by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലചന്ദ്ര മേനോൻ മുഖ്യ പ്രഭാഷണം നടത്തി. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ എസ്.വി.അനിലാൽ പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, പ്രിൻസിപ്പൽ ഉദയകുമാർ, എച്ച്.എം അനിതകുമാരി,പി.ടി.എ പ്രസിഡന്റ് അനസ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ,ഷെരീഫ് പനയത്തറ, ഷിജു, ജഹാംഗീർ, ഗോവിന്ദ രാജു, ബിന്ദു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ 40 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ ഓൺലൈനിലൂടെ നിർവഹിച്ചു.നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ നിന്ന് കായിക മികവിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ നേരിട്ട് നിയമനം ലഭിച്ച കായിക പ്രതിഭകളായ വിദ്യാർത്ഥികൾക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം നൽകി.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഷെയ്ക് പരീത് ഐ.എ.എസ് ,കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, അഡ്വ.എ.ഷൈലജാബീഗം,ജയശ്രീ, പി.മുരളി,ആർ.സുഭാഷ്, തോട്ടയ്ക്കാട് ശശി, ഗിരി ആരാധ്യ, കടകം സതീശൻ,അഖിൽ അഴൂർ, വ്യാസൻ, അഴൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ ടി.മിനി നന്ദിയും പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 19ന് ഉച്ചയ്ക്ക് 2.20ന് നടക്കുന്ന സ്‌നേഹസംഗമം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം തെളിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും പി.ടി.എ പ്രസിഡന്റ് ബി. സതീഷ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 30,31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. 28,29 തീയതികള്‍ നാലാംശനിയും ഞായറുമാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക്. സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു.
കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയും പറഞ്ഞു. തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയത്.
by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം:മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാപനം പൂട്ടി, പേരുവിവരം പ്രസിദ്ധീകരിക്കും. എല്ലാത്തരം ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്.
ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുമാണു വേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതും വ്യാജവുമായ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാറുണ്ടെന്നു പലരും പരാതിപ്പെട്ടിട്ടുണ്ട്.

തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകള്‍ക്കു നിയോഗിക്കുന്ന കാര്യം പരിശോധിക്കും. സ്ഥാപനം നടത്തിപ്പുകാര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡ് റജിസ്റ്റേഡ് ഡോക്ടറില്‍നിന്നു വാങ്ങണം. രക്ത പരിശോധനയും ശരീര പരിശോധനയും നടത്തണം. അണുബാധ, പകര്‍ച്ചവ്യാധികള്‍, ചര്‍മരോഗങ്ങള്‍, കാഴ്ച എന്നിവയാകും പ്രധാനമായും പരിശോധിക്കുക. ആദ്യ രക്തപരിശോധനയില്‍ സംശയമുണ്ടായാല്‍ തുടര്‍പരിശോധനകള്‍ നിര്‍ദേശിക്കാം. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍ ഉറപ്പാക്കണം.
സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റിലുണ്ട്. സര്‍ട്ടിഫിക്കറ്റും പരിശോധനാ ഫലങ്ങളും ജോലി സ്ഥലത്തു സൂക്ഷിക്കണം. 6 മാസത്തിലൊരിക്കല്‍ രക്തം ഉള്‍പ്പെടെ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം.
by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരവൂര്‍: ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍. പൂതക്കുളം മാവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍(52) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും വിറ്റ് നശിപ്പിച്ച മദ്യപാനിയായ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 17 ആം തീയതി സമാന രീതിയില്‍ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും, തുടര്‍ന്ന് നിരവധി തവണ ഭാര്യയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു. ഭാര്യാ സഹോദരി പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കെതിരെയുള്ള കൈയ്യേറ്റത്തിനും കൊലപാതക ശ്രമത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

by Midhun HP News | Jan 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മേള. ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേള നടക്കുന്ന ബ്രാഞ്ചുകളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുക്കും മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന ലഭിക്കുക.പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

മേളയില്‍ പങ്കെടുക്കാനെത്തുന്നവർ താഴെപറയുന്ന രേഖകളും പകര്‍പ്പും കരുതേണ്ടതാണ്:
തിരിച്ചറിയല്‍ രേഖകളായ ആധാര്‍, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്സ്‌പോര്‍ട്ട് സെസ്സ് ഫോട്ടോയും.
സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടകരാറിന്റെ കോപ്പി.
കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ്, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രശീതോ, കൊട്ടേഷനോ.
പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.
Recent Comments