വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കാനും മയക്ക് മരുന്ന് വിപണനം കാര്യക്ഷമമായി തടയാന്‍ ലക്ഷ്യമിട്ടും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും മാറ്റം കൊണ്ടുവരും. സ്റ്റേഷനുകളില്‍ ആര് കടന്നുവന്നാല്‍ ആദ്യം ഗുഡ്‌മോണിങ് പറയും. നമസ്‌കാരം പറയും. അവരെ സ്വീകരിച്ച് ഇരുത്തി അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

പൊലീസ് സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കും. സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യും. ഇതിന് പൊലീസ് ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും. പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം നല്‍കും. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉണ്ടാവും. സ്റ്റേഷനുകളില്‍ വരുന്നവരെ കുറ്റവാളിയായി കാണാതെ അവര്‍ പറയുന്നത് സമചിത്തതയോടെ കേള്‍ക്കാനും അത് പരിഹരിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പൊലീസ് സ്റ്റേഷന്‍ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍

സ്‌കൂളുകള്‍ ജൂണ്‍ ഒന്നുമുതല്‍ തുറക്കുകയാണ്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയാണ്. കുട്ടികളെ മയക്കുമരുന്ന് മാഫിയ പരമാവധി ചൂഷണം ചെയ്യുകയാണ്. ഇത് തടയാന്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ തൂഫാന്‍ നര്‍ക്കോ ഹണ്ട് എന്ന പേരില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. മയക്കുമരുന്നിന്റെ വേര് അറക്കുക എന്ന ലക്ഷ്യമിട്ട് കേരള പൊലീസ് വരുംദിവസങ്ങളില്‍ അതിശക്തമായ ഓപ്പറേഷന്‍ നടത്തും. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കേരള പൊലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡന്‍സ് പൊലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കും. സൈബര്‍ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. സൈബര്‍ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ കൊണ്ട് വരും. ഓപ്പറേഷന്‍ കുബേരയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടുണ്ടാവില്ലെന്നും ഇപ്പോഴുള്ളത് പവര്‍ ഫെയിലറാണെന്നും മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുമായി ബന്ധപ്പെട്ട് സ്വയം സംതൃപ്തമായ സാഹചര്യമുണ്ടാകേണ്ടത് പ്രധാനമാണെന്നും മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യന് ജീവിക്കാന്‍ അത്യാവശ്യമായ വായു, ജലം പോലെ തന്നെ പ്രധാനപ്പെട്ട ഘടകമാണ് വൈദ്യുതിയെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അതെല്ലാം പഠിച്ച് വരികയാണെന്നും അതിനായി മുന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതി സൗന്ദര്യം നിലനിര്‍ത്തി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി മാറ്റാന്‍ശ്രമിക്കുമെന്നും സമഗ്ര വികസനത്തിന് എല്ലാവരുടേയും സഹകരണം വേണമെന്നും മന്ത്രി ആ മുഖമായി പറഞ്ഞു. വൈദ്യുതി, പാര്‍ലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശഷം ആദ്യമായി കണ്ണൂരിലെത്തിയ അഡ്വ. സണ്ണി ജോസഫ് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ഏര്‍പ്പെടുത്തിയ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ്് അഡ്വ. മാര്‍ട്ടിര്‍ ജോര്‍ജ്ജും ഒപ്പമുണ്ടായിരുന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ സതീശന്‍ നന്ദി രേഖപ്പെടുത്തി.

മൂന്ന് ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ-കിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയില്‍ നിന്ന് കേരളം, തെക്കന്‍ തമിഴ്നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി

നമ്മുടെ നഗരങ്ങളിലും ബൈക്ക് ടാക്സികൾ പ്രചാരത്തിലായി കൊണ്ടിരിക്കുകയാണ്. ബൈക്ക് ടാക്സികൾ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സുരക്ഷിതവും നിയമവിധേയവുമായ യാത്രകളും ഉറപ്പു വരുത്തേണ്ടതാണ്. സ്വകാര്യ മോട്ടോർ സൈക്കിളുകളിൽ റൈഡർ ആപ്പ് വഴിയുള്ള റൈഡുകൾ നടത്തരുത്.

സ്വകാര്യ മോട്ടോർ സൈക്കിളുകൾ വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിലും അക്കങ്ങളിലും നമ്പർ എഴുതിയവ ആയിരിക്കും. നിങ്ങൾ യാത്രക്ക് തെരഞ്ഞെടുത്ത വാഹനം മോട്ടോർ സൈക്കിൾ കോൺട്രാക്ട് കാരേജ് ആയിരിക്കണം. ഇത്തരം വാഹനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ ഫിറ്റ്നസ് പരിശോധന ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റ് മഞ്ഞ പ്രതലത്തിൽ കറുപ്പ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.

സുരക്ഷാ മുൻ കരുതലുകൾ ഉറപ്പ് വരുത്തി മാത്രം യാത്രകൾ നടത്തുക. റൈഡിനെ കുറിച്ചുള്ള പരാതികൾ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അറിയിക്കാനും മടിക്കരുത്. സുരക്ഷിതമാവട്ടെ ഓരോ പുതിയ തൊഴിലവസരങ്ങളും.

യാത്രികന് തന്നെ വാടകക്ക് എടുത്ത് ഓടിച്ച് പോകാവുന്ന റെൻ് എ മോട്ടോർ സൈക്കിൾ ഗണത്തിൽ പെട്ട ഇരുചക്ര വാഹനങ്ങളും ഇപ്പോൾ പല നഗരങ്ങളിലും ലഭ്യമാണ്. ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും. ഓരോ യാത്രയുടേയും ദൈർഘ്യവും ആവശ്യകതയും അനുസരിച്ച് മികച്ചതും സുരക്ഷിതവും ആവട്ടെ തെരഞ്ഞെടുക്കുന്ന വാഹനങ്ങൾ.

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.

2 കിലോമീറ്ററോളം ദൂരം ഇടവഴിയില്‍ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു. ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി, നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു. പിന്നീട് രണ്ട് വീടുകള്‍ക്കിടയില്‍ ആന കുടുങ്ങി, ആനയുടെ നീളത്തുടല്‍ ഉടക്കിയത് കാരണം മുന്‍പോട്ട് നീങ്ങാനാവത്ത അവസ്ഥയിലായി. തുടര്‍ന്ന് ആനയെ തളച്ചു. വീടിന് പുറകിലുള്ള തോട്ടത്തിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനയുടെ മസ്തകത്തിലും ചെവിയിലും മറ്റും നല്ല മുറിവുണ്ടായിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി ജോലി സമയത്തിന് ശേഷം സമരം എന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.