സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1944 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5560 രൂപയും സ്വര്‍ണം പവന് 44,480 രൂപയുമായിരുന്നു.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഔദ്യോഗിക വില 44,160 രൂപയും ഗ്രാമിന് 5520 രൂപയുമായി. ഗ്രാമിന് നാല്‍പത് രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണം. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം എസ്പി

കോട്ടയം: അമൽജ്യോതിയിലെ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി കോട്ടയം എസ്പി.വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു എന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.

ബിരുദ വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.

ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. നക്ഷത്രയുടെ സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം പത്തിയൂരിൽ അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും.

വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.

വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കേണ്ട രേഖകളും

വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച വിവരങ്ങളും ഹാജരാക്കേണ്ട രേഖകളും

(1). സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍(എയ്ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍വൈദഗ്ദ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വരുമാനപരിധി ബാധകമാക്കാതെ കണ്‍സഷന്‍ ടിക്കറ്റ് നിലവിലെ രീതിയില്‍(സൗജന്യം) അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍:-

ഒറിജിനല്‍ സ്കൂള്‍ ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും
വിദ്യാര്‍ത്ഥിയുടെ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്

(2). സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജ്, സ്വകാര്യ / അണ്‍എയ്ഡഡ് സ്കൂളുകളിലെ ബി.പി.എല്‍പരിധിയില്‍വരുന്ന മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ നിരക്കില്‍കണ്‍സഷന്‍അനുവദിക്കുന്നതാണ്

ഹാജരാക്കേണ്ട രേഖകള്‍ :-

വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍‍പ്പെട്ട ബി.പി.എല്‍കാര്‍ഡിന്‍റെ പകര്‍പ്പ്
ഒറിജിനല്‍സ്കൂള്‍ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്ക്കൂള്‍മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോറം
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
ആദ്യ തവണ പ്രോസസിംഗ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും

(3). സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍കോളേജുകള്‍, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍പ്രൊഫഷണല്‍കോളേജുകള്‍എന്നിവിടങ്ങളിലെ ഇന്‍കംടാക്സ്, ഐ.റ്റി.സി (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്)/ ജി.എസ്.ടി) എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ഒഴികെയുള്ള മുഴുവന്‍വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കാലത്തെ പോലെ കണ്‍സഷന്‍അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍ :-

ഇന്‍കംടാക്സ്, ഐ.ടി.സി – (ജി.എസ്.ടി) എന്നിവ നല്‍കുന്നില്ല എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ സത്യവാങ്‌മൂലം
മാതാപിതാക്കളുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്
ഒറിജിനല്‍കോളേജ് ഐ.ഡി കാര്‍ഡ്
കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ്
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
കണ്‍സഷന്‍നിരക്കും സ്റ്റേഷനറി ചാര്‍ജും
വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍‍പ്പെട്ട APL/BPL കാര്‍ഡിന്‍റെ പകര്‍പ്പ്

(4). സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളിലെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെയും എ.പി.എല്‍വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്.

ഹാജരാക്കേണ്ട രേഖകള്‍:-

യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക സ്കൂള്‍/ കോളേജ് വഹിക്കണം
യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക വിദ്യാര്‍ത്ഥികളുടെ രക്ഷിതാവ് വഹിക്കണം
ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
സ്റ്റേഷനറി ചാര്‍ജ്

(5). 2, 3, 4 വിഭാഗങ്ങളിലെ കണ്‍സഷന് അര്‍ഹതയില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൌണ്ടില്‍കാര്‍ഡ് അനുവദിക്കുന്നതാണ്

ഹാജരാക്കേണ്ട രേഖകള്‍:-

ഒറിജിനല്‍സ്കൂള്‍/ കോളേജ് ഐ.ഡി കാര്‍ഡും പകര്‍പ്പും
സ്കൂള്‍/ കോളേജ് മേലധികാരി സാക്ഷ്യപെടുത്തിയ അപേക്ഷാ ഫോറം
കോഴ്സ് സര്‍ട്ടിഫിക്കറ്റ് (കോളേജ് / ഐ.റ്റി.ഐ)
കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
യാത്രാ നിരക്കിന്‍റെ 70 ശതമാനവും സ്റ്റേഷനറി ചാര്‍ജും

വിദ്യാര്‍ത്ഥി കണ്‍സഷന്‍നല്‍കുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും

പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും

പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു

പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരത്തിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി യും

പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരത്തിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി യും

വർക്കല: പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പാരിപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച നടന്ന സമരപരിപാടികൾ. എസ്.എൻ.ഡി.പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. മണിദാസ് അധ്യക്ഷത വഹിച്ചു. ആർ. ഗാന്ധി, ആലപ്പാട്ട് ശശി, ശ്രീലാൽ, ശാന്തികുമാർ, ശശിധരൻ മൂഴിക്കര, കബീർദാസ് എന്നിവർ സംസാരിച്ചു.

സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ, വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച “മൈത്രി”യുടെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യും.