വെയിലൂർ ജി എച്ച് എസിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

വെയിലൂർ ജി എച്ച് എസിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാന സർക്കാർ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബഹുനില മന്ദിരങ്ങളുടെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കി. മൂവായിരം കോടി രൂപയുടെ വികസനമാണ് ഇക്കാലയളവിൽ ഉണ്ടായത്. പത്തരലക്ഷം ലക്ഷം പുതിയ കുട്ടികളാണ് ഇക്കാലയളവിൽ പൊതുവിദ്യാഭ്യാസ ധാരയോടൊപ്പം ചേർന്നത്. കിഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങൾ, ലാബുകൾ, ലൈബ്രറികൾ, തുടങ്ങിയവ നമ്മുടെ വിദ്യാലയങ്ങളിൽ ഉയർന്നു. ക്ലാസ്സുകൾ ഹൈടെക്കായി. വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും സ്കൂളുകളിലുണ്ടായി. കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം പ്രഥമ ശ്രേണിയിലായെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നബാർഡ് ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. ചിറയിൻകീഴ് എംഎൽഎ വി ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഒപ്പം ചാരിറ്റി

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഒപ്പം ചാരിറ്റി

കരവാരം പഞ്ചായത്തിൽ ഞാറയ്ക്കാട്ടുവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒപ്പം ചാരിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഞാറയ്ക്കാട്ടുവിള അംഗനവാടിയിൽ മാർച്ച് 5 ഞായറാഴ്ച നടന്ന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. നഗരൂർ പോലീസ് സബ് ഇൻസ്പെക്റ്റർ ഇതിഹാസ് താഹ വിശിഷ്ടാതിഥിയായിരുന്നു. നഗരൂർ ദേവി സ്കാൻസിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.

കൊറോണയ്ക്ക് ശേഷം തിരിച്ചറിയപ്പെടാതെ കിടക്കുന്ന ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്ന ആപത്ത് വർദ്ധിച്ചു വരുന്നതിനാലാണ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഒപ്പം ചാരിറ്റിയുടെ സെക്രട്ടറി രവിലാൽ പറഞ്ഞു. കൂടാതെ, കഴിഞ്ഞ അഞ്ച് കൊല്ലങ്ങളായി ചെയ്ത് വരുന്നതുപോലെ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന ആളുകളുടെ ഉന്നമനത്തിനായി ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിലുള്ള ഫലപ്രദമായ ഇടപെടലുകൾ ഒപ്പം ചാരിറ്റി ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്; തരുണാസ്ഥി പൊട്ടി

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്; തരുണാസ്ഥി പൊട്ടി

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. ‘പ്രോജക്ട് കെ’ യുടെ ഹൈദരബാദിലെ സെറ്റില്‍ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്. തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അമിതാഭ് മുംബൈയിലെ വസതിയില്‍ വിശ്രമിക്കുകയാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. പരിക്കില്‍ നിന്ന് ഭേദമാകാന്‍ ആഴ്ചകള്‍ എടുക്കുമെന്നും നടന്‍ അറിയിച്ചു. പരിക്കേറ്റ അമിതാഭിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ സിടി സ്‌കാനിംങിന് വിധേയനാക്കി. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

നടിയെ ആക്രമിച്ച സംഭവം: പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച സംഭവം: പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ നടിയ്ക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്രയും വര്‍ഷമായി പ്രതി ജയിലില്‍ കിടന്നു എന്നതുകൊണ്ടു മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടന്‍ ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 മാര്‍ച്ചില്‍ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

യൂണിഫോമും അരിയും ഒന്നിച്ചു നൽകുന്നു; പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യം

യൂണിഫോമും അരിയും ഒന്നിച്ചു നൽകുന്നു; പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യം

മധ്യവേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കും മുമ്പ്‌ പാഠപുസ്‌തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകി സംസ്ഥാന സർക്കാർ കുട്ടികൾക്ക്‌ കരുതലാകുന്നു. മുമ്പ്‌ പാഠപുസ്‌തകങ്ങൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും യൂണിഫോമും അരിയുമുൾപ്പെടെ ഒന്നിച്ച്‌ സ്‌കൂൾ അടയ്‌ക്കുംമുമ്പേ നൽകുന്നത്‌ ചരിത്രത്തിൽ ആദ്യമായാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

9 , 10 ക്ലാസുകളിലെ ഒന്നാം വോള്യം പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. സംസ്ഥാനതല വിതരണോദ്‌ഘാടനം 25ന് പകൽ മൂന്നിന്‌ ആലപ്പുഴയിൽ നടക്കും. 40 ലക്ഷം പാഠപുസ്തകം വിതരണത്തിന്‌ ജില്ലാ ഹബ്ബുകളിലെത്തിച്ചു. കുടുംബശ്രീ വഴിയാണ് പുസ്തകവിതരണം. 2023–24 അധ്യയനവർഷം മുഴുവൻ ക്ലാസുകളിലുമായി 2. 9 കോടി പാഠപുസ്‌തകമാണ്‌ ആവശ്യമുള്ളത്‌. മറ്റു ക്ലാസുകളിലെ പുസ്‌തക അച്ചടി അതിവേഗം പുരോഗമിക്കുന്നു. അടുത്ത അധ്യയനവർഷത്തെ യൂണിഫോമിന്‌ 130 കോടി രൂപ വകയിരുത്തി.

സൗജന്യ കൈത്തറി യൂണിഫോമിനുള്ള 42 ലക്ഷം മീറ്റർ തുണിസജ്ജമാക്കി. 10 ലക്ഷം കുട്ടികൾക്ക്‌ ഇവ ലഭ്യമാകും. സംസ്ഥാന ഉദ്‌ഘാടനം 25ന് രാവിലെ 10ന്‌ എറണാകുളത്ത്‌ നടത്തും. യൂണിഫോം ലഭ്യമാകാത്ത കുട്ടികൾക്ക്‌ തുക അനുവദിക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക്‌ മധ്യവേനലവധിക്ക്‌ അഞ്ചുകിലോ അരി വീതം നൽകും. 20ന്‌ അരിവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആറ്റുകാൽ പൊങ്കാല: ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാല: ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.