തുർക്കി സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു

തുർക്കി: തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പവുമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി.5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം സിറിയയിലേക്ക് തിരിച്ചു.

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ബിബിസി സംപ്രേഷണം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രവര്‍ത്തനം രാജ്യത്തു വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെടുന്നത്. ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിനകത്തെ ബിബിസി ഇന്ത്യയുടെ പ്രവര്‍ത്തനവും നിരോധിക്കണം.

ഇന്ത്യ വിരുദ്ധ, കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടേയും, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയെയും, ബിബിസിയുടെ ഇന്ത്യയിലെ ജേര്‍ണലിസ്റ്റുകളെപ്പറ്റിയും അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിൽ ഹിന്ദുസേനയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മുന്‍ കര്‍ണാടക മന്ത്രി ടി ജോണ്‍ അന്തരിച്ചു

മുന്‍ കര്‍ണാടക മന്ത്രി ടി ജോണ്‍ അന്തരിച്ചു

ബാംഗ്ലൂർ: കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്നു അന്ത്യം. എസ്എം കൃഷ്ണ മന്ത്രിസഭയില്‍ അടിസ്ഥാന സൗകര്യവികസന മന്ത്രിയായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ബാംഗ്ലൂർ ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും.

ഐഎസ്ആർഒയ്ക്ക് കരുത്തായി പുതിയ റോക്കറ്റ്: എസ്എസ്എൽവി വിക്ഷേപണം വിജയകരം

ഐഎസ്ആർഒയ്ക്ക് കരുത്തായി പുതിയ റോക്കറ്റ്: എസ്എസ്എൽവി വിക്ഷേപണം വിജയകരം

ചെന്നൈ: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കകം എസ്.എസ്.എൽവി ഈ ദൗത്യം വിജയകരമായി പൂ‍ർത്തിയാക്കി. രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവിയെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആ‍ർഒ ഇറങ്ങിയത്. ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും.

ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി, സ്റ്റേ നീക്കി

ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി, സ്റ്റേ നീക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ബാബു അഭിപ്രായപ്പെട്ടു. ഇതില്‍ അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാകൂ. വ്യാജരേഖ ചമയ്ക്കലും കോടതിയെ തെറ്റിദ്ധരിപ്പിക്കലുമാണ് ഉണ്ടായതെന്ന് ബഞ്ച് പരാമര്‍ശിച്ചു.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സൈബി ജോസിന് പകരം ജൂനിയറാണ് ഇന്ന് ഹാജരായത്. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.