അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ആലംകോട് ഗവ.എൽ.പി.എസ്സിൽ രണ്ട് എൽ.പി.എസ്.ടി. ഒഴിവുകൾ ഉണ്ട്.
അഭിമുഖം 30-05-2023 (ചൊവ്വ) പകൽ 10.30 ന്. യോഗ്യതയുള്ളവർ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തിൽ ‘രൂപ’ ചിഹ്നവും ലയൺ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളിൽ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സൻസദ് സങ്കുൽ’ എന്നും താഴെ ഇംഗ്ലീഷിൽ ‘പാർലമെന്റ് മന്ദിരം’ എന്നും എഴുതും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളിൽ 200 സെറേഷനുകൾ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമിക്കുന്നത്.

ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക് ഉള്‍പ്പടെ അറസ്റ്റില്‍, പ്രതിഷേധക്കടലായി ഡല്‍ഹി

ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക് ഉള്‍പ്പടെ അറസ്റ്റില്‍, പ്രതിഷേധക്കടലായി ഡല്‍ഹി

ഡല്‍ഹി: പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ഭേദിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വലിച്ചിഴച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഒരുകാരണവശാലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് ഡല്‍ഹി കമ്മീഷണര്‍ വ്യക്തമാക്കി.

രാവിലെ പതിനൊന്നരയോടെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്. ‘സമാധാനപരമായാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മരാണ്’. ഗുസ്തി താരം ബജ്ങംഗ് പുനിയ മാര്‍ച്ചിന് മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിപിച്ചിരുന്നു. ലൈംഗികാതിക്രമത്തില്‍ ബ്രിജ്ഭൂഷണ്‍ സിങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേരുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

‘പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി’ പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഹരിയാനയില്‍ നിന്ന് നിരവധി പേര്‍ സിംഘ് അതിര്‍ത്തി വഴി തലസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളുണ്ട്. കൂടാതെ തിക്രി അതിര്‍ത്തിയിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ അംബാലയില്‍ വച്ച് പൊലീസ് തടവിലാക്കി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഞായറാഴ്ച രാവിലെ 10.30-ഓടെ ഗാസിയാബാദ് അതിര്‍ത്തിയില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി അണിനിരക്കും. ഇവര്‍ ഡല്‍ഹിയിലേയ്ക്ക് പ്രവേശിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ടിക്കറ്റ് എടുക്കുന്നതിനായി 2000രൂപയ്ക്ക് ചില്ലറ ചോദിച്ചു; മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി

മാവേലിക്കര: ടിക്കറ്റ് എടുക്കുന്നതിനായി 2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്. രാധാകൃഷ്ണന്‍ നായരുടെ പരാതിയില്‍ മാവേലിക്കര പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെത്തിയതായിരുന്നു രാധാകൃഷ്ണൻ. അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ ഇയാളുടെ കൈവശം ചില്ലറയുണ്ടായിരുന്നില്ല. 13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാർജ്ജ്. ബസ്സിൽ കയറിയാൽ ചില്ലറ ഇല്ലാത്തത് ബുദ്ധിമുട്ടാവുമെന്ന് കരുതി രാധാകൃഷ്ണൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി ചില്ലറ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

2000 രൂപയ്ക്ക് ചില്ലറ തരാൻ പറ്റില്ലെന്നും ഈ നോട്ട് ഇപ്പോള്‍ എടുക്കില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്തുണ്ടായിരുന്ന ബസ് കണ്ടക്ടറും ഡ്രൈവറും പ്രകോപിതരായി രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിന് പുറമെ രാധാകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ട് പ്രതികള്‍ വലിച്ച് കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈയ്ക്ക് പൊട്ടലുണ്ട്. സ്റ്റേഷൻമാസ്റ്റർ കാര്യം പറയുക മാത്രമാണ് ചെയ്തത്. എന്നാൽ അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ ഗതാഗത മന്ത്രിയ്ക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന.

വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ജില്ലാ കളക്ടര്‍, എഡിഎം, കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുമല, തൈക്കാട് വില്ലേജുകളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയായിരുന്നു പരിശോധന നടത്തിയത്. കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ്.ജെയുടെ നേതൃത്വത്തിലും, കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂര്‍ എന്നിവിടങ്ങളില്‍ കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിംഗിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുകയാണ്. ഹാജര്‍ രജിസ്റ്റര്‍, പോക്കു വരവ്, തരം മാറ്റല്‍ രജിസ്റ്ററുകള്‍, മൂവ്മെന്റ് രജിസ്റ്റര്‍ എന്നിവയും വിവിധ രേഖകളും ഫയലുകളും കളക്ടര്‍ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളില്‍ പരിശോധന തുടരും.

ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രൽ മുംബൈ സെവ്രിയിൽ നിന്നും നവി മുംബൈയിലെ ചിർലെയിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. നിലവിൽ, മുംബൈയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അവലോകനം നടത്തിയിട്ടുണ്ട്.

18,000 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 22 കിലോമീറ്റർ നീളവും, 301.01 മീറ്റർ വീതിയുമാണ് പാലത്തിന് ഉള്ളത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും. പാലം തുറക്കുന്നതോടെ ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുക എന്നതാണ് പാലത്തിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. 2018 ഏപ്രിലിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റീജ ഡെവലപ്മെന്റ് അതോറിറ്റിക്കായിരുന്നു നിർമ്മാണ ചുമതല.