by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പുനഃസ്ഥാപിച്ചു നല്‍കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കുള്ള ഓണം അലവന്‍സ് 2019ന് ശേഷം ആദ്യമായാണ് നല്‍കുന്നത്. ഓണം സാലറി അഡ്വാന്‍സ് 2023ന് ശേഷം നല്‍കിയിരുന്നില്ല.
ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അല്ലെങ്കില്‍ ഓണം അഡ്വാന്‍സ് തുക ലഭ്യമാക്കും. അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുന്‍പ് തന്നെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയുടെ ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതിക്ക് പകരം ഓണക്കാലത്ത് ഒരൊറ്റ ഗഡുവായി ശമ്പളം പൂര്‍ണമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കും.

വിരമിച്ച ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശ്ശികകളും ഉത്സവബത്തയും കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക അടിയന്തര സഹായമായി 33 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഓണം ആനുകൂല്യ പ്രഖ്യാപനത്തിനൊപ്പം യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കാലത്തെ തിരക്ക് നേരിടാന്‍ ബംഗളൂരു, ചെന്നൈ തുടങ്ങിയ അന്തര്‍സംസ്ഥാന റൂട്ടുകളിലേക്കും സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. എന്റെ കെഎസ്ആര്‍ടിസി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.


by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ.

വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവരുടെ രാജ്യസഭ കാലാവധിയാണ് 2027 ഏപ്രില്‍ 23 ന് അവസാനിക്കുന്നത്. 102 എംഎല്‍എമാരുള്ള യുഡിഎഫിന് രണ്ട് സീറ്റുകള്‍ നേടാനാകും. ശേഷിക്കുന്ന ഒരു സീറ്റിലാണ് മത്സരം നിര്‍ണ്ണായകമാകുക.

നിയമസഭയിലെ 140 അംഗങ്ങളും വോട്ട് ചെയ്താല്‍ മൂന്നാമത്തെ സീറ്റ് നേടാന്‍ 36 വോട്ടുകളാണ് വേണ്ടിവരിക. എന്നാല്‍ എല്‍ഡിഎഫിന് 35 എംഎല്‍എമാരാണുള്ളത്. വിജയിക്കാന്‍ ഇടതുപക്ഷത്തിന് ഒരു വോട്ട് കൂടി ആവശ്യമാണ്. നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണുള്ളത്. ഇതോടെയാണ് ഇവരുടെ നിലപാട് നിര്‍ണായകമാകുന്നത്. ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാല്‍ സാധുവായ വോട്ടുകളുടെ എണ്ണം 137 ആകും. ഇതോടെ ക്വാട്ട 35 ആയി കുറയും. ഇതുവഴി എല്‍ഡിഎഫിന് മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനുമാകും.
വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ബിജെപി ഒരു സന്ദിഗ്ധാവസ്ഥയിലാണ്. രാജ്യസഭയിലേക്ക് വിജയിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഇല്ലെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്ന അവരുടെ തീരുമാനം ഫലത്തെ നേരിട്ട് ബാധിക്കും. 140 എംഎല്‍എമാരും വോട്ട് ചെയ്താല്‍, എല്‍ഡിഎഫിന്റെ അധിക വോട്ട് ക്രോസ് വോട്ടിംഗിലൂടെ ലഭിച്ചേക്കാം. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു വഴി വിജയിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ്.
ബിജെപി വിട്ടുനില്‍ക്കുന്നതുവഴി എല്‍ഡിഎഫ് സീറ്റ് നേടിയാല്‍, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വരും. ഇത് രാഷ്ട്രീയമായി യുഡിഎഫ് വിനിയോഗിക്കുകയും ചെയ്യും. എന്തായാലും ബിജെപിയുടെ സഹായം തേടില്ല എന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളത് എന്ന് ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. ഇതൊരു ദുഷ്‌കരമായ സാഹചര്യമാണ്. എന്നിരുന്നാലും, രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964 ല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ടു ചെയ്തതിലൂടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സലേ മുഹമ്മദ് സേട്ട് വിജയിച്ചിട്ടുണ്ട്.


by Midhun HP News | Aug 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ഝാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നു. ഇത് ഝാര്‍ഖണ്ഡ്, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖലയായി ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്.
ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 23 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം – ലക്ഷദ്വീപ് -പുതുച്ചേരി -തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഇന്നും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ – റെഡ് അലര്‍ട്ട്
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.


by Midhun HP News | Aug 20, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്.

പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു.

പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ശ്രീ കണ്ഠാപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലായിരുന്നു.


by Midhun HP News | Aug 20, 2026 | Latest News, കേരളം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍.

ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 12,000 രൂപയാണ്. ഇതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട്, സംസാരശേഷിയില്ലാത്ത അമ്മയെ വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിച്ചു. യലഗിരി എക്‌സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ അമ്മയെ വീല്‍ചെയറോടെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പദ്മാവതി മരിച്ചു.

മൂന്ന് മക്കളാണ് പദ്മാവതിക്കുള്ളതെന്ന് പൊലീസ് അറിയിച്ചു. മൂത്തയാള്‍ അസുഖബാധിതനാണ്. ഇയാള്‍ പാര്‍ത്ഥസാരഥിക്കും അമ്മയ്ക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ്. രണ്ടാമത്തെ മകന്‍ വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ഏറ്റവും ഇളയ മകനായ പാര്‍ത്ഥസാരഥി വിവാഹം കഴിച്ച് രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ്. കടുത്ത മദ്യപാനിയായ ഇയാളുടെ അടുത്തു നിന്നും ഭാര്യയും മക്കളും മാറിത്താമസിക്കുകയാണ്. തന്റെ ബുദ്ധിമുട്ടുകള്‍ സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Aug 20, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് ഒറ്റയടിക്ക് 3160 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് വര്‍ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പണലഭ്യത ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച നടപടിയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കരുത്തായത്. ഇതിന് പിന്നാലെ യുഎസ് ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Recent Comments