by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടില്‍ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നത്.
സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും സ്മാര്‍ട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500 ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതി വകുപ്പുമായി ചേര്‍ന്നുള്ള നടപടികളിലൂടെ ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും.
പൊതു വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളര്‍ത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.
സംസ്ഥാന സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍ നിന്നും കുഞ്ഞുങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്. ആ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുട്ടികളുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വർണ്ണ കൂടാരം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ സിന്ധു എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.ജവാദ് (ഡി പി സി എസ് എസ് കെ തിരുവനന്തപുരം) പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ പ്രഥമ അധ്യാപിക പുഷ്കല ഡി കെ, സ്റ്റാഫ് സെക്രട്ടറി ശ്യാം എസ്.ആർ, സജീർ രാജകുമാരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരവാരം ഗ്രാമപഞ്ചായത്ത്), കവിത ആർ (ബ്ലോക്ക് മെമ്പർ കിളിമാനൂർ), എം കെ രാധാകൃഷ്ണൻ( സ്വാഗതസംഘം ചെയർമാൻ), ഡോ. സുലഭ വി (സീനിയർ ലക്ചർ ഡയറ്റ് ആറ്റിങ്ങൽ തിരുവനന്തപുരം), ബി പി സി വിനോദ് ടി കിളിമാനൂർ, സി ആർ സി കോഡിനേറ്റർ ഷീബ കെ, സ്വാതി കൃഷ്ണ എം എസ് (പി ടി എ പ്രസിഡന്റ്), എസ്എംസി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നും ചേക്കു രാജീവിന്റെ ഫിഗർ ഷോയും നടത്തി.


by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നഗരൂർ: ഒട്ടനവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വഞ്ചിയൂർ
സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ ശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിൽ പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി
ടി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം, എസ് ഐ ഇതിഹാസ് താഹ എന്നിവരായിരുന്നു നടപടികൾ എടുത്തത്.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറ്റൂർക്കോണം ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാ മഹോത്‌സവം മെയ് 28 നു തുടങ്ങി. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ അന്നദാനം ഉണ്ടായിരിയ്കും. നാലാം ദിവസമായ നാളെ ശ്രീ അന്നപൂർണേശ്വരി ദേവി പ്രതിഷ്ഠ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം എൽ ഒ ഒ എസ് അംബിക
ഉദ്ഘാടനം ചെയ്യും. ചിറ്റൂർക്കോണം ക്ഷേത്ര പ്രസിഡന്റ് പ്രേം ലാൽ അധ്യക്ഷനാകും അഡ്വ. എസ് കുമാരി. ഉണ്ണികൃഷ്ണൻ തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് ക്ഷേത്രത്തിലെ മുതിർന്ന വ്യക്തികൾക്ക് ആദരവ്, സംഗീതാർച്ചന , വിവിധ കലാപരിപാടികൾ, സ്റ്റേജ് ഷോ എന്നിവയും നടക്കും. ക്ഷേത്ര പ്രതിഷ്ഠയെ തുടർന്ന് 41 ദിവസവും വൈകുന്നേരം വിളക്കും പൂജയും ഉണ്ടായിരിയ്കും.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു. ഓട്ടോയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്.
ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ ഗേറ്റ് കുടുങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. ഗേറ്റിന്‍റെ ഒരു ഭാഗത്തെ വെല്‍ഡിംഗ് അടക്കമാണ് ഗേറ്റ് ബൂം തകര്‍ന്ന് വീണത്. റെയില്‍വേ ഗേറ്റിലെ ഉയർന്നു നിൽക്കുന്ന അടയ്ക്കുന്ന ഭാഗമാണ് ഗേറ്റ് ബൂം. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചതോടെ ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി. ദേശീയ പാതയിൽ നിന്ന് വിഎസ്എസ്സിയിലേക്കുള്ള പാതയായതിനാൽ രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേഖലയാണ് ഇവിടം. സംഭവത്തില്‍ ആളപായമൊന്നുമില്ല.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സoവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതിക്ഷേമ സമിതി
പികെഎസ് ആറ്റിങ്ങൽ ഏരിയ കമ്മറ്റി ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി. പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് എം എൽ എ അഡ്വക്കേറ്റ് ബി. സത്യൻ ധർണ ഉദ്ഘാടനം ചെയ്തു. പികെഎസ് ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് എസ്. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി പി. സന്തോഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിൻ, വൈസ് പ്രസിഡന്റ് സതീശൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലളിത, രവി, വിജയൻ, സജു, ഷൈജു, ഏരിയ ട്രഷറർ എൻ. പ്രസാദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.


Recent Comments