by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
സംസ്ഥാനത്തുനിന്ന് 1.28 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്കായി കെഎസ്ആർടിസി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആർടിസി സർവ്വീസുകൾ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കും.
പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. സുതാര്യമായ വാട്ടർ ബോട്ടിൽ, മാസ്ക്, ഹാൻഡ് സാനിറ്റൈസർ, മരുന്നുകൾ എന്നിവ പരീക്ഷാഹാളിൽ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താവൂ. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും ഹാളിൽ പ്രവേശിപ്പിക്കില്ല. 1.15 മുതൽ പരീക്ഷാഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.

ഇൻസ്ട്രുമെൻറ് ബോക്സ്, പെൻസിൽ ബോക്സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവയൊന്നും പരീക്ഷാഹാളിലേക്ക് കൊണ്ടുപോകരുത്. ആഹാരപദാർഥങ്ങൾ, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ, ഇയർഫോൺ, കാൽക്കുലേറ്ററുള്ള ഇലക്‌ട്രോണിക് തുടങ്ങിയവയും പ്രവേശിപ്പിക്കില്ല. വാട്ടർ ബോട്ടിൽ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷൂസ് ധരിച്ച പരീക്ഷാഹാളിൽ പ്രവേശിക്കാൻ പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങളും അനുവദിക്കില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂർമുമ്പ് എത്തണം.
by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവാക്കിയാണ് നവീകരണം നടക്കുക. നവീകരണത്തിനുള്ള തുക അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്.
ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000 രൂപയും കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയുമാണ് അനുവദിച്ചത്. ഓഫീസ്, ചേംബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്‌ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക. കോൺഫറൻസ് ഹാളിന്റെ ഇന്റീരിയർ 18.39 ലക്ഷം, ഫർണിച്ചർ 17.42 ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം, ടോയ്‌ലറ്റ് 1.39 ലക്ഷം, പ്ലംബിംഗ് 1.03 ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77 ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31 ലക്ഷം, എ.സി 13.72 ലക്ഷം, ഇലക്ട്രോണിക് വർക്ക് 79 ലക്ഷം.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മഴ കനക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ ന്യൂനമർദമായും ചൊവ്വാഴ്ച തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും. മേയ് 08 മുതൽ മേയ് 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെ എറണാകുളം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത 20 – 50 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടലിൻറെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ
നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന
വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെ.എസ്.ആർ.ടി.സി.സർവ്വീസുകൾ ക്രമീകരിക്കും.
1 ആലപ്പുഴ/ചെങ്ങന്നൂർ
2 അങ്കമാലി
3 എറണാകുളം/മൂവാറ്റുപുഴ
4 കണ്ണൂർ
5 കാസറഗോഡ്
6 കൊല്ലം
7 കോട്ടയം
8 കോഴിക്കോട്
9 മലപ്പുറം
10 പാലക്കാട്
11 തിരുവനന്തപുരം
12 തൃശൂർ
13 ഇടുക്കി
14 പത്തനംതിട്ട
15 പയ്യന്നൂർ
16 വയനാട്
ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കുന്നതാണ്…
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.
by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖിലിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്. കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുചോദിക്കുമെന്ന ആശങ്കയില്‍ ആതിരയെ കൊലപ്പെടുത്തിയെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ആതിര സ്വര്‍ണവും പണവും തിരിച്ചു ചോദിച്ചിട്ടില്ലെന്നും അഖില്‍ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ഭാവിയില്‍ സ്വര്‍ണവും പണവും തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ ഒരാള്‍ കൊലപാതകം നടത്തിയെന്നത് പൂര്‍ണമായും വിശ്വസിക്കാവുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. അഖിലാണെങ്കില്‍ മറ്റു കുറ്റകൃത്യ ചരിത്രമൊന്നും ഇല്ലാത്തയാളാണ്. ഇങ്ങനെയൊരാള്‍ ആസൂത്രിതമായി ഇത്തരമൊരു കൊല നടത്താനുള്ള സാധ്യത എത്രത്തോളമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വനത്തിനുള്ളില്‍ വച്ച് എന്താണ് സംഭവിച്ചിരിക്കുകയെന്നതില്‍ വിവരം ലഭിക്കുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ ഭിന്നതയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ആതിര അഖിലിനൊപ്പം പോവാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്. വനത്തിനുള്ളില്‍ മറ്റെന്തെങ്കിലും സംഭവിച്ചിരിക്കാനും അതില്‍ ഇവര്‍ രണ്ടു പേരും അല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടായിരിക്കാനുമുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലിസ് പറയുന്നു.
ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട അങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിര(26)യെ കാണാതാകുന്നത്. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു അഖിലും ആതിരയും. വേറെ വിവാഹം കഴിച്ച ഇരുവര്‍ക്കും കുട്ടികളുമുണ്ട്. അഖില്‍ പണയം വെയ്ക്കാനായി ആതിരയില്‍നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ചോദിക്കുമെന്ന ആശങ്കയില്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് അഖിലിന്റെ മൊഴി.
അതിരപ്പിള്ളിയിലേക്ക് വിനോദയാത്രപോകാമെന്ന് പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചു. ഏപ്രില്‍ 29ന് രാവിലെ ഭര്‍ത്താവ് സനല്‍ ആണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ഇവിടെ നിന്നും ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്. റെന്റ് എ കാര്‍ വിളിച്ച് കാത്തുനിന്ന അഖില്‍ ആതിരയുമായി അതിരപ്പിള്ളിയിലെത്തി. തുമ്പൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തി ഇരുവരും പിന്നീട് വനത്തിനുള്ളിലേക്ക് പോയി.
ഇവിടെ ഒരുപാറക്കെട്ടിന് സമീപം അല്‍പ്പനേരം ഒരുമിച്ചിരുന്നു. തുടര്‍ന്നാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിട്ടുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നരീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.
by liji HP News | May 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, മിനി ദമ്പതികളുടെ മൂത്ത മകൻ മിഥുൻ (28) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. നാല് ദിവസത്തോളം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് മിഥുൻ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടർന്ന് ഇൻജക്ഷൻ എടുക്കാൻ ജില്ല ആശുപത്രിയിൽ എത്തിയതായിരുന്നു മിഥുൻ. ഇൻജക്ഷൻ എടുത്ത ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ മാർക്കറ്റ് ജങ്ഷനിൽനിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുൻ. ഏക സഹോദരൻ ദീക്ഷിത്ത്.

Recent Comments