കലാഭവൻമണി സേവന സമിതി; നിറവ് അവാർഡ് നൈറ്റിന്റെ പോസ്റ്റർ റിലീസ് നിർവഹിച്ച് ബോച്ചേ

കലാഭവൻമണി സേവന സമിതി; നിറവ് അവാർഡ് നൈറ്റിന്റെ പോസ്റ്റർ റിലീസ് നിർവഹിച്ച് ബോച്ചേ

കലാഭവൻമണി സേവന സമിതി 2023 ജനുവരി ഒന്നാം തീയതി കലാഭവൻ മണിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് നടത്തുന്ന സമൂഹവിവാഹം മംഗല്യ മണിനാദത്തിന്റെയും നിറവ് അവാർഡ് നൈറ്റിന്റെയും പോസ്റ്റർ റിലീസ് ഇന്ന് നിർവഹിച്ചു. ബിസിനസ്മാനും ചാരിറ്റി പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന് കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് പോസ്റ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു. കലാഭവൻ മണി സേവന സമിതി സെക്രട്ടറി രാജേഷ് തിരുമേനി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

ഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമൈക്രോൺ വകഭേദം ഗുജറാത്തില്‍ 61 വയസ്സുകാരിയ്ക്കാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവസാംപിളുകള്‍ ശേഖരിക്കുന്നത് പുനരാരംഭിച്ചു. കൊറോണ വൈറസ് റാന്‍ഡം പരിശോധനയാണ് തുടങ്ങിയത്. നിലവില്‍ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്. നിലവില്‍ ഒമൈക്രോണിന്റെ വിവിധ വകഭേദങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നത്. അതേസമയം ഡെല്‍റ്റ വകഭേദം പൂര്‍ണമായും പോയിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.

കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു; ആളപായമില്ല

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു; ആളപായമില്ല

ആറ്റിങ്ങൽ: സ്വകാര്യ ബസ് യാത്രക്കാരുമായി നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിച്ചു നിന്നു. മേലാറ്റിങ്ങൽ പേരാണം ക്ഷേത്രത്തിന് സമീപം വൈകുന്നേരം 4.30ന് ആണ് അപകടം. അറ്റിങ്ങലിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസ് എതിർ ദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കാതിരിയ്ക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു നിൽക്കുകയായിരുന്നു. അപകട സമയത്ത് ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. നിസാര പരുക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രക്കാർ വൻ ദുരന്തത്തിൽ നിന്നുമാണ് രക്ഷപെട്ടത്.

പൂന്തുറ കടപ്പുറത്ത് വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേയ്ക്ക് തിരിച്ചു വിട്ടു

പൂന്തുറ കടപ്പുറത്ത് വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേയ്ക്ക് തിരിച്ചു വിട്ടു

പൂന്തുറ കടപ്പുറത്ത് വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ മത്സ്യത്തൊഴിലാളികൾ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. ഇന്ന് രാവിലെ 9:30 മണിക്കാണ് സംഭവം. കരമടി വലയിൽ കുടുങ്ങിയ 28 അടിയോളം വലിപ്പം വരുന്ന തിമിംഗല സ്രാവിനെ കണ്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ടീമിലെ അംഗങ്ങളായ ചരൺ കുമാർ, കുമാരി സ്വാതി കെ നമ്പ്യാർ, സേതു പാർവ്വതി, അജിത് ശംഖുമുഖം എന്നിവർ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.

3 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിമിംഗ സ്രാവിനെ വല മുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. ലോകത്തിലെ ഏറ്റവും വലിയ മീനും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റിന്‍റെ ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തിൽപ്പെടുന്ന തിമിംഗല സ്രാവിനെ സംരക്ഷിക്കുന്നതിനായി WTI യും ഒറാക്കിള്‍ ലിമിറ്റഡും ചേർന്ന് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളത്തിൽ ആരംഭിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ്സുകളും എപിപി ട്രെയ്നിങ്ങും സംഘടിപ്പിച്ചിരുന്നു. തിമിംഗല സ്രാവുകൾ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ഡ് ഒന്നാലാണ് ഉൾപ്പെട്ടിട്ടുള്ളത്. തിമിംഗല സ്രാവുകളെയും മറ്റ് സംരക്ഷിത കടൽ ജീവികളെയും രക്ഷപെടുത്തേണ്ടത് വളരെ അനിവാര്യമാണെന്നും തിരുവന്തപുരം ഡിഎഫ്ഒ പ്രദീപ് കുമാർ ഐഎഫ്എസ് പറഞ്ഞു. ചരൺ കുമാർ രക്ഷാപ്രവർത്തനത്തിന് മുൻ കൈയ്യെടുത്ത മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുകയും അവരെ ‘വെയിൽ ഷാർക്ക് ഹീറോസ് ‘എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

അർജന്‍റീനയുടെ വിക്‌ടറി പരേഡ് അലങ്കോലം; തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ

അർജന്‍റീനയുടെ വിക്‌ടറി പരേഡ് അലങ്കോലം; തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ

ഫിഫ ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആരാധകരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ടീം വിക്‌ടറി പരേഡ് ഹെലികോപ്റ്ററിലാണ് പൂർത്തിയാക്കിയത്. ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.

നഗരത്തിലെ ഫ്ലൈഓവറുകളിലും റോഡുകളിലും തെരുവുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞതോടെ ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു. അവസാന നാലിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ തകർത്ത് മുന്നേറിയ ലിയോണല്‍ മെസിയും കൂട്ടരും കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലര്‍ത്തിയടിച്ചാണ് ഖത്തറില്‍ കിരീടമുയര്‍ത്തിയത്.

കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് ശ്രദ്ധ നേടി.

പെരുങ്ങുഴി ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം സംഘടിപ്പിച്ചു

പെരുങ്ങുഴി ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം സംഘടിപ്പിച്ചു

പെരുങ്ങുഴി ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷം സംഘടിപ്പിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു.

“ഗുരു സന്ദേശങ്ങളുടെ വ്യാപകമായ പ്രചാരണം സമൂഹത്തിനിടയിൽ ലഭ്യമാവേണ്ട സ്ഥിതി വിശേഷമാണു രാജ്യത്തൊട്ടാകെ സംജാതമായിട്ടുള്ളതെന്നു പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങ് ഉൽഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടൂ. ഗുരുക്ഷേത്ര മുറ്റങ്ങൾ മാനവ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കേന്ദ്രങ്ങളാക്കി മാറ്റപ്പെടാനും ഗുരു സന്ദേശങ്ങളുടെ പ്രചാരകൻമാരായി വിശ്വസി സമൂഹത്തിൻ്റെ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ടെന്നും ഗുരുരത്നം ജ്ഞാനതപസ്വി കൂട്ടിച്ചേർത്തു.

ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡൻ്റ് ബൈജു തോന്നയ്ക്കലിൻ്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം കെ.രഘുനാഥൻ, ഗുരുക്ഷേത്രസമിതി സെക്രട്ടറി ആർ ഷിബു, രക്ഷാധികാരി എസ് ജയസൂര്യ, വനിതാ സംഘം പ്രതിനിധി കീർത്തി ഷൈജു, വൈസ് പ്രസിഡൻ്റ് എ പ്രതാപൻ ട്രഷറർ ഷിജോസ് ബാബു, കവിത, സന്ധ്യ, രഞ്ചിത്ത്, ശശി, മധു, രതീഷ്, സിന്ധു, ക്ഷേത്ര മുഖ്യകാര്യദർശി എൻ അജിത്ത് എന്നിവർ സംസാരിച്ചു. പുലർച്ചെ ഗുരുക്ഷേത്രസന്നിധിയിൽ ക്ഷേത്രതന്ത്രി ചേർത്തല തിരുനെല്ലൂർ കാശി മഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന മഹാകലശാഭിഷേക പൂജാവിധികളിൽ നൂറുക്കണക്കിനു ഭക്തജനങ്ങൾ പങ്കു കൊണ്ടു.