പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ എസ്‌ഐക്കെക്ക് സസ്‌പെന്‍ഷന്‍. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ മുജീബ് റഹ്മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പരാതി നല്‍കാനെത്തിയ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പത്തനംതിട്ടയിലെ ഡോക്ടറെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അവരുടെ കൈയില്‍ നിന്ന് ഇയാള്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്മാന്‍

കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ആകാശവാണി ശ്രോതാക്കളെ‌ ആവേശത്തിലാഴ്ത്തി മോഹൻലാൽ; റേഡിയോ നാടകവുമായി നടൻ

ആകാശവാണി ശ്രോതാക്കളെ‌ ആവേശത്തിലാഴ്ത്തി മോഹൻലാൽ; റേഡിയോ നാടകവുമായി നടൻ

റേഡിയോ ശ്രോതാക്കളെ ആവേശത്തിലാക്കി ആകാശവാണിയുടെ ‘അഖില കേരള റോഡിയോ നാടകോത്സവ’ത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും എത്തുന്നു. രണ്ട് ഓഡിയോ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്. ‘ദൈവത്തിന്റെ മനമാരു കണ്ടു’, ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയത്.

തിരുവനന്തപുരം നിലയം നിർമിക്കുന്ന ദൈവത്തിന്റെ മനമാരു കണ്ടു നാടകം മെയ് 11-ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിർവഹിക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എംആർ ​ഗോപകുമാർ, ഭാ​ഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, നന്ദു, സാജൻ‌ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിനൊപ്പം ഇതിൽ അണിനിരക്കുന്നത്.

കൊച്ചി നിലയം നിർമിക്കുന്ന കടങ്കഥയിലെ വിരുന്നുകാരൻ മെയ് 17 ന് രാത്രി 9:30-ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനഃപ്രക്ഷേപണം മെയ് 18 ഉച്ചയ്ക്ക് 1 മണിക്കായിരിക്കും. എം വി ശശികുമാറും എൻ എസ് ജയമോഹനും സംയുക്തമായി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന മുഹമ്മദ് റോഷൻ ആണ്.കൈലാസ് മേനോൻ ആണ് പശ്ചാത്തല ശബ്ദവിന്യാസം നിർവഹിക്കുന്നത്. മോഹൻലാൽ ഏക പുരുഷ കഥാപാത്രമായി ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ ശബ്ദം നൽകുന്നുണ്ട്.

ഇതാദ്യമായല്ല മോഹൻലാൽ ആകാശവാണി റേഡിയോ നാടകങ്ങളുടെ ഭാഗമാകുന്നത്. ആകാശവാണിക്കായി ‘ജീവനുള്ള പ്രതിമകൾ’, ‘കത്തുകൾ കഥ പറയുന്നു’ എന്നീ റേഡിയോ നാടകങ്ങൾക്ക് മോഹൻലാൽ ശബ്ദം നൽകിയിരുന്നു.

ഇറാന്‍ യുദ്ധം ബാധിച്ചില്ല; ഗള്‍ഫ് മലയാളികളുടെ പണമയക്കല്‍ കൂടി, കണക്ക് ഇങ്ങനെ

ഇറാന്‍ യുദ്ധം ബാധിച്ചില്ല; ഗള്‍ഫ് മലയാളികളുടെ പണമയക്കല്‍ കൂടി, കണക്ക് ഇങ്ങനെ

കൊച്ചി: പശ്ചിമേഷ്യന്‍ പ്രതിസന്ധി ആശങ്കകള്‍ വര്‍ധിപ്പിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കല്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതായി കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍. പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിന് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കേരളം അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തിന്‍റെ ഏകദേശം 19-20 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ജിസിസി സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും വീട്ടുപയോഗം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങള്‍, സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഭൗമരാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിലും കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു എന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ നാലാംപാദ ഫല കണക്കുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് കെ വി എസ് മണിയന്‍ ഇക്കാര്യം പറഞ്ഞത്. ‘വന്‍തോതിലുള്ള തൊഴില്‍ നഷ്ടമോ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമോ ഉണ്ടാകാത്തിടത്തോളം ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നിലവില്‍ ശുഭസൂചനകളാണ് കാണുന്നത്’ – അദ്ദേഹം പറഞ്ഞു.

സംഘര്‍ഷം ലഘൂകരിക്കപ്പെട്ടാല്‍ പോലും മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ ആവശ്യം നിലനിര്‍ത്താനും പണമയക്കല്‍ ശക്തമായി തുടരാനും സഹായിക്കും. മുന്‍പും ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും മാര്‍ച്ചിലും ഏപ്രിലിലും ഫെബ്രുവരിയേക്കാള്‍ ഉയര്‍ന്ന പണമയക്കല്‍ രേഖപ്പെടുത്തിയതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് പി വി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് വഴി ഏകദേശം 2.74 ലക്ഷം കോടി രൂപയുടെ പ്രവാസി നിക്ഷേപമാണ് എത്തിയത്. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാന്ദ്യത്തിന്റെ സൂചനകളില്ലെന്നും ജോയ് പി വി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പല പ്രവാസികളും പതിവിലും നേരത്തെ പണം നാട്ടിലേക്ക് അയക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു ബാങ്കുകളിലും സമാനമായ പ്രവണതയാണുള്ളത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആശങ്കാകുലരായ പ്രവാസികള്‍ പണം അയക്കുന്നതില്‍ വലിയ വര്‍ധന വരുത്തിയതായി ഇസാഫ് (ESAF) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി പറഞ്ഞു. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. ഗള്‍ഫ് സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസവും അനുകൂലമായ വിനിമയ നിരക്കും (Exchange rate) ഈ വര്‍ധനയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം പണമയക്കല്‍ കുറയാന്‍ കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള വരുമാനം ഇന്ത്യയുടെ ആകെ പ്രവാസി വരുമാനത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗത്തോളം വരുന്നതിനാല്‍ ഈ പ്രതിസന്ധി രാജ്യത്തിന് ഏറെ നിര്‍ണ്ണായകമാണ്.

സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തിലും മാര്‍ച്ചില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ 30-35 ശതമാനം വര്‍ധന ഉണ്ടായതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒഴിപ്പിക്കല്‍ ഭീതിയോ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയോ കാരണം പ്രവാസികള്‍ മുന്‍കൂട്ടി പണം നാട്ടിലേക്ക് അയക്കുന്നതാണ് ഈ വര്‍ധനയ്ക്ക് കാരണം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയ്ക്കല്‍ 13700-14000 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം.

പട നയിച്ച ആളെന്നും, പട ഒരുക്കിയ ആളെന്നും, പരിചയ സമ്പത്തുള്ള ആളെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളെല്ലാം മാറ്റണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.

ഈ ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ മാറ്റുന്നതിനിടെയാണ്, തരൂരിനായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ എതിര്‍വശത്താണ് ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള ബോര്‍ഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കെജിഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം ഷഹാബ്ദീന്‍ എന്നയാളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇനി മുതൽ 27 രൂപ; സപ്ലൈകോ അരിക്ക് രണ്ട് രൂപ കൂട്ടി

ഇനി മുതൽ 27 രൂപ; സപ്ലൈകോ അരിക്ക് രണ്ട് രൂപ കൂട്ടി

കൊച്ചി: സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ​ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോ​ഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം. എഫ്സിഐയിൽ നിന്ന് വാങ്ങുന്ന അരിയുടെ വിലയിൽ വന്ന മാറ്റമാണ് പ്രധാന കാരണമായി പറയുന്നത്.

22.50 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഈ മാസത്തേക്ക് വാങ്ങിയപ്പോൾ 23.25 ആയി. 75 പൈസ മാത്രമാണ് വർധന. ചെലവ് കൂടിയെങ്കിലും കുറേക്കാലത്തിന് ശേഷമാണ് വില കൂട്ടിയതെന്നാണ് എഫ്സിഐയുടെ വിശദീകരണം. സംസ്ഥാനം ഇപ്പോൾ ഓരോ മാസത്തേക്കുള്ള അരിയാണ് എഫ്സിഐയിൽ നിന്ന് എടുക്കുന്നത്. സംസ്ഥാനത്ത് താല്പര്യമുള്ള ആന്ധ്ര അരിയും മറ്റും അതത് മാസത്തെ വരവ് നോക്കി വാങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് മാറ്റം.

ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; ​ഗുരുതര പരിക്ക്

ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; ​ഗുരുതര പരിക്ക്

തൃശൂർ: തൃക്കൂരിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനെ (37) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ തൃക്കൂർ മരത്താക്കര നെല്ലിച്ചോട് വെച്ചായിരുന്നു ആക്രമണം.

ജിമ്മിൽ നിന്നിറങ്ങിയ ബിനസിനെ പുറകിൽ നിന്ന് വന്ന ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിൻ്റെ തലയിൽ വീണ്ടും ഇയാൾ രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചു.നാട്ടുകാരാണ് ബിനസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ ശേഷം പ്രതി ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.