by Midhun HP News | Apr 29, 2026 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോട് നന്മണ്ടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പനോളുകണ്ടി റഫീഖിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്.
റഫീഖിന്റെ മകന്‍ അല്‍ഷീദ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാമ്പുപിടിടുത്തക്കാരെത്തിയാണ് മൂര്‍ഖനെ വലയിലാക്കിയത്.
മലപ്പുറം തിരൂരില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കെ പാമ്പ് സമീപത്തെത്തി. കുട്ടി ഉടന്‍ ഓടിപ്പോയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പാമ്പ് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
by Midhun HP News | Apr 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാൾ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. 200 മെഗാവാട്ടിൻ്റെ കുറവാണ് നിലവിലുള്ളത്. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും കെഎസ്ഇബി അറിയിച്ചു.
കൂടംകുളം നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ആ സമയത്ത് കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്‍മെന്‍റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം. കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതിൽ വെള്ളമെത്തി. എന്നാൽ, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം.
വേനൽച്ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കുതിച്ചുയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
by Midhun HP News | Apr 28, 2026 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം അസത്യമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖര്‍. മാനസിക വെല്ലുവിളി, നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചതില്‍ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. മാനസിക വെല്ലുവിളി ഉള്ളതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കശ്മീര്‍ പൊലീസ് ഇവിടെ എത്തിയിട്ടുണ്ട്. യുവാവിനെ കശ്മീര്‍ പൊലീസിന് കൈമാറുമെന്നും റാവാഡ എ ചന്ദ്രശേഖര്‍ പറഞ്ഞു.
ഗുരുവായൂരില്‍ സുരക്ഷയുടെ കാര്യത്തില്‍ എല്ലാ മുന്‍കരുതലും പൊലീസ് എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയതാണ് സംസ്ഥാന പൊലീസ് മേധാവി. തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആദിത്യ എന്നിവരും പൊലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.

by Midhun HP News | Apr 28, 2026 | Latest News, കേരളം
മോഹൻലാൽ – സുചിത്ര വിവാഹക്കഥ ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. 38-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ സുചിത്രയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മോഹൻലാൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ മനം കവരുകയാണ്.
“38 വര്‍ഷങ്ങൾക്ക് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നുവെന്നാണ്”, മോഹന്‍ലാല്‍ കുറിച്ചത്. നിലവില്‍ അമേരിക്കയിലാണ് ഇരുവരും. താരം ഫോട്ടോ പങ്കുവച്ചതോടെ സഹ പ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുന്നത്.
1988 ഏപ്രില്‍ 28 ന് തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുൻപ് തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധനയാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന മൂലം എസ് കെ പി ( സുന്ദര കുട്ടുപ്പന്‍) എന്നായിരുന്നു സുചിത്ര താരത്തെ വിശേഷിപ്പിച്ചിരുന്നത്. മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു. കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പല കാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല.
പിന്നീട് ആരാണ് കാര്‍ഡുകള്‍ അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പേട്രിയറ്റ്, ദൃശ്യം 3 എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും മേയിൽ ആണ് റിലീസിനെത്തുന്നത്. പേട്രിയറ്റ് മേയ് 1നും ദൃശ്യം 3 മേയ് 21 നുമാണ് റിലീസ് ചെയ്യുക.
by Midhun HP News | Apr 28, 2026 | Latest News, കേരളം
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപന തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-നും, ഹയർ സെക്കൻഡറി (പ്ലസ് ടു) /വിഎച്ച്എസ്ഇ ഫലം മെയ് 22-നും ഔദ്യോഗികമായി പ്രഖ്യാപിക്കും.
പരീക്ഷാ ബോർഡ് യോഗങ്ങൾ പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായിയായി വരുന്നു. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് results.kite.kerala.gov.in, prd.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും.
ഏപ്രിൽ മാസത്തിൽ പരീക്ഷകൾ അവസാനിച്ചതിനെത്തുടർന്ന് വളരെ വേഗത്തിലാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ പൂർത്തിയാക്കിയത്. മെയ് അവസാന വാരത്തോടെ ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Recent Comments