മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ 3-ാം നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്‌ഫോര്‍മറിന്റെ 220 കെ വി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് 2026 മെയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അറിയിച്ച സാഹചര്യത്തില്‍ 25 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായാണ് കെ എസ് ഇ ബി എല്‍ അറിയിച്ചിരിക്കുന്നത്.

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനാകും.

ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത മന്ത്രി സി പി ജോണ്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.പ്രവേശനോത്സവ ഗാനം സ്‌കൂളുകള്‍ക്ക് കൈമാറി. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശനോത്സവം നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാര്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഠ പുസതകങ്ങള്‍ മെയ് 31നകം വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെപ്രവചനം. തീരദേശ ജില്ലയായ ആലപ്പുഴയിൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച കടുത്ത ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമെ തെക്കൻ, മധ്യ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 11 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതീവ തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 6 സെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. നിലവിലെ പ്രത്യേക അന്തരീക്ഷ സാഹചര്യങ്ങൾ കാരണമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് വിലയിരുത്തൽ. മെയ് 27 വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ പരക്കെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇത് ശക്തമാകുമെന്നും ഐഎംഡി ഔദ്യോഗിക ബുളളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്.

തുടർവിഷമായി ജൂൺ 3 വരെ ശക്തമായ മഴ; നഗരങ്ങളിൽ കടുത്ത ജാഗ്രത

മെയ് അവസാന വാരത്തോടെ സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തൽ. മെയ് 28 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ അതിശക്തമായ വലിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർച്ചയായി പെയ്യുന്ന കനത്ത മഴ കാരണം സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വലിയ തോതിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത വെള്ളക്കെട്ട് കാരണം കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്കിനും തടസ്സങ്ങൾക്കും സാധ്യതയുണ്ട്.

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന കനത്ത വരുമാന നഷ്ടത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവന്നു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതകൾ വിവിധ തട്ടുകളായി തിരിച്ച് തിട്ടപ്പെടുത്തിയ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി. കോർപ്പറേഷന്റെ ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം ചുരുങ്ങിയത് 57 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന വിദ്യാഭ്യാസ അധ്യയന വർഷം കൂടി കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള ഏകദേശ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആർടിസി ഇപ്പോൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഓർഡിനറി സർവീസുകൾക്ക് പുറമെ മറ്റ് തരം ബസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചാൽ ബാധ്യത കടുത്ത രീതിയിൽ വർദ്ധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ഒന്നിച്ച് സൗജന്യം നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 65 കോടി രൂപയായി ഉയരും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പൂർണ്ണമായി ഈ ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന് പ്രതിമാസം 90 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടം നേരിടേണ്ടി വരും. ഇനി സംസ്ഥാനത്തെ വോൾവോ എ.സി, സ്ലീപ്പർ സർവീസുകൾ ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം പൂർണ്ണമായി അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന്റെ പ്രതിമാസ വരുമാന നഷ്ടം 112 കോടി രൂപയായി കുതിച്ചുയരുമെന്നും ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രതിദിനം 12 ലക്ഷം യാത്രാക്കാർ; അയൽ സംസ്ഥാനങ്ങളുടെ മാതൃകയും പരിശോധിക്കും

കോർപ്പറേഷന്റെ നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാരാണ് കേരളത്തിൽ കെഎസ്ആർടിസി സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. ദിവസേനയുള്ള സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണവും അവർ സഞ്ചരിക്കുന്ന ദൂരവും കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി കെഎസ്ആർടിസി ‘ജെൻഡർ ടിക്കറ്റിങ്’ സമ്പ്രദായം നേരത്തെ തന്നെ ഡിപ്പോകൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. സമാനമായ രീതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വിജയകരമായി നടപ്പാക്കിയ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ യാത്രാ ക്രമീകരണങ്ങളും കേരളം ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. കർണാടകയിൽ ആഡംബര എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമില്ലാത്തപ്പോൾ, തമിഴ്‌നാട്ടിൽ ടൗൺ ഓർഡിനറി ബസുകളിൽ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തിര ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഏത് തരം ബസുകളിലാണ് ആനുകൂല്യം നൽകേണ്ടത്, എത്ര ദൂരം വരെ സൌജന്യ യാത്ര അനുവദിക്കാം എന്നതിലൊന്നും നിലവിൽ അന്തിമ തീരുമാനമായിട്ടില്ല. മറ്റ് ജില്ലകളിലേക്ക് അതിർത്തി കടന്നുള്ള ദീർഘദൂര യാത്രകൾക്ക് സൗജന്യമുണ്ടോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുമോ എന്ന കാര്യങ്ങളിലെല്ലാം വരും ദിവസങ്ങളിൽ വ്യക്തത വരാനുണ്ട്.

സംസ്ഥാന സർക്കാരിന്റെ നിലവിലെ കടുത്ത സാമ്പത്തിക ബാധ്യതയും കെഎസ്ആർടിസ. സമർപ്പിച്ച പുതിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും മന്ത്രിസഭയുടെ അന്തിമ തീരുമാനം. എങ്കിലും സാധാരണക്കാരായ യാത്രക്കാരെ സഹായിക്കാൻ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പദ്ധതി പ്രധാനമായും നടപ്പാക്കുക. ഇതിന് പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി നിശ്ചയിച്ച് സൌജന്യയാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക സ്മാർട്ട് കാർഡുകളുടെയൊന്നും പ്രതിബന്ധങ്ങളില്ലാതെ, പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര പൂർണ്ണമായി സൗജന്യമാക്കാനാണ് വകുപ്പ് നിലവിൽ മുൻഗണന നൽകുന്നത്.

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

ബക്രീദ് മുമ്പിൽ; റെക്കോർഡ് ഉയരത്തിൽ പോത്തിറച്ചി വില, കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശങ്ക

പാലക്കാട് : സംസ്ഥാനത്ത് പോത്തിറച്ചി വില എക്കാലത്തെയും ഉയർന്ന നിലയിൽ. കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ട് മാസം മുൻപ് കിലോഗ്രാമിന് ₹320 മുതൽ ₹380 വരെ ഉണ്ടായിരുന്ന പോത്തിറച്ചി വില ഇപ്പോൾ പല വിപണികളിലും ₹400 മുതൽ ₹450 വരെയായി ഉയർന്നു. ബക്രീദ് അടുത്തെത്തുന്നതിനാൽ ആവശ്യകത കൂടാനിരിക്കെ, വരും ദിവസങ്ങളിൽ വില വീണ്ടും കുതിച്ചുയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെയും, ഉപഭോക്താക്കളുടെയും ആശങ്ക.

കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസ്സങ്ങളും ഇന്ധനവില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം. കേരള കാറ്റിൽ മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളുടെ അഭിപ്രായപ്രകാരം, സംസ്ഥാനത്തേക്ക് എത്തുന്ന കന്നുകാലി ലോറിയുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിലായി 75 ശതമാനത്തോളം കുറഞ്ഞു. “മുമ്പ് ആഴ്ചയിൽ ഏകദേശം 400 ലോഡ് കന്നുകാലികൾ എത്തിയിരുന്നപ്പോൾ ഇപ്പോൾ അത് 100 ലോഡിനടുത്തേക്ക് ചുരുങ്ങി. സാധാരണ വരവിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ അവസ്ഥ വിപണിയിലെ ലഭ്യതയെയും വിലസ്ഥിരതയെയും തകർത്തു,” വ്യാപാരികൾ പറയുന്നു. “ഇങ്ങനെ ഒരു വില ഇതിനുമുൻപൊന്നും കണ്ടിട്ടില്ല. മാടുകളുടെ വരവ് കുറവാണെന്നാണ് കടക്കാർ പറയുന്നത്. ഈ അവസ്ഥയിൽ ബക്രീദിന് വില ഇനിയും കൂടാൻ സാധ്യത കാണുന്നുളളൂ,” പാലക്കാട് പെരിങ്ങോട് സ്വദേശി തെരമംഗലത്ത് അലി പറയുന്നു.

മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കന്നുകാലികൾ എത്തിക്കുന്നത്. “പോത്തിറച്ചി കയറ്റുമതി കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നിരവധി കശാപ്പുശാലകൾ അടുത്തിടെ ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള ലഭ്യത കാര്യമായി കുറച്ചു,” അസോസിയേഷൻ ജനറൽ സെക്രട്ടറി എ കെ യൂസഫ് പറഞ്ഞു. ദേശീയപാതകളിൽ ചില “ഗോരക്ഷ” സംഘങ്ങളുടെ പേരിൽ വാഹനങ്ങൾ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. ഇതുമൂലം മാടുകളെ കൊണ്ടുവരുന്നത് വൈകുകയും സാമ്പത്തിക നഷ്ടം വർധിക്കുകയും ചെയ്യുന്നതായും അവർ പറയുന്നു. സംസ്ഥാനത്തെ കന്നുകാലി വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വ്യാപാരികൾ, ഡ്രൈവർമാർ, കശാപ്പുതൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെ 82,000ത്തിലേറെ പേരുടെ ഉപജീവനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ടോൾ നിരക്കുകളും ഡീസൽ വിലയും കൂടിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി പരിഹരിക്കാൻ പുതിയ യുഡിഎഫ് സർക്കാരിനെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ബക്രീദിന് മുമ്പ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പോത്തിറച്ചി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാകുകയും ചെയ്തതോടെ, കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം തുടക്കം കുറിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒടുവിൽ സംജാതമായിരിക്കുന്നത്. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരും മന്ത്രിമാരായ പശ്ചാത്തലത്തിൽ, സംസ്ഥാന നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.

സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുതിർന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുൻപന്തിയിലുള്ളത്. മുൻപ് യുഡിഎഫ് കൺവീനർ (2018-20), കെപിസിസി ജനറൽ സെക്രട്ടറി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച 73-കാരനായ ഈ ‘എ’ ഗ്രൂപ്പ് നേതാവിന് പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്.

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഉയർന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാൻ ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. യാക്കോബായ സമുദായംഗമായ ബെന്നി ബഹനാന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെസി വേണുഗോപാലിനെ ‘എ’ ഗ്രൂപ്പ് പൂർണ്ണമായി പിന്തുണച്ചതിനാൽ വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദലിത് കാർഡിൽ കൊടിക്കുന്നിലും ഗ്രൂപ്പ് പ്രതിനിധിയായി വാഴക്കനും മത്സരരംഗത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളിയുയർത്തി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദലിത് നേതാവിനെ അധ്യക്ഷ പദവിയിൽ നിയമിക്കാനാണ് ഹൈക്കമാൻഡ് മുൻഗണന നൽകുന്നതെങ്കിൽ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൊടിക്കുന്നിൽ സുരേഷിനാകും നറുക്ക് വീഴുക. കഴിഞ്ഞ വർഷം സണ്ണി ജോസഫ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലും കൊടിക്കുന്നിലിന്റെ പേര് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു.

ഇവർക്ക് പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ‘ഐ’ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴക്കനും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ പദവിക്ക് തൊട്ടരികിലെത്തിയ ആന്റോ ആന്റണി, കത്തോലിക്കാ സഭയുടെ പിന്തുണയോടെ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും നിലവിലെ സംസ്ഥാനത്തെ സമുദായ സന്തുലന സമവാക്യങ്ങൾ കാരണം അദ്ദേഹത്തിനുള്ള സാധ്യതകൾ കുറഞ്ഞതായാണ് വിലയിരുത്തൽ.

സമവായ ചർച്ചകൾക്ക് ദീപാ ദാസ് മുൻകൈ എടുക്കും

മുതിർന്ന നേതാക്കൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾ എഐസിസി ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംസ്ഥാനത്തെത്തി എകെ ആന്റണി, വിഎം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സമവായത്തിന് ശ്രമിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.