സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും, ആസ്മിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് ഫെബ്രുവരി 4 ശനിയാഴ്ച ആലംകോട് എൽപിഎസിൽ

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി പുകയിലജന്യ രോഗങ്ങളും
ജീവിത ശൈലിയും, ശീലങ്ങളും കാരണമുണ്ടാകുന്ന വദന രോഗങ്ങളെയും കാൻസർ രോഗവും മുൻകൂട്ടി തിരിച്ചറിയുന്നതിനും ,
വദനജന്യ രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പൊതു അവബോധം വളർത്തിയെടുക്കന്നതിനുമായി സംഘടിപ്പിക്കുന്ന അവബോധന ക്ലാസ്സിലേക്കും സൗജന്യ പരിശോധനാ ക്യാമ്പിലേക്കുo ഏവർക്കും സ്വാഗതം.

– ഓറൽ സ്കാനിംഗ് ഉൾപ്പെടെ നൂതനവും മികവുറ്റതുമായ പരിശോധനാ രീതികളും , വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും , ആസ്മിക്കും. സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശോധനാ ക്യാമ്പ് ഏവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

തീയതി : ഫെബ്രുവരി 4 ശനിയാഴ്ച

സ്ഥലം : ഗവ. LPS , ആലംകോട്

സമയം : രാവിലെ 10 മണി മുതൽ 12 മണി വരെ

മേയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി; വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ആയിരം കോടി

മേയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി; വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ആയിരം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളും ഒരുക്കി ബൃഹത്തായ മേയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മേയ്ക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രകാരം 2021-2022 ല്‍ സംസ്ഥാനത്തിന്റെ കയറ്റുമതി 74,000 കോടി രൂപയുടേതാണ്. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മെയ്ക്ക് ഇന്‍ കേരളയ്ക്ക് ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരളയില്‍ മുഖ്യ പരിഗണന നല്‍കും.

സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശ ഇളവ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. മെയ്ക് ഇന്‍ കേരളയുടെ ഭാഗമായി പദ്ധതി കാലയളവില്‍ ആയിരം കോടി രൂപയാകും അനുവദിക്കുക. കേരളത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാനാകും. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലകളില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയ പാത 66 ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും, തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിംഗ് രോഡ് നിര്‍മ്മിക്കും.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇതു മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പുകള്‍ രൂപം കൊള്ളും. ഏകദേശം 5000 കോടി വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി ആയിരം കോടി വകയിരുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്‌റ്റേഷനുകള്‍; 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്‌റ്റേഷനുകള്‍; 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 7.8 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു. 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും.

സ്റ്റാര്‍ട്ട്അപ്പ് മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി. ടെക്‌നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.

വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്‌സിഡിക്ക് 600 കോടിയും വകയിരുത്തി. വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയതായും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ട്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനമാണ് വളര്‍ച്ച. തനത് വരുമാനം 85,000 കോടിയായി ഉയരും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തെ ഇകഴ്ത്തിക്കെട്ടാനാണ് ശ്രമം നടത്തുന്നത്. ക്ഷേമ വികസനകേന്ദ്രനയം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഭരണസംവിധാനം കാര്യക്ഷമമായി പുനഃസംഘടിപ്പിക്കും. യുവാക്കളെ കേരളത്തില്‍ തന്നെ നിര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബി ബാധ്യതയെ സംസ്ഥാന ബാധ്യതയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്നവര്‍ ആരുടെ ഭാഗത്താണ് നില്‍ക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു.

വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു

വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു

തിരുവനന്തപുരം: വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവത്തില്‍ കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. അമ്മൂമ്മയ്ക്ക് നോട്ടീസ് നൽകി വർക്കല പൊലീസ് വിട്ടയച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലും മുതിർന്ന പൗരയെന്ന നിലയിലും അറസ്റ്റ് അനിവാര്യമല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടിയുടെ അച്ഛനെതിരെ എടുത്ത കേസും പിൻവലിക്കും. അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. വാർഡ് അംഗത്തിന്റെ പരാതിയിലാണ് അച്ഛനെയും പൊലീസ് പ്രതി ചേർത്തിരുന്നത്. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ് തുടങ്ങി.

വര്‍ക്കല കല്ലുമലക്കുന്നിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് നാലര വയസുകാരിയെ വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയത്. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പ്ലേ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചത്. അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊക്കോളാം എന്ന് പെൺകുട്ടി കരഞ്ഞ് പറഞ്ഞെങ്കിലും വകവച്ചില്ല. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്. അയൽവാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.

പോത്തൻകോട്ട് മന്ത് രോഗം പടരുന്നതായി റിപ്പോർട്ട് ; പരിശോധന കർശനമാക്കി

പോത്തൻകോട്ട് മന്ത് രോഗം പടരുന്നതായി റിപ്പോർട്ട് ; പരിശോധന കർശനമാക്കി

പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റുള്ള അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല.

അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തിയത്.

ആറു കേന്ദ്രങ്ങളിൽ 210 അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും കെട്ടിട ഉടമകളായ നവാസ് ,സെൽവൻ, സെൽവരാജ് ,ബദറുദ്ദീൻ, അസീസ് എന്നിവർക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു. രണ്ട് മാസം മുൻപു വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയായ നവാസിനെ കെട്ടിടം വൃത്തിഹീനമാണെന്നും അത് ശരിയാക്കാതെ വാടക തരില്ലെന്നും,
തുടർന്ന് തൊഴിലാളികളും കെട്ടിട ഉടമയും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ സഹോദരങ്ങളായ അതിഥി തൊഴിലാളികൾ ഇരുമ്പുവടി കൊണ്ട് കെട്ടിട ഉടമയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് രണ്ട് പേരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മുഴുവൻ അതിഥി തൊഴിലാളികളുടെയും രേഖകൾ പോലീസിൽ ഹാജരാക്കണമെന്ന് പോത്തൻകോട് സി ഐ മിഥുൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ആരും ഇതുവരെ ഹാജരാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് പോലീസും ആരോഗ്യ വകുപ്പും പറഞ്ഞു. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും മന്ത് രോഗ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റ്റി ആർ അനിൽ പറഞ്ഞു.