by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വേനൽ കനത്തതോടെ പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്‌ഥലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമായിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചത് ഉൾപ്പെടെ വലിയ ദുരന്തങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചൂടു കൂടിയതും അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതുമാണ് തീപിടിത്തത്തിനു പ്രധാന കാരണങ്ങൾ.
ഇവ ശ്രദ്ധിക്കൂ..
◾️ 11 മുതൽ 3 വരെയുള്ള സമയത്ത് ഒരു കാരണവശാലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്.
◾️ പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ അണയ്ക്കണം.
◾️ കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാതിരിക്കാനും ശ്രദ്ധിക്കണം.
◾️കൂനയായി ഇട്ട് ഒരുമിച്ച് തീ കൊടുക്കുന്നതിനു പകരം നിരത്തിയിട്ട് തീ കൊടുക്കുക.
◾️ വീടുകളുടെ പരിസരത്ത് 3 മീറ്റർ വീതിയിൽ കരിയില നീക്കം ചെയ്ത് ‘ഫയർ ബ്രേക്കറുകൾ’ സ്ഥാപിക്കണം.
◾️കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ 5 മീറ്റർ വരമ്പ് എങ്കിലും കാടു നീക്കം ചെയ്ത് തീപിടിത്ത സാധ്യത ഇല്ലാതാക്കണം.
◾️ റബർ തോട്ടങ്ങളിൽ തീ ഇടാതിരിക്കുക.
◾️ എല്ലാ കെട്ടിടങ്ങളിലും ആവശ്യത്തിനു നീളമുള്ള ഹോസ് റീലുകൾ, ആവശ്യത്തിനു വെള്ളം, ഹോസിൽ നിന്നു വെള്ളം ശക്തിയായി പമ്പ് ചെയ്യാനുള്ള ബ്രാഞ്ച് എന്നിവ അത്യാവശ്യം.
◾️ ഫയർ എക്സ്റ്റിംഗ്വിഷർ.
◾️എല്ലാ നിലകൾക്കും വിസ്താരമേറിയ എമർജൻസി എക്സിറ്റ്.
◾️ എമർജൻസി എക്സിറ്റിൽ ഒരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാവരുത്.
◾️ പുക തിരിച്ചറിഞ്ഞ് അപകട സൈറൺ മുഴക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിന്റെ നിർമാണ സമയത്തുതന്നെ ഒരുക്കാം.
◾️തീപിടിച്ച മുറിയിൽ പെട്ടുപോയാൽ മുറിയുടെ നാലു മൂലകളിലായാണ് നിൽക്കേണ്ടത്.
കെട്ടിടങ്ങളിലെ മുൻകരുതലുകളെ സംബന്ധിച്ച് ഫയർഫോഴ്സിന്റെ പ്രത്യേക ഇൻസ്പെക്‌ഷൻ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാവും.

by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തെന്മല ∙ കളംകുന്നു വഴി പരപ്പാർ അണക്കെട്ടിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിരോധിച്ചു. കളംകുന്നിലെത്തുന്ന സഞ്ചാരികൾ പരപ്പാർ തടാകത്തിനുള്ളിലേക്ക് വാഹനവുമായി പോകുന്നത് തടയാനാണ് നിരോധനം. വഴി വനംവകുപ്പ് ചങ്ങലയിട്ട് തടഞ്ഞു. ശെന്തുരുണി ഇക്കോ ടൂറിസം നടത്തുന്ന കളംകുന്ന് സഫാരിയും തടാകത്തിലേക്ക് പ്രവേശിക്കില്ല.

വാഹനം നിർത്തിയ ശേഷം കാൽനടയായി തടാകത്തിൽ പോയി വരുന്നതിന് തടസ്സമില്ല. പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. അണക്കെട്ട് വന്നതോടെ റോഡ് വെള്ളത്തിൽ മുങ്ങുകയും പുതിയ റോഡ് വരികയും ചെയ്തു. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ പ്രധാന ആകർഷണകേന്ദ്രമാണ്
കളംകുന്ന്. അണക്കെട്ടിന്റെ ചുമതല കല്ലട ഇറിഗേഷൻ പ്രോജക്ടിനാണെങ്കിലും ഡാം സ്ഥിതി ചെയ്യുന്നത് ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ്. ചങ്ങലയിട്ടതോടെ കെഐപി ഉദ്യോഗസ്ഥർക്ക് അണക്കെട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണ്ടിവരും.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും എട്ടാം വാർഡ് മെമ്പറുമായ വി. ഉഷകുമാരിയുടെ വീടിന് തീയിട്ടെന്ന പരാതി യിൽ അന്വേഷണം ശക്തമാക്കി പോലീസ്. ആർ.ആർ.വി സ്‌കൂളിന് സമീപത്തെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രണ്ടുമുറികളിലാണ് തീപടർന്നത്. 25,000 രൂപയുടെ ടി.വി, ഫർണിച്ചറുകൾ, മൂന്ന് ഫാൻ, അലമാര, വയറിംഗ് എന്നിവ അഗ്നിക്കിരയായി. സംഭവ സമയം ഉഷാകുമാരി മൂത്ത മകന്റെ ചികിത്സാർത്ഥം വട്ടപ്പാറയിൽ സ്വകാര്യ ആശുപത്രിയിലും ഇളയ മകൻ അനൂപ് ജോലി കഴിഞ്ഞെത്തിയ ശേഷം രാത്രി ഒമ്പതോടെ കിളിമാനൂരിലേക്കും പോയി.

ഇയാൾ തിരികെയെത്തിയപ്പോഴാണ് തീപിടിത്തം അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തിയെങ്കിലും വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാവിലെ ഉഷാകുമാരി ആശുപത്രിയിൽ നിന്നെത്തിയാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. ഫോറൻസിംഗ് അടക്കമുള്ള സംഘമെത്തി വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. സാമൂഹ്യവിരുദ്ധരാകാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സി.പി ഐ എം നേതൃത്വത്തിൽ നടന്നു വരുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി കരവാരം പഞ്ചായത്തിൽ 37-ാം ബൂത്തിൽ നെല്ലികുന്ന് കോളനിയിൽ നടന്ന ഭവന സന്ദർശന പരിപാടിക്ക് ജില്ലാ കമ്മറ്റി അംഗം അഡ്വ ബി സത്യൻ നേതൃത്വം നൽകി. ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ എസ്എം റെഫീക്ക്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് സുരേഷ്കുമാർ, ബ്രാഞ്ച് സെക്രട്ടറി ആർ സിദ്ധാർദ്ധൻ എന്നിവർ പങ്കെടുത്തു. പാറ കോറികൾ പ്രവർത്തിക്കുന്ന നെല്ലികുന്ന് ഭാഗത്തെ ജനങ്ങൾക്ക്, വെള്ളവും, റോഡും, വൈദ്യുതിയും, ഭവന പദ്ധതിയിൽപ്പെടുത്തി വീടും നിർമമിച്ച് നൽകാനായതും ക്ഷേമ പെൻഷനുകൾ കൃത്യമായി കിട്ടുന്നതും സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് കൈവരിക്കാനായതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നിലവിലെ ഗ്രാമപഞ്ചാത്ത് ഭരണസമിതിയുടെ തമ്മിലടിയും, കെടുകാര്യസ്ഥതയും സർക്കാർ പാവപ്പെട്ടവർക്ക് നൽകുന്ന പല ആനുകൂല്യങ്ങളും നൽകുന്നില്ല എന്ന പരാതിയും നാട്ടുകാർ പറഞ്ഞു. തദ്ദേശഭരണ സമിതിയുടെ വീഴ്ചകൾ അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അഡ്വ ബി.സത്യൻ ഉറപ്പ് നൽകി.

by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷൻ ത്രീല്ലർ ചിത്രം വീരസിംഹ റെഡ്ഡി. ഹണി റോസ് ആയിരുന്നു കോടികൾ വാരികൂട്ടിയ ചിത്രത്തിലെ നായിക. ആഘോഷ വേളയിലും ഓഡിയോ ലോഞ്ചിലും ബാലയ്യയുടെ ഒപ്പം തിളങ്ങിയ ഹണി റോസ് തന്നെയാകും അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും നായികയാകുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും നായിക നായകന്മാരാകുന്നത്.

ഇരുവരുടേയും പ്രണയ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ൻ കുടിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനത്തെ ബാലകൃഷ്ണയും പ്രശംസിച്ചു. . മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി കാത്തിരിക്കുന്നുവെന്നും ബാലയ്യ പറഞ്ഞുത്. തിയേറ്ററിൽ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വീര സിംഹ റെഡ്ഡി 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആഗോള കളക്ഷനിൽ 54 കോടി രൂപയാണ് ചിത്രം നേടിയത് .
by Midhun HP News | Jan 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കുന്ന സേവനം ഈ വര്‍ഷം തന്നെ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ളിക്സ് സ്ഥിരീകരിച്ചു. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പാസ്‌വേര്‍ഡ് പങ്കുവെച്ച് ഒന്നിലധികം പേര്‍ സൗജന്യമായി സിനിമ കാണുന്ന സൗകര്യമാണ് ഇല്ലാതാവുന്നത്.
സമീപഭാവിയില്‍ തന്നെ ഇത്തരത്തില്‍ പങ്കുവെച്ച പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കാണുന്നവര്‍ പണം മുടക്കേണ്ടതായി വരും. അതായത് പാസ് വേര്‍ഡ് പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പാസ് വേര്‍ഡ് ഒന്നിലധികം പേര്‍ക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പകരം ഇത്തരത്തില്‍ പാസ് വേര്‍ഡ് ലഭിക്കുന്നവരും പണം മുടക്കിയാല്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കൂ.

നടപ്പുവര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. പരസ്യത്തെ പിന്തുണച്ച് കൊണ്ടുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയില്‍ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
Recent Comments