by Midhun HP News | Jan 17, 2026 | Latest News, കേരളം
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി എംജി ദേവിയാണ് ഹാജരായത്.
അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. മജിസ്‌ട്രേട്ട് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിനോട് വാദം അടച്ചിട്ട കോടതിമുറിയില്‍ വേണോയെന്നു ചേദിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയില്‍ ആകാമെന്നു അറിയിച്ചു. കോടതിമുറിയില്‍ നിന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും പുറത്താക്കിയാണു വാദം തുടങ്ങിയത്.
ഇതു സെഷന്‍സ് കോടതി പരിഗണിക്കേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ മജിസ്‌ട്രേട്ട് കോടതി ഈ കേസ് പരിഗണിക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍ ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ് ഉള്‍പ്പെടെ ഉന്നയിച്ച് മജിസ്‌ട്രേട്ട് കോടതിക്കും ഈ കേസ് പരിഗണിക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതി ഉന്നതബന്ധങ്ങളുള്ള ആളാണെന്നും വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാല്‍ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും അറിയിച്ചു.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും എഫ്‌ഐആര്‍ ഇട്ടതെന്നുമായിരുന്നു പ്രതിഭാം വാദം. ഈ അറസ്റ്റ് നിലനില്‍ക്കുന്നതല്ല. കോടതി നിര്‍ദേശപ്രകാരമുള്ള മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണ്. നിയമസഭാംഗമാണ്. നാടുവിട്ടു പോകുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നയാളല്ലെന്നും പ്രതിഭാഗം വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നതെന്നും പ്രതിയും വാദിയുമായി നടന്നിട്ടുള്ള ചാറ്റ് വിവരങ്ങളും ശബ്ദ രേഖകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.
by Midhun HP News | Jan 17, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഉൾപ്പെടെ രാജ്യത്ത് പ്രവര്‍ത്തനം തടഞ്ഞ ഇത്തരം വെബ്‌സൈറ്റുകളുടെ എണ്ണം 7,800 പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു.
യുവാക്കള്‍ ഉള്‍പ്പെടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ദോഷങ്ങള്‍ തടയുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കാര്‍ നീക്കത്തിന് നല്‍കുന്ന വിശദീകരണം. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം പ്രകാരമാണ് നടപടി. വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നതാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2025 ന്റെ പ്രാഥമിക ലക്ഷ്യം. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
by Midhun HP News | Jan 17, 2026 | Latest News, കേരളം
കൊല്ലം: അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു. അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സേല തടാകത്തില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി മാധവിനെയാണ് കാണാതായത്.
ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി.
താപനില മൈനസ് ഡിഗ്രിയില്‍ ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ കാണാതെയായയാള്‍ക്കുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. കൊട്ടിയത്തെ ടൊയോട്ട മോട്ടേഴ്‌സില്‍ ജീവനക്കാരനാണ് മരിച്ച വിനു.
by Midhun HP News | Jan 17, 2026 | Latest News, കേരളം
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ‘ഇരുമിത്രലു’ എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകള്‍’ എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന്, എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’, എം.ടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയില്‍ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
by Midhun HP News | Jan 17, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്. വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
14ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 17, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഇന്റര്‍ഫേസിനുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകളുടെ പ്രൈവസി സെറ്റിങ്‌സ് പരിശോധിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്.
സെറ്റിങ്‌സ് മെമ്മറിയെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്‌തെന്നും അത് റീഷെയര്‍ ചെയ്തിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ കൂടുതല്‍ സ്വകാര്യത കൊണ്ടുവരുന്നതാണ് ഫീച്ചര്‍.
സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആര്‍ക്കൊക്കെ കാണാമെന്നതടക്കം ആന്‍ഡ്രോയിഡ് പതിപ്പ് 2.26.2.9-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാറ്റസ് വ്യൂസ് മെനുവിനുള്ളില്‍ പുതിയ ഓപ്ഷന്‍ കാണാം. ഉപയോക്താക്കള്‍ ഈ സ്‌ക്രീനില്‍ നിന്ന് മെനു തുറക്കുമ്പോള്‍, ന്യൂ ഓഡിയന്‍സ് ഓപ്ഷന്‍ കാണും. ഇതില്‍ ടാപ്പുചെയ്യുമ്പോള്‍ ഫീച്ചര്‍ കാണാം. സ്റ്റാറ്റസ് ആരൊക്കെ ഷെയര്‍ ചെയ്തു എന്നതടക്കം കാണാം.
Recent Comments