by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇന്ന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,06,840 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.പരിപാടിയില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധി തിരിച്ചുപോകും.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. മാതാപിതാക്കളുടെ വിഷമം കണ്ട് സമയോചിതമായി ഇടപെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ വിപിഎസ് ലേക് ഷോറില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് കുഞ്ഞിന് അസുഖം കൂടിയത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസില്‍ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ സമയോചിതമായി ഇടപെട്ടു. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവര്‍ പ്രേമന്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് കുതിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഉടന്‍ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടര്‍ചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബസില്‍ വെച്ച് വലിയ തോതില്‍ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനില്‍ക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായെന്നും അച്ഛന്‍ പറഞ്ഞു. അതുകണ്ട് തങ്ങള്‍ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവര്‍ ഉടന്‍ ഒരു താക്കോല്‍ കുഞ്ഞിന്റെ കൈയില്‍ പിടിപ്പിച്ചു. ബസുകാര്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീക്കുന്നതാണ് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഫോറന്‍സിക് പരിശോധന ഫലം. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.
വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നുണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


by Midhun HP News | Jan 19, 2026 | Latest News, കേരളം
മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.
വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.
ഇന്നലെ മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി പൂജ നടന്നു. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കിയത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാ തീരത്ത് ഈ പൂജ നടന്നത്. ഇന്നലെ രാവിലെ ആറ് മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മവും നടന്നു. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ദിവസം തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നിരുന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി.
ഇന്ന് മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘ വൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും.
ഇന്ന് മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.
സുരക്ഷാ സംവിധാനങ്ങൾ
കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.


by Midhun HP News | Jan 18, 2026 | Latest News, കേരളം
മലപ്പുറം: കോട്ടക്കല്‍ പറപ്പൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സ്ത്രീയും രണ്ട് മക്കളും മുങ്ങിമരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരാണ് മരിച്ചത്. പറപ്പൂര്‍ പഞ്ചായത്തിന് സമീപം പാടത്തുള്ള കുളത്തിലാണ് മൂവരും കുളിക്കാനിറങ്ങിയത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശവാസികള്‍ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. ഒരു കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉമ്മയും രണ്ടാമത്തെ കുട്ടിയും മരിച്ചത്. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍.


Recent Comments