by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിജയസാധ്യതകളിൽനിന്ന് ഇന്ത്യയെ ‘അടിച്ചകറ്റിയ’ ഓസീസിന്, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം. ഒൻപത് വിക്കറ്റിനാണ് ഓസ്ട്രേലിയ ആതിഥേയരെ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം, വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇന്ത്യ– 109, 163. ഓസ്ട്രേലിയ– 197, ഒന്നിന് 78.ഇതോടെ, നാലു ടെസ്റ്റുകളുള്ള പരമ്പര ഓസീസ് 2–1ൽ എത്തിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പര നിലനിർത്തിയിരുന്നു. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഓസീസിനെ നയിച്ച സ്റ്റീവ് സ്മിത്തിനും വിജയത്തോടെ നായക സ്ഥാനത്തേക്ക് രാജകീയ തിരിച്ചുവരവ്.
സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേയ്ക്കു മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് താൽക്കാലിക നായകനായത്. പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഒൻപതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ.താരതമ്യേന ചെറിയ വിജയലക്ഷ്യങ്ങൾക്കു മുന്നിൽ ഇത്തരം പിച്ചുകളിൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തെളിയിച്ചാണ് ഓസീസ് അനായാസം ജയിച്ചുകയറിയത്. ഓപ്പണർ ഉസ്‌മാൻ ഖവാജയെ മൂന്നാം ദിനത്തിലെ രണ്ടാം പന്തിൽത്തന്നെ നഷ്ടമായ ഓസീസിന്, 53 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത സഹ ഓപ്പണർ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. മാർനസ് ലബുഷെയ്നും 58 പന്തിൽ ആറു ഫോറുകളോടെ 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഹെഡ് – ലബുഷെയ്ൻ സഖ്യം 78 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി അശ്വിൻ 9.5 ഓവറിൽ 44 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ വിജയകരമായി പ്രതിരോധിച്ച ചെറിയ വിജയലക്ഷ്യം 85 റൺസ് ആണെന്ന ചരിത്രത്തിലേക്ക് ഉറ്റുനോക്കിയാണ് 76 റൺസ് വിജയലക്ഷ്യത്തിലേക്ക് ഓസീസ് ഇന്ന് ബാറ്റെടുത്തത്. പിച്ചിൽ സ്പിൻ കെണിയൊരുക്കി എതിരാളികളെ വട്ടംകറക്കി വീഴ്ത്താനിറങ്ങിയ ഇന്ത്യയ്ക്ക് ഓസീസ് സ്പിന്നർ നേഥൻ ലയണാണ് എട്ടിന്റെ പണി സമ്മാനിച്ചത്. 64 റൺസ് വഴങ്ങിയ 8 വിക്കറ്റെടുത്ത ലയൺ ബാറ്റിങ് നിരയുടെ തലയും വാലും അറുത്തപ്പോൾ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 163 റൺസിന് പുറത്ത്. 3 ദിവസവും 10 വിക്കറ്റുകളും ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് മുന്നിലുയർന്നത് വെറും 76 റൺസിന്റെ വിജയലക്ഷ്യം.
കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനവുമായി നേഥൻ ലയൺ തിളങ്ങിയ ദിവസം ഇന്ത്യ നേരിട്ടത് വലിയ ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റൺസിൽ അവസാനിപ്പിച്ച ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു നിലയുറപ്പിക്കാൻ പോലുമായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ തകർച്ചയ്ക്കു നേഥൻ ലയൺ തുടക്കമിട്ടത് രണ്ടാം സെഷനിലെ ആദ്യ ഓവറിൽ. ശുഭ്മൻ ഗിൽ (5) ബോൾഡ്. രോഹിത് ശർമ (12), രവീന്ദ്ര ജഡേജ (7) എന്നിവർ ലയണിന്റെ ഇരകളായപ്പോൾ വിരാട് കോലിയെ (13) മാത്യു കോനമൻ എൽബിഡബ്ല്യുവാക്കി. 4ന് 78 എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്കു നേരിയ ആശ്വാസം നൽകിയത് ചേതേശ്വർ പൂജാരയും (59) ശ്രേയസ് അയ്യരും (26) ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. എന്നാൽ, ടീം സ്കോർ 113ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഉസ്മാൻ ഖവാജയുടെ ഉജ്വല ക്യാച്ചിൽ ശ്രേയസ് പുറത്തായി. തുടർന്ന് 50 റൺസിനിടെ ഇന്ത്യയുടെ അവസാന 5 വിക്കറ്റുകൾ എറിഞ്ഞിട്ട ലയൺ, മുൻ ടെസ്റ്റുകളിൽ ഇന്ത്യയെ രക്ഷിച്ച വാലറ്റത്തിന് തല പൊക്കാൻ ഇത്തവണ അവസരം നൽകിയില്ല. എട്ടാം വിക്കറ്റ് വരെ പിടിച്ചുനിന്ന പൂജാരയ്ക്കു മാത്രമാണ് ലയണിനെ പ്രതിരോധിക്കാനായത്. ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യ 200 റൺസിൽ താഴെ പുറത്താകുന്നത് 45 വർഷത്തിനിടെ ഇതു രണ്ടാം തവണയാണ്.
രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്കു ആശ്വസിക്കാൻ വക നൽകിയത് ആദ്യ സെഷനിലെ ബോളിങ് പ്രകടനം മാത്രം. 4ന് 156 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 186ൽ എത്തിയിരുന്നു. എന്നാൽ തുടർന്ന് 11 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ സന്ദർശകരെ 197 റൺസിൽ ചുരുട്ടിക്കെട്ടി. 3 വീതം വിക്കറ്റുകളുമായി പേസർ ഉമേഷ് യാദവും സ്പിന്നർ രവിചന്ദ്ര അശ്വിനും തിളങ്ങി. 88 റൺസ് ലീഡിന്റെ ആധിപത്യവുമായാണ് ഓസ്ട്രേലിയ ഇന്ത്യയെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനയച്ചത്.
by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഏഴാം തീയതി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടിത്തം. പ്രധാന ഓഫീസ് മുറിയിലെ ഫയലുകളും, കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളടക്കം കത്തി നശിച്ചു . വ്യാഴാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും തീയും പുകയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ സമീപ ജംഗ്ഷനായ ചെമ്പരത്തു മുക്കിൽ എത്തി അവിടെ നിന്നവരോട് വിവരം പറയുകയായിരുന്നു.

തുടർന്ന് അനന്ദു, അൻസാരി, ചന്ദു, ഹിജാസ്, ഡാർവിഷ് എന്നിവർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിലെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ് ലറ്റിൽ നിന്നും വെള്ളം തളിച്ച് തീ അണക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ആറ്റിങ്ങലിൽ നിന്നും അസി: സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നും അഗ്നി രക്ഷാ സേനയും എത്തിയിരുന്നു. തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓഫീസിലെ A 3 സെക്ഷൻ പൂർണമായും കത്തി നശിച്ചു. ഐജി എൽ എം എസ് ആയതിനാൽ സെർവ റിൽ നിന്നും ഫയൽ വീണ്ടെടുക്കാമെന്ന് കരുതുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് അഗ്നി രക്ഷാ സംഘം അറിയിച്ചു.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനാണ് തീരുമാനം.

ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്ന് മാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാര്‍ക്കും പരിശീലനം നൽകാനും തീരുമാനമായി. ആഭ്യന്തര വിജിലൻസ് സെല്ലില്‍ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണം. കോടതി വെറുതെ വിടുന്ന കേസുകളില്‍ സമയബന്ധിതമായി അപ്പീല്‍ ഫയല്‍ ചെയ്യണം. രണ്ട് മാസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കണം.
ഹൈക്കോടതിയില്‍ വിജിലന്‍സ് കാര്യങ്ങള്‍ നോക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കും. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. അവര്‍ക്ക് വിജിലന്‍സ് ജോലി സംബന്ധിച്ച് പരിശീലനം നല്‍കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ ജി ഹര്‍ഷിത അട്ടല്ലൂരി, എസ് പിമാരായ ഇ എസ് ബിജുമോന്‍, റെജി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കര കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് (03/03/2023) ശാർക്കര യിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഉച്ചക്ക് 2.00 മണി മുതൽ രാത്രി 9.00 മണിവരെ ശാർക്കര ക്ഷേത്രം ചുറ്റിയുളള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. ഉച്ചമുതൽ ശാർക്കര ക്ഷേത്രത്തിലേയ്ക്കു വലിയകട, അഴൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്തു പാർക്ക് ചെയ്യണം. കടയ്ക്കാവൂർ നിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ചിറയിൻകീഴ് നിന്ന് കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വഴിയോ, അഴൂർ പാലം, പെരുമാതുറ വഴിയോ പോകേണ്ടതാണ്.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു.കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു
9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ടു വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.
Recent Comments