മാമോദീസ നടന്ന വീട്ടില്‍ അടിപിടി; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

മാമോദീസ നടന്ന വീട്ടില്‍ അടിപിടി; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അമിത് ഷായുടെ പരിപാടിയ്ക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽ

അമിത് ഷായുടെ പരിപാടിയ്ക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽ

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. 120ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിയ്ക്കിടെയായിരുന്നു ദാരുണ സംഭവം.

തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ​ഗ്രൗണ്ടില്‍ വച്ച് സമ്മേളനം നടന്നത്. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

10 ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവർക്ക് പരിപാടി കാണുന്നതിനും കേൾക്കുന്നതിനുമുള്ള സൗകര്യവും സീറ്റും അധികൃതർ ഒരുക്കിയിരുന്നു. എന്നാൽ കൊടും ചൂടിൽ തണലുപോലുമില്ലാത്ത അവസ്ഥയായിരുന്നു. 300 ഓളം പേര്‍ക്ക് നിര്‍ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് വൈദ്യസഹായം നല്‍കിയത്. സൂര്യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ സന്ദർശിക്കാൻ മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ചടങ്ങിനിടെ രോഗബാധിതരായ മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു

നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു

നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു. രാത്രി പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഡീസന്റ് മുക്ക് റോഡിൽ നിന്ന് നാവായിക്കുളത്തേയ് ക്ക് വരുകയായിരുന്ന ലോറി അമ്പലത്തിന് മുന്നിലെ കയറ്റത്ത് വെച്ച് വണ്ടിയുടെ എഞ്ചിൻ ഓഫായതിനെ തുടർന്ന് റിവേഴ്‌സ് ഇറങ്ങി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബ്രില്യന്റ് സൗണ്ട്സ് ഓണറും വാർഡ് മെമ്പറും കൂടിയായ ബ്രില്യന്റ് നഹാസ് അത്ഭുതകാരമായി രക്ഷപെട്ടു. കല്ലമ്പലം ഫയർ ഫോഴ്സ് സ്ഥലതെത്തി രക്ഷാപ്രവർത്തനം നടത്തി.

നടിയെ ആക്രമിച്ച സംഭവം: പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നടിയെ ആക്രമിച്ച സംഭവം: പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്.

മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന്‍ വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം. കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.

ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.

വിചാരണ പ്രോസിക്യൂഷന്‍ നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

ട്രെയിന്‍ തീവെയ്പ്: ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായം ലഭിച്ചു, ഷൊര്‍ണൂരില്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി. ഷൊര്‍ണൂരില്‍ സെയ്ഫിക്ക് സഹായം നല്‍കി എന്നു കരുതുന്ന നാലുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവദിവസം ഷൊര്‍ണൂരില്‍ വെച്ച് ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പൊലീസ് കണ്ടെടുത്തു.

ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈല്‍ഫോണ്‍ കടയില്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പൊലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അറസ്റ്റിലായ ഷാറൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു. ഭീകരബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേരും.

പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. പ്രതിയുടെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം അന്വേഷണ സംഘത്തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

കെ പി എസ് ടി എ എൽഎസ്എസ്, യുഎസ്എസ്  മാതൃകാ പരീക്ഷ 19 ന് നടക്കും

കെ പി എസ് ടി എ എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ 19 ന് നടക്കും

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കേരള പ്രദേഴ്സ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ) കിളിമാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന മാതൃകാ പരീക്ഷ ഏപ്രിൽ 19 ന് രാവിലെ 9.30 മുതൽ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9 മണിയ്ക്ക് സ്കൂളിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ. 8129252570, 9744341048.