റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി;  ഗൃഹനാഥന്‍ ജീവനൊടുക്കി

റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി; ഗൃഹനാഥന്‍ ജീവനൊടുക്കി

പാലക്കാട്: റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണന്‍ ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡ് സര്‍വേയ്ക്കു വേണ്ടി ഉണ്ണിക്കണ്ണന്റെ വീടും സ്ഥലവും സര്‍വേ ചെയ്തിരുന്നു. സര്‍വേ കഴിഞ്ഞതോടെ മാനസിക പ്രയാസത്തിലായിരുന്നു കുടുംബമെന്ന് അയൽക്കാർ പറയുന്നു.

തിരുവനന്തപുരം- കണ്ണൂർ ആറ് മണിക്കൂർ 53 മിനിറ്റ്, ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് ലാഭം

തിരുവനന്തപുരം- കണ്ണൂർ ആറ് മണിക്കൂർ 53 മിനിറ്റ്, ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് ലാഭം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് ഏഴുമണിക്കൂറിൽ താഴെ സമയം കൊണ്ട്. കൃത്യമായി പറഞ്ഞാൽ ആറ് മണിക്കൂർ 53 മിനിറ്റ് കൊണ്ട്. ആദ്യയാത്രയിൽ ഏഴുമണിക്കൂർ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.

തിരുവനന്തപുരത്ത് നിന്ന് 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. ആദ്യ യാത്രയിൽ നിന്ന് വ്യത്യസ്തമായി പത്തുമിനിറ്റ് വൈകി. 6.10ന് കൊല്ലത്ത് എത്തി. ആദ്യ യാത്ര പോലെ തന്നെ കൊല്ലത്ത് ഓടിയെത്താൻ എടുത്തത് ഒരേ സമയം. 50 മിനിറ്റ്. കോട്ടയത്ത് 7.24ന് ട്രെയിൻ എത്തി. 2.14 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ മൂന്ന് മിനിറ്റ് കുറവ്.

എറണാകുളത്ത് 8.32നാണ് ട്രെയിൻ എത്തിയത്. 3.12 മണിക്കൂർ കൊണ്ടാണ് സ്ഥലത്തെത്തിയത്. ആദ്യ യാത്രയേക്കാൾ ആറുമിനിറ്റ് കുറവ്. 8.35ന് പുറപ്പെട്ട ട്രെയിൻ തൃശൂരിൽ 9.37ന് എത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ എത്താൻ 4.17 മണിക്കൂറാണ് എടുത്തത്. ആദ്യ യാത്രയേക്കാൾ 10 മിനിറ്റ് കുറവ്. കോഴിക്കോട്ട് 11.16 ന് ആണ് ട്രെയിൻ എത്തിയത്. 5.56 മിനിറ്റ് കൊണ്ടായിരുന്നു യാത്ര. ആദ്യ യാത്രയേക്കാൾ 12 മിനിറ്റ് കുറവ്. 12.13ന് ട്രെയിൻ കണ്ണൂർ തൊട്ടു. ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് കുറവ്. ആദ്യ യാത്രയിൽ ഏഴു മണിക്കൂർ 10 മിനിറ്റ് ആണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ വേണ്ടിവന്നത്.

സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്

സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്. ഇതിലൂടെ റോഡിലെ പിഴവുകള്‍ക്ക് വന്‍ പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും.

പ്രധാന പിഴകള്‍: എ.ഐ ക്യാമറകള്‍ വിഡിയോ സ്കാനിങ് സോഫ്റ്റ്വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ – 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ – 250 രൂപ, ട്രിപ്പിള്‍ റൈഡ് – 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍. 9 മാസത്തിനു താഴെ പ്രായമുള്ളകുട്ടികള്‍ ഒഴികെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നിലവില്‍ 4 വയസിനു മുകളില്‍ മതി എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വരും.

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

2022ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വർഷം കൊണ്ട് വർധിച്ചത്. പുതിയ ജനസംഖ്യ കണക്കിൽ 68 ശതമാനവും 15നും 64 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കാൻ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയിൽ എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നാളെ മുതൽ സ്മാർട്ടാകും; പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

നാളെ മുതൽ സ്മാർട്ടാകും; പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാ‍ർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ലൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു

ഓടിക്കൊണ്ടിരിയ്ക്കെ വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിയ്ക്കെ വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്. രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.