ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും; മന്ത്രി വീണാ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.

മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

കേരളത്തില്‍ നടത്തിവരുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും. കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിള്‍ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ ഡോ. എം.ഡി. ദത്തന്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ജയന്‍, പൊല്ലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല മോസസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, കര്‍സാപ്പ് നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജുശ്രീ, വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. അരവിന്ദ്, ഐഎംഎ പ്രതിനിധി ഡോ. ഗോപികുമാര്‍, മൃഗസംരക്ഷണ വകുപ്പ് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. സ്വപ്ന സൂസന്‍ മാത്യു, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആന്റിബയോട്ടിക് പ്രതിരോധത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.
3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
9. രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക.

കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ഈ കേന്ദ്രങ്ങള്‍ വഴി പരമാവധിപേരിലെത്തിക്കും

ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്

ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനത്തിലേയ്ക് ഡിറ്റിപി മലയാളം, ഇംഗ്ലീഷ് അറിയാവുന്ന വനിതയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Mob: 9946610005.

ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

വിളവൂർക്കൽ: പിതാവിനോപ്പം കാലിതൊഴുത്തിൽ ജോലിചെയ്യുന്നതിനിടെ ചാർജ് ചെയ്യാൻ സ്വിച്ച് ബോർഡിൽ കുത്തിയിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം.

വിളവൂർക്കൽ പാവച്ചകുഴി വാർഡിൽ ഈഴക്കോട്, ചെറുമുറി ഷാലോം നിവാസിൽ ഷാജി, സജിത ദമ്പതികളുടെ മകന്‍ ഷിജിൻ. എസ്. എസ് (23) ആണ് മരിച്ചത്.
വൈദ്യുതാഘാതമേറ്റ് പിടയുന്ന മകനെ രക്ഷിക്കാൻ പരിസരത്ത് നിന്നും കമ്പുകൊണ്ട് ഫോണിലെ വയർ വേർപെടുത്താൻ ശ്രമിച്ച പിതാവ് ഷാജിയ്ക്കും വൈദ്യുതാഘാതമേറ്റു. ഷാജിയുടെ നിലവിളികെട്ട് ഓടിക്കൂടിയ അയൽവാസികളാണ് വൈദ്യുതി ബന്ധം വേർപെടുത്തി അച്ഛനെയും മകനെയും തൊഴുത്തിൽ നിന്നും മാറ്റിയത്.

ഷിജിനെയും ഷാജിയെയും കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷിജിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മലയിൻകീഴ് പോലീസും, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്ലസ് ടു വരെ പഠിച്ചശേഷം ബിന്നസ് ഷിജിൻ കാലിവളർത്തൽ ഉപജീവനമാർഗമാക്കിയ പിതാവിന്റെ ഒപ്പം സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. സഹോദരി ഷിജി സ്കൂൾ വിദ്യാർത്ഥി. പരിശോധനകൾക്ക് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവിളപ്പിൽ നടക്കും.

‘വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യം’; ഡോ.ജോർജ്ജ് ഓണക്കൂർ

‘വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യം’; ഡോ.ജോർജ്ജ് ഓണക്കൂർ

വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ സ്ഥാപക വാർഷികമായ നവംബർ 5 ന് തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വച്ച് ഗുരുമാർഗ്ഗം പ്രകാശ സഭയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക ദിനം സംഘടിപ്പിച്ചു. ഗുരുമാർഗ്ഗം പ്രകാശ സഭ പ്രസിഡന്റ് ശശി ഉദയഭാനു അദ്ധ്യക്ഷനായിരുന്ന സാംസ്ക്കാരിക സമ്മേളനം ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി പദ്മപ്രകാശ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ.ബീന, ആനന്ദ്, ചന്ദ്രബാബു ചിറ്റേക്കാട്ട്, അജിത്ത് കുമാർ, റാം മനോഹർ എന്നിവർ സംസാരിച്ചു. ബ്രഹ്മശ്രീ കരുണാകരഗുരു വിഭാവനം ചെയ്ത വിശ്വ സാംസ്ക്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ ആശയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ഫാത്തിമത്ത് മുഹ്സിന (15) നിര്യാതയായി

ഫാത്തിമത്ത് മുഹ്സിന (15) നിര്യാതയായി

അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) മരണപ്പെട്ടു. വെയിലൂര്‍ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി യായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഇരുപതു ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നടന്നു. പിതാവ് നിയാസ്, മാതാവ് റഫീക്കത്ത്, സഹോദരിമാര്‍ ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്

വർക്കല റിസോർട്ടിൽ പോലീസിന്റെ റെയിഡ്. മദ്യവും മയക്കുമരുന്നും വില്പന നടക്കുന്നു എന്ന് തിരുവനന്തപുരം യോദ്ധാവ് കൺട്രോൾ റൂമിലേയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. ഡാൻസാഫ് ടീമിന്റെയും പോലീസിന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു റെയിഡ്. തിരുവമ്പാടി ബീച്ചിൽ ഗോഡ്സ് ഓൺ കൺട്രി കിച്ചൺ എന്ന റിസോർട്ടിന്റെ സമീപത്തു തന്നെ അവിടത്തെ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ നിന്നും മദ്യശേഖരവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

റിസോർട്ട് ജീവനക്കാരായ വർക്കല പെരുങ്കുളം സ്വദേശിയായ കണ്ണൻ എന്ന് വിളിക്കുന്ന വിനോദ്, കോവളം സ്വദേശിയായ മുഹമ്മദ് ഹാജ, ഇടവ സ്വദേശിയായ മുഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. റിസോർട്ട് ഉടമയുടെ പേരിലും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വർക്കല സ്വദേശികളായ ഹസ്സൻ, ഷാഹിദ് എന്നിവരാണ് ഉടമകൾ.