സുലെ പൊലീസിന് കൈമാറുകയും ചെയ്തു. കേസിൽ മുംബൈ പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്.

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി 4 ദിവസം മാത്രം, ഓണ്‍ലൈനായി പുതുക്കാം

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇനി 4 ദിവസം മാത്രം, ഓണ്‍ലൈനായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനി നാലു ദിവസം കൂടി മാത്രം. 10 വര്‍ഷത്തിലേറെയായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാത്ത പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെയാണ് യു.ഐ.ഡി.എ.ഐ സമയം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 14 ന് ശേഷം പുതുക്കുന്നതിന് ഫീസ് ഈടാക്കിയേക്കും. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സേവനം നല്‍കുന്നതിന് 50 രൂപ ഫീസ് ഈടാക്കും.

ആരൊക്കെ അപ്ഡേറ്റ് ചെയ്യണം?

10 വര്‍ഷം മുന്‍പ് ആധാര്‍ ലഭിച്ച, ഇതുവരെ വിവരങ്ങള്‍ പുതുക്കാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ആധാര്‍ വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ് തികയുമ്പോള്‍ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യണം. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാനാകുക.

അപ്‌ഡേറ്റ് ചെയ്യുന്ന വിധം

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരിട്ട് ചെയ്യാനാകുക. അല്ലാത്തവര്‍ അക്ഷയകേന്ദ്രങ്ങളില്‍ പോയി ആദ്യം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം. അതിനുശേഷം :
https://myaadhaar.uidai.gov.in എന്ന പോര്‍ട്ടല്‍ വഴി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
-‘പ്രൊസീഡ് റ്റു അപ്ഡേറ്റ് അഡ്രസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
-ഒറ്റത്തവണ പാസ്‌വേഡ് മൊബൈലില്‍ ലഭിക്കും
-അതിനുശേഷം ‘ഡോക്യുമെന്റ് അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നിലവിലെ ആധാര്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരും.
-ഈ വിവരങ്ങള്‍ ശരിയാണെന്നുണ്ടെങ്കില്‍ തുടര്‍ന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
-അടുത്ത സ്‌ക്രീനില്‍ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. സ്‌കാന്‍ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
-ആധാര്‍ അപ്ഡേറ്റ് അഭ്യര്‍ത്ഥന ആഗീകരിച്ചാല്‍ 14 അക്കങ്ങളുള്ള അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍(യു.ആര്‍.എന്‍) ലഭിക്കും. ഇതുപയോഗിച്ച് ആധാര്‍ അഡ്രസ് അപ്‌ഡേറ്റായോ എന്ന് ചെക്ക് ചെയ്യാനാകും. അപ്‌ഡേറ്റ് ചെയ്ത ശേഷം നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ചികിത്സയ്ക്കെത്തിയ മഹേഷ് മദ്യലഹരിയില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി.

അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചുഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. മർദ്ദനത്തിന് ശേഷം മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ആരെവേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞതായി ഡോക്ടര്‍ കൂട്ടിച്ചേർത്തു.

വിദ്യ ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പൊലീസ്, രണ്ടു ഫോണും സ്വിച്ച് ഓഫെന്ന് വിശദീകരണം

വിദ്യ ഒളിവിൽ തന്നെ; ഇരുട്ടിൽ തപ്പി പൊലീസ്, രണ്ടു ഫോണും സ്വിച്ച് ഓഫെന്ന് വിശദീകരണം

പാലക്കാട്: വ്യാജ രേഖ കേസ് പുറത്തുവന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാതെ പൊലീസ്. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വിദ്യയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. അഗളി സി.ഐ സലീമിൻ്റെ നേതൃത്വത്തിൽ അട്ടപ്പാടി കോളേജിലും പരിശോധന നടന്നുവരികയാണ്. വിദ്യക്ക് അട്ടപ്പാടിയിൽ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കും