by Midhun HP News | Feb 21, 2026 | Latest News, കേരളം
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ തന്നെ മികച്ച പോലീസ് കേരള പോലീസ് ആണെന്നും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു. ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഡി വൈ എസ് പി മാരായ സന്തോഷ് കുമാർ ജി, ബിജു വി നായർ,കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്,സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ്, ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ് ,എസ് ഷമീർ, ഷിജു റോബർട്ട്,എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ ,അനിൽ എ എം എന്നിവർ സംസാരിച്ചു. റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തി.
8 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കണമെന്നും പോലീസിന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ ശക്തമായ ആവശ്യമുയർന്നു.
by Midhun HP News | Feb 20, 2026 | Latest News, കേരളം
തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല.
വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ വീട് പൂട്ടിയായിരുന്നു പതിനാലുകാരന്‍ കറങ്ങാന്‍ ഇറങ്ങിയത്. പതിനാറ് വയസുകാരനാണ് ഒപ്പം ഉണ്ടായിരുന്നത്. കരമനയില്‍ എത്തിയ ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വായുവില്‍ ഉയര്‍ന്നു പൊങ്ങിയാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്ഥിരം അപകടമേഖലയില്‍ റോഡിലെ വളവ് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്.
by Midhun HP News | Feb 20, 2026 | Latest News, കേരളം
ആലപ്പുഴ: വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസൂയ, ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ രാഖിന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പത്മകുമാര്‍ അറിയിച്ചു.
രാവിലെ തന്നെ പ്രിന്‍സിപ്പലും സൂപ്രണ്ടും ആര്‍എംഒയും അടങ്ങുന്ന സമിതി, പ്രാഥമിക അന്വേഷണം നടത്തുകയും കേസ് ഷീറ്റ് അടക്കം പരിശോധിക്കുകയും ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായിട്ടാണ് ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ ഉറപ്പായും സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ശസ്ത്രക്രിയയില്‍ പങ്കെടുത്തവരില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരും ഉള്‍പ്പെടുന്നു. ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റാണ്. ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഡോ. ഷാഹിദ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലില്‍ ഇല്ല. അവര്‍ സ്ഥലംമാറിപ്പോയെന്നും, എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഹരികുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗര്‍ഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ടാണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരുന്നത്. 12. 05.2021 നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് അവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയത്. പിന്നീട് അവര്‍ ചികിത്സയ്ക്കായി എത്തിയതായി രേഖകളില്‍ കണ്ടെത്താനായിട്ടില്ല. അടുത്തിടെ യൂറിനറി പ്രോബ്ലവുമായി ബന്ധപ്പെട്ട് എക്‌സ്‌റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.
ഇന്നലെ രോഗിയായ ഉഷ ഗൈനക്കോളജി വിഭാഗം മേധാവിയെ വന്നു കണ്ടിരുന്നു. ഈ സംഭവം മനസ്സിലാക്കിയതോടെ വേണ്ട പരിശോധനകള്‍ നടത്തി. ഇന്നലെത്തന്നെ അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോക്ടര്‍ ഹരികുമാര്‍ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആളുകള്‍ക്കിടയില്‍ ഈ സംഭവം വളരെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വ്യക്തമാക്കി.
വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചു കയറി. ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. മെഡിക്കൽ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.
by Midhun HP News | Feb 20, 2026 | Latest News, കേരളം
കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം തേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23നു ശേഷം മറുപടി പറയാം എന്നാണ് അധികൃതർ പറയുന്നത്.
നാട്ടിലെത്തിയപ്പോൾ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണൽ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ 14 ആണ് ഡോൺ ടോം ആമസോണിൽ ഈ മാസം 12ന് ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും നൽകി. 18ന് പാക്കറ്റ് എത്തി. ഒടിപി നൽകി ഇടപാടുകൾ തീർത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനു ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. ഏജന്റിന്റെ മുന്നിൽ തുറന്ന് റീപ്ലേസ്‌മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്‌സലെത്തിയത്.
ഗോപാൽ ഐടി സർവീസ് എന്ന കമ്പനിയാണ് പാഴ്‌സൽ ചെയ്തതെന്നാണ് കാണുന്നത്. തുടർന്ന് റിവ്യൂ കമന്റുകൾ നോക്കിയപ്പോൾ മറ്റൊരാൾക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസിലായതായി ഡോൺ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോൾ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിർദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോൺ പൊൻകുന്നം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


by Midhun HP News | Feb 20, 2026 | Latest News, കേരളം
കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്ന് ഉഷക്കൊപ്പം ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു.
2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.


by Midhun HP News | Feb 20, 2026 | Latest News, കേരളം
കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംപർ സമ്മാനത്തിനു അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ രംഗത്ത്. പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെകെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് പൊലീസിനേയും കോടതിയേയും സമീപിച്ചത്. ബംപർ നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പൊലീസിൽ നിന്നു പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.
സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്കു പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പൻമാർ വണ്ടിയിൽ നെയ്പാത്രം മറന്നുവച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.
പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്നു ജനുവരി 30നാണ് പാത്രം അയച്ചു കൊടുത്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിനു വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്പാത്രം ലഭിച്ചു.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നു ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു.
പരാതിയെ തുടർന്നു പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയേയും സമീപിച്ചു. ഇതേത്തുടർന്നു നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി.
ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അതേസമയം ബംപർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.


Recent Comments