ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; ആൺസുഹൃത്തിനെ വെറുതെ വിട്ടു

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; ആൺസുഹൃത്തിനെ വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് വിധിച്ചത്. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടു.പ്രതി ശരണ്യയുടെ ശിക്ഷ 21 ന് പ്രഖ്യാപിക്കും. അതേസമയം സുഹൃത്ത് നിധിന് കൊലപാതകത്തിലുള്ള പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിധിനെ കോടതി വെറുതെ വിട്ടത്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍

തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ജനറല്‍ ആശുപത്രിയിലെ മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തുനിന്നാണ് മൂര്‍ഖനെ കണ്ടത്. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ കണ്ടതോടെ വന്‍ അപകടം ഒഴിവായി.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടാഴ്ചയായി പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്. കെ.പി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. തൃശൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രയില്‍ പ്രതിദിനം നൂറുകണക്കിനു പേര്‍ ചികിത്സിക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്.

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

എന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുത്’; യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് പിതാവ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി

കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ അയന ട്രസ്റ്റിന്റെ വാദം. എന്നാല്‍ സിവില്‍കേസിന് പോകാന്‍ കോടതി എന്തിന് നിര്‍ദേശിച്ചു എന്ന മറുചോദ്യം സര്‍ക്കാര്‍ തിരികെ ചോദിച്ചു. 1865-ലെ പാട്ട വിളംബരപ്രകാരം ഭൂമിയില്‍ തങ്ങള്‍ക്ക് ഉടമാവകാശം ഉറപ്പിക്കാം എന്ന് അയന വാദിച്ചു. എന്നാല്‍ വിളംബരത്തിന് പിന്നീടുള്ള ഇടപാടുകളില്‍ സാധുത ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭൂമി സര്‍ക്കാരിന്റേതല്ലെന്ന കോടതി വിധി വന്നതോടെ വിമാനത്താവളത്തിനായി ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ.

3,083 രൂപ മുതല്‍ 9,250 രൂപ വരെ പ്രതിമാസം വരുമാനം; ചെയ്യേണ്ടത് ഇത്രമാത്രം

3,083 രൂപ മുതല്‍ 9,250 രൂപ വരെ പ്രതിമാസം വരുമാനം; ചെയ്യേണ്ടത് ഇത്രമാത്രം

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം
അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇന്ന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,06,840 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.