ഇടുക്കിയിലും കോട്ടയത്തും വേനൽ മഴ

ഇടുക്കിയിലും കോട്ടയത്തും വേനൽ മഴ

കൊച്ചി: സംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ആശ്വാസമായി ഇടുക്കിയിലും കോട്ടയത്തും വേനൽ മഴ. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, പാല, മുണ്ടക്കയം, മൂന്നിലവ്, മേലുകാവ് എന്നിവിടങ്ങളിലും ഇടുക്കിയിൽ അടിമാലി, നേര്യമം​ഗലം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലും വേനൽ മഴ പെയ്തു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചിരുന്നു.

ഇന്നും നാളെയും മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. ഏപ്രിൽ 21 മുതൽ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട്.

ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേന വാർഷികാഘോഷവും യൂണിഫോം വിതരണവും നാളെ

ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേന വാർഷികാഘോഷവും യൂണിഫോം വിതരണവും നാളെ

ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേന വാർഷികാഘോഷവും യൂണിഫോം വിതരണവും സംഘടിപ്പിയ്ക്കുന്നു. ഏപ്രിൽ 20ന് രാവിലെ 11 മണിയ്ക്ക് ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിയ്ക്കും. നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷയാകും. സിനിമ സീരിയൽ താരം അഞ്ജുശ്രീ മുഖ്യാതിഥിയാകും.

ഗര്‍ഭിണികള്‍ക്കും സീറ്റ് ബെല്‍റ്റ് വേണം; നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഗതാഗത കമ്മീഷണര്‍

ഗര്‍ഭിണികള്‍ക്കും സീറ്റ് ബെല്‍റ്റ് വേണം; നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. നല്ലൊരു ഗതാഗത സംസ്‌കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ ഒപ്പിയെടുക്കും.

നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്റ്റേർഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടയ് ക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താല്‍ 2000 രൂപ, അനധികൃതപാര്‍ക്കിങിന് 250 രൂപ, പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.

കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 32 ആം വാർഷികോദ്‌ഘാടനം നടന്നു

കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 32 ആം വാർഷികോദ്‌ഘാടനം നടന്നു

കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 32-)0 വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാവായ ആറ്റിങ്ങൽ വേലാകോണം സ്വദേശി എസ്.അനിതകുമാരിക്ക് ഉപഹാരം നൽകി.

കാര്യവട്ടം ക്യാമ്പസിൽ സോഷ്യോളജിയിൽ ഡിഗ്രിയ്ക്ക് ചേർന്നതിൽ മന്ത്രി പ്രത്യേകം ആശംസകൾ പറയുകയുണ്ടായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം സാക്ഷരതാ സന്ദേശം നൽകി. അനിതകുമാരി സ്വന്തമായി എഴുതിയ തുല്യതാ പഠന ഗാനം ആലപിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, സാക്ഷരതാ മിഷൻ അസി.ഡയറക്ടർ ഡോ.ജെ. വിജയമ്മ, ജില്ലാ കോ-ഓഡിനേറ്റർ ടോജോ ജേക്കബ്, സജീവ് ആറ്റിങ്ങൽ നഗരസഭാ നോഡൽ പ്രേരക് മിനി രേഖ തുടങ്ങിയവർ പങ്കെടുത്തു.

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു

എറണാകുളം:ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാർക്ക് എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ല. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല.കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി;  ഗൃഹനാഥന്‍ ജീവനൊടുക്കി

റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതി; ഗൃഹനാഥന്‍ ജീവനൊടുക്കി

പാലക്കാട്: റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണന്‍ ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡ് സര്‍വേയ്ക്കു വേണ്ടി ഉണ്ണിക്കണ്ണന്റെ വീടും സ്ഥലവും സര്‍വേ ചെയ്തിരുന്നു. സര്‍വേ കഴിഞ്ഞതോടെ മാനസിക പ്രയാസത്തിലായിരുന്നു കുടുംബമെന്ന് അയൽക്കാർ പറയുന്നു.