കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തു വിവാദത്തില്‍ കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം എറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചു.

തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ എല്‍പ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാര്‍ച്ച് 13 ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യങ്ങള്‍ പരിശോധിച്ചായിരുന്നു കുട്ടിയുടെ സംരക്ഷണം ദമ്പതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുന്നു: 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന

രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുന്നു: 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമായി കുതിച്ചുയര്‍ന്നു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,587 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. ഒമൈക്രോണ്‍ ഉപവകഭേദമാണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു. രാജ്യത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നത് കണക്കിലെടുത്ത്, വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊച്ചി: ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പറവൂർ ഡിപ്പോയിലെ ബസ് ഡ്രൈവർ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്പെൻഡ് ചെയ്തത്. ബസിൽ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാൾ അടിക്കുകയായിരുന്നു.

ജനുവരി 30നു വൈകിട്ട് 4ന് പറവൂർ ഡിപ്പോയിൽ നിന്ന് ചാത്തനാട്ടേക്കുള്ള ബസിൽ കയറിയ വിദ്യാർത്ഥിനിക്കാണ് മർദനമേറ്റത്. മുൻപും ഇയാൾ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5590 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4655 രൂപയാണ്. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു.

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

യേശു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. യേശു ക്രിസ്തു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്.

‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം. യേശുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും.

അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും.

അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് നല്‍കുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളില്‍ കുരിശ് അടയാളത്തില്‍ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യര്‍ക്ക് നല്‍കിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മക്കായി ഇത് ഭക്ഷിപ്പിന്‍ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.