മാലിന്യ മുക്തകേരളം; പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ശുചീകരണയജ്ഞം

മാലിന്യ മുക്തകേരളം; പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ശുചീകരണയജ്ഞം

മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഊർജ്ജം പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മാലിന്യമുക്തകേരളം മഴക്കാലപൂർവശുചീകരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ, നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പയിൻ വിജയത്തിലെത്തിക്കാൻ തീവ്രപരിശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, മറ്റ് ജനപ്രതിനിധികൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പേരൂർക്കട ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങൾ, നഗരസഭാ ശുചീകരണത്തൊഴിലാളികൾ, യുവജനസംഘടനകൾ എന്നിവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

കായിക്കരയിൽ ആശാൻ ജന്മദിനാഘോഷങ്ങൾക്ക് സമാപനം

കായിക്കരയിൽ ആശാൻ ജന്മദിനാഘോഷങ്ങൾക്ക് സമാപനം

മഹാകവി കുമാരനാശാന്റെ 151-ാമത് ജന്മദിനാഘോഷങ്ങൾ കായിക്കരയിൽ സമാപിച്ചു. ഒരാഴ്ചകാലം നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആശാൻ 151-ാമത് ജന്മദിനം ആഘോഷിച്ചത്.

കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ, ആർ. ശങ്കർ അനുസ്മരണ സമ്മേളനം, മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും കണ്ടുമുട്ടിയതിന്റെ ശതാബ്ദി സമ്മേളനം, ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി സമ്മേളനം,വനിതാ സമ്മേളനം, കാവ്യാർച്ചന,കാവ്യസംവാദം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനത്തിൽ യുവ കവികൾക്കുള്ള കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരവും വിതരണം ചെയ്തു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് യുവകവി പുരസ്കാരം.

കായിക്കരയിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും, യുവകവി പുരസ്കാര വിതരണവും നിർവഹിച്ചു.
ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു. ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ജോർജ് ഓണക്കൂർ നിർവഹിച്ചു. ജന്മശതാബ്ദി സ്മാരക ഗ്രന്ഥശാലയ്ക്ക് 201 എൻജിനിയറിംഗ് പുസ്തകങ്ങൾ കൈമാറിയ എൻജിനിയർ ഹരീന്ദ്രനാഥനെ ചടങ്ങിൽ ആദരിച്ചു.

കലാസാഹിത്യമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും കാഷ് പ്രൈസും മഹാകവി കുമാരനാശാന്റെ പൗത്രി നളിനി വിജയരാഘവൻ വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, യുവകവി പുരസ്കാരം നേടിയ കലേഷ്,ഗവേണിംഗ് ബോഡി അംഗങ്ങളായ, സി.വി.സുരേന്ദ്രൻ, അഡ്വ.ആനയറ ഷാജി,ഗീത നസീർ, ശാന്തൻ എന്നിവർ സംസാരിച്ചു.

ചുരുങ്ങിയ സമയങ്ങൾ കൊണ്ട് ആശാൻ ശതോത്തര കനക ജൂബിലി സ്മാരക ഗ്രന്ഥം തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത അസോസിയേഷൻ ട്രഷറർ ബി.ഭുവനേന്ദ്രനെ അസോസിയേഷൻ ഗവേണിംഗ് ബോഡി അനുമോദിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് സ്വാഗതവും സെക്രട്ടറി വി.ലൈജു നന്ദിയും പറഞ്ഞു.

പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും

പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടക്കുക. രാവിലെ പത്തിന് ആരംഭിച്ച് 12. 30 ഓടെ റോഡ് ഷോ സമാപിക്കും. നാളെയാകും ബാക്കിയുള്ള റോഡ് ഷോ നടക്കുക.

കർണാടകയിലെ പ്രചാരണത്തിൽ നരേന്ദ്രമോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.12 സീറ്റുകൾ ബിജെപിയുടെ കൈയ്യിലുണ്ട് അത് ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം.ദേശീയ നേതൃത്വമാണ് നേരിട്ട് കർണാടകയിൽ പ്രചാരണം നടത്തുന്നത് എന്നതാണ് പ്രത്യേകത.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തിലെ മഴ സാഹചര്യം മാറും

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. നാളെയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.

കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. മറ്റന്നാൾ വയനാട് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്.

പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം

പട്ടാഭിഷേകത്തിനൊരുങ്ങി ചാൾസ് മൂന്നാമൻ; ഇന്ന് കിരീടധാരണം

ലണ്ടൻ: ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. കാൻർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ ഇന്ത്യൻസമയം പകൽ മൂന്നരയോടെയാണ് കിരീടധാരണച്ചടങ്ങുകൾ തുടങ്ങുക. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. 2300ലധികം ആളുകൾ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ എത്തിയിട്ടുണ്ട്.

ബക്കിങാം കൊട്ടാരത്തിൽനിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കീരീടധാരണത്തോടനുബന്ധിച്ച് നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. വിവിധ കർമ്മ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡൽ സമ്മാനിക്കുക.

പൊലീസ് ഉദ്യോ​ഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്കാണ് മെഡലുകൾ സമ്മാനിക്കുക. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ‌ കിരീടാവകാശിയാകുന്നത്. സെപ്റ്റംബർ 10-ന് സെയ്ന്റ് ജെയിംസ് കൊട്ടാരത്തിൽനടന്ന ചടങ്ങിൽ ചാൾസ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു.

ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍

ഈ മാസത്തെ റേഷന്‍ വിതരണം ഇന്നു മുതല്‍

ഏപ്രിലിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചതോടെ ഈ മാസത്തെ വിതരണം ഇന്ന് ആരംഭിക്കും. സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ടു ദിവസം റേഷന്‍കടകള്‍ അടച്ചിട്ടെങ്കിലും മുന്‍മാസങ്ങളിലെ പോലെ 78 ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. തകരാര്‍ പരിഹരിച്ച ശേഷം റേഷന്‍കടകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി. സാങ്കേതിക തകരാര്‍ കാരണം ഒരാള്‍ക്കും റേഷന്‍ മുടങ്ങിയിട്ടില്ല. ഈ മാസം വെള്ള കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാക്കും.