രാജസ്ഥാൻ ജാമ്പൂരിയിൽ നിന്നെത്തിയ മിന്നും നക്ഷത്രങ്ങളെ ആദരിച്ചു

രാജസ്ഥാൻ ജാമ്പൂരിയിൽ നിന്നെത്തിയ മിന്നും നക്ഷത്രങ്ങളെ ആദരിച്ചു

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിനെ പ്രതിനിധീകരിച്ച് സ്കൗട്ട് & ഗൈഡ്സിലെ 5 വിദ്യാർത്ഥിനികൾ 11 ദിവസം നീണ്ടു നിന്ന 18-ാമത് നാഷണൽ ജാമ്പൂരി (രാജസ്ഥാൻ) യിൽ പങ്കെടുത്തു. പങ്കെടുത്ത പല്ലവിലക്ഷ്മി, നവമികൃഷ്ണ, അരുണിമ വിസ്മയരാജ് ഗീതാഞ്ജലി എന്നീ കുട്ടികളേയും സ്കൗട്ട് & ഗൈഡ്സ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ലിജിമോൾ , പുഷ്പടീച്ചർ,ജില്ലാ അസോസിയേഷൻ സെക്രട്ടറി സതീഷ് കുമാർ, ഗൈഡ് ക്യാപ്റ്റൻ ബിന്ദു, എന്നിവരേയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ഉദയകുമാരി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഇയാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശ്രീമതി കവിതാജോൺ സ്വാഗതവും സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ജൂലി കൃതജ്ഞതയും പറഞ്ഞു. സഫീനബീവി, സജിത, ലിജി, എന്നിവർ സംസാരിച്ചു.

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും.മകരവിളക്ക് ശേഷം ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും. പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായയ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്.തീർത്ഥാടനകാലത്ത് മാറ്റിനിർത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പൻ തിരികെ വിളിച്ചുകൊണ്ടുവരുന്നു എന്ന സങ്കല്പത്തിൽ എഴുന്നള്ളത്ത് തിരികെ വരുമ്പോൾ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദർശനത്തിന് അവസരം ഉള്ളത്.

ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്‍കി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്‍ദനം

ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്‍കി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും വീട്ടില്‍ കയറി മര്‍ദനം

തിരുവനന്തപുരം: വെഞ്ഞാറമൂട് ലഹരിവില്‍പ്പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ് അമ്മയുടെ കൈയ്ക്ക് പൊട്ടലുണ്ട്.

എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥിനി വീടിനടുത്തു നടന്നുവരുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പക്ഷേ, കഞ്ചാവ് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വില്‍പ്പന തടയാനോ പൊലീസ് തയ്യാറായില്ല. മറിച്ച് വിവരം നല്‍കിയ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമായി. ദിവസവും അസഭ്യവും ഭീഷണിയും. ഒടുവില്‍ മര്‍ദനമേറ്റതോടെ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പോകുന്നതുതന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.

കഴിഞ്ഞ മാസമാണ് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തന്റെ വീടിനു സമീപത്തു നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ചുള്ള വിവരം പൊലീസ് ഹെല്‍പ്പ്ലൈന്‍ നമ്പരായ 100-ല്‍ വിളിച്ചു പറയുന്നത്. ഉടന്‍തന്നെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തുകയും അയല്‍വാസിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഇയാള്‍ അടുത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഭീഷണിപ്പെടുത്തല്‍ പതിവായപ്പോള്‍ പൊലീസില്‍ അറിയിച്ചു. ഈ പരാതി നിലനില്‍ക്കെയാണ് ഇയാള്‍ ജനുവരി ഏഴിന് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെയും അമ്മയെയും മര്‍ദിച്ചത്.

ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും വെഞ്ഞാറമൂട് പൊലീസില്‍ വീണ്ടും പരാതി നല്‍കി. എന്നാല്‍, കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്ന മറുപടിയാണ് എസ്‌ഐ വിനീഷ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തങ്ങള്‍ നല്‍കിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് അധ്യാപിക വിളിച്ചു തിരക്കിയപ്പോള്‍ കാര്യം പറഞ്ഞു.തുടര്‍ന്ന് അധ്യാപിക ഇടപെട്ടാണ് ഒരു വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്.

പ്രതിയും പരാതിക്കാരും അയല്‍വാസികള്‍ ആണെന്നും ഇവര്‍ തമ്മില്‍ മുന്‍പും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയില്ലെന്നും പരാതി നല്‍കിയ ദിവസംതന്നെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്തതായും ഒളിവില്‍പ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി ജി ബിനു പറഞ്ഞു.

ആറ്റിങ്ങലിൽ വീടിന് നേരെ പടക്കമേറ്

ആറ്റിങ്ങൽ: വീടിന് നേരെ പടക്കമേറ്. ചെറുവള്ളി മുക്ക് പറയത്തുകോണം അക്കരവിളയിൽ ഗോപികയുടെ വീട്ടിനു നേരെ ആണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 9ന്ആണ് സംഭവം. വീടിൻ്റെ വാതിൽ സ്ഫോടനത്തിൽ തകർന്നു. ഗോപികയുടെ ഭർത്താവ് ശ്രീനാഥ് ആണ് ആക്രമണം നടത്തിയത്. ഇവർക്ക് ഇടയിലെ കുടുംബ പ്രശ്നങ്ങളാൽ ഇവർ മാറി താമസിക്കുക ആയിരുന്നു. ശ്രീനാഥിനായി തിരച്ചിൽ ആരംഭിച്ചതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു. അപ്രതീക്ഷിത സ്ഫോടനത്തിൽ വീട്ടിലുള്ളവരും നാട്ടുകാരും ഭയന്നു.

ഒംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തി

ഒംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തി

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.ജി) യുടെയും ഓംബുഡ്സ്മാന്‍ എല്‍. സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. എട്ടു പഞ്ചായത്തുകളില്‍ നിന്നായി നാല് പരാതികളാണ് ലഭിച്ചത്. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയുമാണ് ഓംബുഡ്‌സ്മാന്‍ പരിഗണിച്ചത്.

പരാതികള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നിശ്ചിത ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ ഓംബുഡ്‌സ്മാനോട് ആവശ്യപ്പെട്ടു

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കളുമാണ് സിറ്റിങ്ങില്‍ പങ്കെടുത്തത്.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ നടത്തിയ മിന്നൽപണിമുടക്ക് നടത്തി. മുന്നറിയിപ്പില്ലാതെ ഉച്ചയോടെയാണ്‌ പണിമുടക്ക് നടത്തിയത്. 5 മണി വരെ പ്രവർത്തിക്കേണ്ട ഓഫീസിൽ നിന്നും ഉച്ചയോടെ ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവിധ സേവനങ്ങൾക്കായി എത്തിയവർ ദുരിതത്തിലായി. അതെ സമയം പഞ്ചായത്ത് പ്രസിഡന്റ് ഒരു വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയെന്നും എന്നാൽ ആ കത്ത് നൽകേണ്ടത് എനിക്കല്ലെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി പ്രസിഡന്റിനോട് കയർത്തു സംസാരിച്ചെന്നും അതിൽ പ്രകോപിതരായി പാർട്ടി പ്രവർത്തകർ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർ മിന്നൽപണിമുടക്ക് നടത്തിയതെന്നാണ് റിപ്പോർട്ട്.