by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമായ മാല്‍വെയര്‍ 60 ആപ്പുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഗോള്‍ഡോസണ്‍ എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ആണ് ആപ്പുകളെ ആക്രമിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 കോടി ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സുരക്ഷാഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ മക്കാഫി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്. 60 ആപ്പുകളിലെ തേര്‍ഡ് പാര്‍ട്ടി ലൈബ്രറികളിലൂടെയാണ് മാല്‍വെയര്‍ കടന്നുകയറിയത്. ആപ്പിലെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍, വൈഫൈ, ജിപിഎസ് ലൊക്കേഷന്‍ തുടങ്ങിയവയിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പ് നടത്താനും ഇവയ്ക്ക് ശേഷിയുണ്ട്.
ഗോള്‍ഡോസണ്‍ ബാധിച്ച ആപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഫിഗറേഷന്‍ നേടിയാണ് ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഡേറ്റ കവരുന്ന രീതിയാണ് ഈ പ്രോഗ്രാം വഴി നടക്കുന്നത്. മാല്‍വെയര്‍ ബാധിച്ച ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് എത്രമാത്രം ഡേറ്റ ചോര്‍ന്നെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. പത്തുശതമാനം വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് കഴിയും. ആന്‍ഡ്രോയിഡ് 11 വേര്‍ഷന് ഒരുപരിധിവരെ ഇതിനെ നേരിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഹമ്മദാബാദ്: ടീമിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ഐപിഎല്ലില്‍ മറ്റൊരു നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയാണ് സഞ്ജു സംഘവും നാലാം വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടീം പതറിയ ഘട്ടത്തില്‍ ക്രീസിലെത്തിയ സഞ്ജു 32 പന്തില്‍ 60 റണ്‍സെടുത്താണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്പ്പിച്ചത്.
ഇതോടെ രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ താരമായി സഞ്ജു മാറി. 115 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു നേട്ടം തൊട്ടത്. 29.76 ആവറേജില്‍ 3,006 റണ്‍സാണ് ടീമിന് വേണ്ടി ഇതുവരെയായി താരം നേടിയത്. 139.10 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികളും 16 അര്‍ധ ശതകങ്ങളും താരം രാജസ്ഥാന് വേണ്ടി നേടി.
തുടര്‍ച്ചയായി രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ്. അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സടക്കം പറത്തി സഞ്ജു നരേന്ദ്ര മോദി സ്റ്റേഡിയത്തെ തീ പിടിപ്പിച്ചു. പിന്നാലെയാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടവും.
2021ലെ സീസണായിരുന്നു രാജസ്ഥാന് വേണ്ടി സഞ്ജു കത്തിക്കയറിയത്. ആ സീസണില്‍ താരം 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് വാരിയത്. 40.33 ആയിരുന്നു ആവറേജ്. 136.72 ആണ് സ്‌ട്രൈക്ക് റേറ്റ്. പട്ടികയില്‍ അജിന്‍ക്യ രഹാനെയാണ് രണ്ടാമത്. താരം 100 മത്സരങ്ങള്‍ കളിച്ച് 2,810 റണ്‍സാണ് രാജസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്. ജോസ് ബട്‌ലര്‍ 63 മത്സരങ്ങളില്‍ നിന്ന് 2,508 റണ്‍സും ഷെയ്ന്‍ വാട്‌സന്‍ 78 മത്സരങ്ങളില്‍ നിന്ന് 2,372 റണ്‍സും രാഗുല്‍ ദ്രാവിഡ് 46 മത്സരങ്ങളില്‍ നിന്ന് 1,276 റണ്‍സും നേടി.
മൊത്തം ഐപിഎല്‍ കരിയറില്‍ 3,683 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 29.23 ശരാശരി. 136.76 സ്‌ട്രൈക്ക് റേറ്റ്. ആകെ മൂന്ന് സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും താരം നേടി. 119 റണ്‍സാണ് മികച്ച സ്‌കോര്‍.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ 17ാം സ്ഥാനത്താണ് സഞ്ജു. 227 മത്സരങ്ങള്‍ കളിച്ച് 6,838 റണ്‍സ് നേടി കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍ 210 മത്സരങ്ങളില്‍ നിന്ന് 6,477 റണ്‍സും ഡേവിഡ് വാര്‍ണര്‍ 167 മത്സരങ്ങളില്‍ നിന്ന് 6,109 റണ്‍സും നേടി രണ്ടും മൂന്നും സ്ഥാനത്ത്. 231 മത്സരങ്ങളില്‍ നിന്ന് 5,986 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് നാലാമത്. 205 മത്സരങ്ങളില്‍ നിന്ന് 5,528 റണ്‍സെടുത്ത സുരേഷ് റെയ്‌ന അഞ്ചാം സ്ഥാനത്ത്.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: കേരളത്തിന് ലഭിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴുമണിക്കൂര്‍ പത്ത് മിനിറ്റ് കൊണ്ട് കണ്ണൂരില്‍ എത്തിയാണ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ട്രെയിന് നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റുമാരെ ആദരിച്ചു.
തിരുവനന്തപുരത്ത് നിന്ന് 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20നാണ് കണ്ണൂരിലെത്തിയത്. നിശ്ചയിച്ച സമയത്ത് തന്നെ ട്രെയിന്‍ കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ലോക്കോ പൈലറ്റ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ 50 മിനിറ്റ് കൊണ്ടാണ് ആദ്യ സ്റ്റേഷനായ കൊല്ലത്ത് എത്തിയത്. രണ്ടാമത്തെ സ്റ്റോപ്പായ കോട്ടയത്ത് എത്താന്‍ എടുത്തത് രണ്ടുമണിക്കൂര്‍ 18 മിനിറ്റ്. കോട്ടയത്ത് 7.28നാണ് ട്രെയിന്‍ എത്തിയത്.
കോട്ടയത്ത് നിന്ന് എറണാകുളത്ത് എത്താന്‍ ട്രെയിന്‍ എടുത്തത് ഒരു മണിക്കൂര്‍. തിരുവനന്തപുരത്ത് നിന്ന് എറണാകുളം എത്താന്‍ ട്രെയിന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്. 8.28നാണ് ട്രെയിന്‍ സ്റ്റേഷനിലെത്തിയത്. തൂശൂരില്‍ 9.37നും തിരൂരില്‍ 10.46നും ട്രെയിന്‍ എത്തി. കോഴിക്കോട് ആറുമണിക്കൂര്‍ ഏഴുമിനിറ്റ് കൊണ്ടാണ് ട്രെയിന്‍ എത്തിയത്. 11.17നാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത്. ഒടുവില്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലും എത്തിയതോടെ ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിൽക്കുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടരുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4660 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവാലപ്പുറത്ത് ദേവി ക്ഷേത്രത്തിൽ വിഷു മുതൽ പത്താമുദയം വരെ വിഷുപ്പുലരി മഹോത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും സായാഹ്ന ഭക്ഷണവും കലാപരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു. ഒന്നാം ദിവസമായ ഏപ്രിൽ 15ന് തൃക്കൊടിയേറി. ഏപ്രിൽ 16ന് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.
മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 6:45ന് ക്ലാസിക്കൽ ഡാൻസ് ആൻഡ് മ്യൂസിക് ഷോ നടക്കും. നാലാം ദിവസം (ഏപ്രിൽ 18)ന് രാത്രി 9:00 ന് ഓട്ടൻതുള്ളൽ, അഞ്ചാം ദിവസം (ഏപ്രിൽ 19)ന് രാത്രി 8 ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേള, ആറാം ദിവസം (ഏപ്രിൽ 20)ന് രാത്രി 8:00ന് ടീം തിരുവാലപ്പുറം അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ ഷോയും സംഘടിപ്പിയ്ക്കും.
ഏഴാം ദിവസം (ഏപ്രിൽ 21)ന് രാവിലെ 8:00 ന് സമൂഹപൊങ്കാല തുടർന്ന് രാത്രി 6:45ന് അജയ് വെള്ളരിപ്പണ അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് ഗാനമേള,
എട്ടാം ദിവസം (ഏപ്രിൽ 22) വൈകിട്ട് 8:00ന് ഡാൻസ് മെഗാഷോ, ഒൻപതാം ദിവസം (ഏപ്രിൽ 23)ന് രാവിലെ 10:30ന് തിരുവാലപ്പുറം സദ്യ തുടർന്ന് രാത്രി 6:45ന് സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്ന തൃയംബകം ഡാൻസ് ധമാക്കയും നടക്കും. ഏപ്രിൽ 24ന് വൈകിട്ട് 6:30ന് പുഷ്പാഭിഷേകവും തുടർന്ന് രാത്രി 8:00ന് തിരു ആറാട്ടോടു കൂടി ഉത്സവം സമാപിയ്ക്കും.
by Midhun HP News | Apr 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരു സൈനികന്‍ പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. നാലു ജവാന്മാരെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ മാസം 12 ന് പുലര്‍ച്ചെ 4.35 നാണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവെയ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.
വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ച് മുഖം മൂടി വെച്ച രണ്ടു പേര്‍ റൈഫിളും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമല്ലെന്ന് പൊലീസ് എസ്പി നേരത്തെ അറിയിച്ചിരുന്നു.
Recent Comments