by Midhun HP News | May 23, 2026 | Latest News, കേരളം
തൊടുപുഴ: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം കൂടി പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് തൊടുപുഴയ്ക്ക് സമീപത്തെ ജോര്‍ജുകുട്ടിയുടെ വീട്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമയെ ത്രസിപ്പിച്ച കഥയിലെ കേന്ദ്രബിന്ദുവായ ഈ വീട് ഇന്ന് സിനിമ പ്രേമികളുടെ ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്.
സിനിമാ പ്രേമികള്‍ക്ക് ഈ വീട് വെറുമൊരു കെട്ടിടമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ ദൃശ്യ പ്രപഞ്ചത്തിന്റെ ഹൃദയഭാഗമാണ്. തൊടുപുഴ വഴിത്തലയിലെ മടത്തില്‍പറമ്പില്‍ എം കെ. ജോസഫിന്റെ ഈ വീടാണ് ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും ജോര്‍ജുകുട്ടിയുടെ വീടായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ദൃശ്യം 3’ റിലീസ് ചെയ്തതോടെ ഈ വീടും പറമ്പും വീണ്ടും ചര്‍ച്ച ആവുകയാണ്.
വരുണ്‍ പ്രഭാകരന്റെ കൊലപാതകവും അത് മറച്ചുവെക്കാന്‍ ജോര്‍ജുകുട്ടി നടത്തുന്ന ആസൂത്രണങ്ങളും ഒക്കെ നടന്നത് ഈ വീടിനുള്ളില്‍ വച്ചാണ്. ഷൂട്ടിങ് ദിനങ്ങളിലും അല്ലാത്തപ്പോഴും സിനിമ പ്രേമികള്‍ വീട്ടിലേക്ക് എത്താറുണ്ടെന്നാണ് ജോസഫ് പറയുന്നത്. എല്ലാവരെയും സ്വീകരിക്കാന്‍ ഈ കര്‍ഷകന്‍ തയ്യാറാണ്. വീട് മാത്രമല്ല തൊടുപുഴയ്ക്ക് സമീപത്തെ ദൃശ്യം ചിത്രീകരിച്ച മറ്റിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

by Midhun HP News | May 23, 2026 | Latest News, കേരളം
തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകള്‍ വന്നത്. ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്.
പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലൂടെ കൈവന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്‍മേലാണ് പണിമുടക്ക് മാറ്റിയത്. സര്‍ക്കിള്‍ മാറിയുള്ള ട്രാന്‍സ്ഫര്‍ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, എന്നീ ആവശ്യങ്ങളായിരുന്നു ജീവനക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.
ഇവയെല്ലാം വൈകാതെ പരിഗണിക്കുമെന്ന ഉറപ്പാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇന്നും നാളെയും അവധിയാണെങ്കിലും തിങ്കളും ചൊവ്വയും സാധാരണ രീതിയില്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും.

by Midhun HP News | May 23, 2026 | Latest News, കേരളം
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യു രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹം ഈ നിര്‍ണായക പദവിയിലേക്ക് നിയമിതനാകുന്നത്.
മഹാരാഷ്ട്ര സ്വദേശിയായ 2003 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ സംസ്ഥാന സര്‍ക്കാരില്‍ വിവിധ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.റിട്ടയേര്‍ഡ് അഡീഷണല്‍ സെക്രട്ടറി ശ്രീകുമാര്‍ ടി യെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സീജി കടയ്ക്കല്‍ (സിജി ജി എസ്) പ്രസ് സെക്രട്ടറിയായും, റോയ് മാത്യൂ മീഡിയ സെക്രട്ടറിയായും ഈ സംഘത്തിലുണ്ടാകും. തിലകന്‍ കെ പി കെ, മോഹനചന്ദ്രന്‍ എം എസ് എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പദ്മകുമാര്‍ എം, അബിമോന്‍ പി എ, മനോജ്കുമാര്‍ പി എന്‍, ജാഫര്‍ഖാന്‍ എസ്, ജയചന്ദ്രന്‍ എ, പ്രകാശ് ഒ ടി എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും നിയമിച്ചു. 20 പേഴ്‌സണല്‍ സ്റ്റാഫാണ് മുഖ്യമന്ത്രിക്കുള്ളത്.

by Midhun HP News | May 23, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. 1,16,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് ഇടിഞ്ഞത്. 14,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിനെ തുടര്‍ന്ന് സ്വര്‍ണ്ണവില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എണ്ണവിലയില്‍ ഉണ്ടായ നേരിയ വര്‍ധനയാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | May 23, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ളതാണ് വ്യാജ ഫെയ്‌സ്ബുക്ക് പേജ്. ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപയാണ് ആവശ്യപ്പെടുന്നത്.
വി ഡി സതീശന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ കാണാം. ഇതില്‍ ഒരു പേജാണ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പണം ആവശ്യപ്പെടുന്നത്. ഈ പേജിന് ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട്. ഇതില്‍ എത്രപേര്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്‌തെന്ന വിവരം പേജില്‍ ‘ഹൈഡ് ‘ചെയ്തിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സിനെ കിട്ടിയ പേജില്‍ സബ്‌സ്‌ക്രിപ്ഷനും നടന്നിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

by Midhun HP News | May 23, 2026 | Latest News, കേരളം
ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്.
ഡല്‍ഹിയില്‍ പെട്രോള്‍ വില 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണം. മെയ് 15 മുതലാണ് വില വര്‍ധനയുടെ ഭാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത്.
മെയ് 15ന് ലിറ്ററിന് 3 രൂപയും തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ ആകെ മൊത്തം ലിറ്ററിന് ഏകദേശം 5 രൂപയോളമാണ് വര്‍ധിച്ചത്.

Recent Comments