നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ രിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്.

സെക്രട്ടേറിയറ്റ് മാർച്ച്: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ച്: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിലവിൽ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻ‍‍ഡിലാണ്. സർക്കാരിൻ്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ.ഫിറോസിൻറെ പ്രതികരണം.

കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. തിങ്കളാഴ്ചയാണ് ഇയാള്‍ കീഴടങ്ങിയത്. 2018 മുതല്‍ പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങിയത്. അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പോലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും പോലീസ് വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടു

ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പിരിച്ചുവിട്ടു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു. ജനുവരി പത്തിന് ചേര്‍ന്ന നേതൃയോഗത്തില്‍, കേരളത്തില്‍ അടക്കം പാര്‍ട്ടി ഘടകങ്ങളെ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തിരുന്നെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതെന്നും എഎപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായി; പുതിയ ഡയറക്ടർ ഉടൻ; മന്ത്രി ആർ ബിന്ദു

കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായി; പുതിയ ഡയറക്ടർ ഉടൻ; മന്ത്രി ആർ ബിന്ദു

കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഡയറക്ടറെ മാറ്റുക എന്നതെന്നും, പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കും. ഡയറക്ടറുടെ വീട്ടിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കില്ലെന്ന് ഉറപ്പാക്കും.

ബൈലോയും ബോണ്ടുകളും പരിശോധിച്ച് ഹാനികരമായ വ്യവസ്ഥകൾ ഒഴിവാക്കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രതിനിധിയെ ഉൾപ്പെടുത്തും.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്. ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു.

ഭാരം 2 ടൺ, വില 30 ലക്ഷം; ഗുരുവായൂരപ്പന് പാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പ് എത്തി

ഭാരം 2 ടൺ, വില 30 ലക്ഷം; ഗുരുവായൂരപ്പന് പാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പ് എത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യ പാൽപായസം തയ്യാറാക്കാനുള്ള ഭീമൻ വാർപ്പെത്തി. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു ചരക്ക് (വാർപ്പ്) ഇന്നു രാവിലെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. മാന്നാർ അനന്തൻ ആചാരിയുടെ മകൻ അനു അനന്തൻ ആചാരിയാണ് വാർപ്പ് നിർമ്മിച്ചത്. രണ്ടേകാൽ ടൺ ഭാരമുള്ള വാർപ്പ് ക്രയിൻ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. നാലു മാസം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. നാൽപതോളം തൊഴിലാളികളും നിർമ്മാണത്തിൽ പങ്കാളിയായി. മുപ്പത് ലക്ഷമാണ് വാർപ്പിന്റെ നിർമാണ ചെലവ്.

ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.