by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രഭാരിയെ പ്രഖ്യാപിച്ചിരുന്നില്ല.
കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീര്‍പ്പ് രാഷ്ട്രീയമാണെന്നും ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകു എന്നുമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രതികരണം. സംസ്ഥാനത്തെ ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി എന്ന സ്വപ്‌നം അധിക ദൂരത്തല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ ജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മുഖ്യ മാനദണ്ഡം എന്നും അമിത് ഷാ നിര്‍ദേശിച്ചിരുന്നു. 20 സീറ്റെങ്കിലും വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണം. 40 മണ്ഡലങ്ങളില്‍ കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് ആകണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.
ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനിലെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഈ മാസം 23 പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിയേക്കും. റിപ്പബ്ലിക് ദിനത്തിന് പിന്നാലെ 28ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നീണ്ടുപോകും. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വം നീക്കം ശക്തമാക്കുന്നത്.
by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്‌തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി പൊലീസിനോട് പറഞ്ഞു.
2019 മുതല്‍ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പപ്പയ്ക്ക് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നതിനായി 2023 സെപ്റ്റംബറില്‍ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്‌സാപ്പുവഴി കൊറിയര്‍ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാല്‍, സന്ദേശം മാറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസ്സിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു. എന്നാല്‍ പിറ്റേദിവസം മുതല്‍ ഹായ്, ഹലോ എന്നിങ്ങനെ മെസേജ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പരില്‍ നിന്ന് വന്നുതുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വര്‍ഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.
വിവാഹിതയാണെന്ന് രാഹുലിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുള്ളതായി പറഞ്ഞു. അതില്‍പ്പിന്നെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാനും നിര്‍ബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും പക്ഷേ, തിരക്കുകാരണം അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ സമയം കിട്ടില്ലെന്നും അവര്‍ക്ക് നല്ലൊരു അമ്മയെ വേണമെന്നും രാഹുല്‍ പറഞ്ഞതായി യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
താന്‍ നല്ലൊരു പാര്‍ട്ണര്‍ ആയില്ലെങ്കിലും നല്ലൊരു ഫാദര്‍ ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന് ഈ ബന്ധം ടൈം പാസാണോയെന്ന് ചോദിച്ചപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമെന്നായിരുന്നു മറുപടിയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം, സബ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. പ്രിയക്ക് യുവതി നല്‍കിയ മൊഴിയിലാണ് അതിജീവിത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെമ്പഴന്തി സ്വദേശി രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് വിവാഹം കഴിക്കാനിരുന്നതാണ് രാഗേഷ്.
ശ്രീകാര്യത്തു വെച്ച് രാഗേഷ് സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നില്ല. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാനിരിക്കെയായിരുന്നു അപകടം. കണിയാപുരത്തു നിന്നും വികാസ് ഭവനിലേക്ക് പോകുകയായിരുന്നു ബസ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കെഎസ്‌യു നേതാവുമായ ഫെനി നൈനാന്‍ പറഞ്ഞിരുന്നതായി പരാതി നല്‍കിയ യുവതി. ഫെനി പറഞ്ഞതനുസരിച്ച് 10,000 രൂപ രാഹുലിന് അയച്ചു കൊടുത്തു. തുടര്‍ന്നുള്ള സാമ്പത്തിക ഇടപാട് ഫെനി നൈനാന്‍ മുഖേനയായിരുന്നു. രാഹുലിന് മറ്റ് പ്രണയ ബന്ധങ്ങള്‍ ഇല്ലെന്നും ഒട്ടേറെ ആരാധകര്‍ ഉണ്ടെന്നും ഫെനി യുവതിയോട് പറഞ്ഞിരുന്നുവെന്നുമാണ് മൊഴിയില്‍ പറയുന്നത്. മാത്രമല്ല രാഹുലിന്റ മനസില്‍ താന്‍ മാത്രമേ ഉള്ളൂവെന്ന് ഫെനി പറഞ്ഞിരുന്നെന്നും യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം അതിജീവിതയോട് മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റ് വാങ്ങിത്തരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നിരുന്നു. രണ്ട് മുറികളുള്ള ഫ്‌ളാറ്റ് പോരേ ഒറ്റയ്ക്ക് താമസിക്കാനല്ലേയെന്ന് യുവതി ചാറ്റില്‍ ചോദിക്കുന്നുണ്ട്. മതിയാകില്ലെന്നും മൂന്നു മുറിയുള്ള ആഡംബര ഫ്‌ളാറ്റ് വേണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. ഫ്‌ലാറ്റിന്റെ വിശദാംശങ്ങള്‍ സഹിതമാണ് പങ്കുവെച്ചത്. എംഎല്‍എ ആയപ്പോള്‍ ഫ്‌ളാറ്റ് വാങ്ങണമെന്നും ഒന്നിച്ചു താമസിക്കാമെന്നും രാഹുല്‍ യുവതിയെ വിശ്വസിപ്പിച്ചു. യുവതിയുടെ പേരിലും ഫ്‌ളാറ്റ് വാങ്ങാമെന്ന് പറഞ്ഞു. അതിനുള്ള പ്രൊപ്പോസല്‍ അയച്ചുകൊടുത്തു. രാഹുല്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു കോടിയിലേറെ രൂപയാകുമെന്ന് അറിയാന്‍ കഴിഞ്ഞു. അത്രയും പണം തന്റെ കയ്യിലില്ലെന്ന് അറിയിച്ചതോടെ വിഷയം വിട്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.
തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും ആശ്വസിപ്പിച്ചും അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് തനിക്കാവശ്യമുള്ള കാര്യങ്ങള്‍ യുവതിയോട് രാഹുല്‍ പറയുന്നത്. സണ്‍സ്‌ക്രീനും നീല നിറത്തിലുള്ള വാച്ചും ഷാംപുവും കണ്ടീഷണറും രാഹുല്‍ നിര്‍ദേശിച്ച പ്രകാരം അടൂരിലെ വീട്ടിലേയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്. ചെരിപ്പ് വാങ്ങാന്‍ 10,000 രൂപ നല്‍കിയെന്നും യുവതി മൊഴിയില്‍ പറഞ്ഞു.
by Midhun HP News | Jan 12, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലുള്ള സ്മാര്‍ട്ട് ടിവികളില്‍ പ്രസാര്‍ ഭാരതിയുടെ ഒടിടി ആപ്പ് ‘വെയ്‌വ്‌സ്’ (WAVES ) പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലം ടെലിവിഷന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കുന്നതിനിടെയാണ് ഈ പട്ടികയിലേക്ക് പ്രസാര്‍ ഭാരതിയുടെ ‘വെയ്‌വ്‌സ്’കടന്നുവരുന്നത്.
2024 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘വെയ്‌വ്‌സ്’ ലൈവ് ടിവി, ഓണ്‍-ഡിമാന്‍ഡ് വീഡിയോകള്‍, റേഡിയോ, ഗെയിമുകള്‍, ഇ-ബുക്കുകള്‍, ഇ-കൊമേഴ്സ് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3.8 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും 2.3 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ‘വെയ്‌വ്‌സ്’ സ്വന്തമാക്കിയത്. വാര്‍ത്താ, വിനോദ നെറ്റ്വര്‍ക്കുകള്‍, സിനിമകള്‍, ടിവി ഷോകള്‍, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ്, അസമീസ് എന്നിവയുള്‍പ്പെടെ പത്ത് ഭാഷകളിലായി കുറഞ്ഞത് 65 ചാനലുകളെങ്കിലും ‘വെയ്‌വ്‌സ്’ ലഭ്യമാക്കുന്നുണ്ട്. ഗെയിമുകള്‍ ഉള്‍പ്പെടുന്ന 40 ലൈവ് സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ദൂരദര്‍ശന്‍, ആകാശവാണി ആര്‍ക്കൈവുകളില്‍ നിന്നുള്ള ക്ലാസിക്കുകളും ആപ്ലിക്കേഷനില്‍ ലഭ്യമാക്കുന്നുണ്ട്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലീനിയര്‍ സാറ്റലൈറ്റ് ടിവി ചാനലുകളെയും ‘വെയ്‌വ്‌സ്’ പ്രസാര്‍ ഭാരതി നീക്കം നടത്തുന്നുണ്ട്.
181 രാജ്യങ്ങളിലെ ഉപയോക്താക്കളുള്ള പ്രസാര്‍ ഭാരതിക്ക് 4.2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. യുഎസ്എ, യുകെ, യുഎഇ, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രസാര്‍ഭാരതി അവകാശപ്പെടുന്നു.
അടുത്തിടെ, രാജ്യത്ത് വില്‍പന നടത്തുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കി വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Jan 12, 2026 | Latest News, കേരളം
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായെങ്കിലും റെക്കോർഡ് തിരുത്തുന്ന പതിവ് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി തെറ്റിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും കോഹ്‍ലി സ്വന്തം പേരിലാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി കോഹ്‍ലിയുടെ പേരിൽ. 624 ഇന്നിങ്സുകൾ കളിച്ചാണ് കോഹ്‍ലി നേട്ടത്തിലെത്തിയത്. സച്ചിൻ 644 മത്സരങ്ങൾ കളിച്ചാണ് 28,000ത്തിൽ എത്തിയത്. ഒന്നാം ഏകദിനത്തിനു ഇറങ്ങുമ്പോൾ 27,975 റൺസായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. 25 റൺസ് നേടിയപ്പോൾ തന്നെ താരം റെക്കോർഡും സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്‍ലി. സച്ചിനും കോഹ്‍ലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ കളിച്ചാണ് സംഗക്കാര 28,000 റൺസിലെത്തിയത്.
മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോഹ്‍ലി 93 റൺസടിച്ചാണു പുറത്തായത്. മത്സരത്തിന്റെ 39 ഓവറിൽ കൈൽ ജാമിസന്റെ പന്തിലാണ് കോഹ്‍ലിയുടെ മടക്കം. മിഡ് ഓഫിൽ കോഹ്‍ലിയെ മിച്ചൽ ബ്രേസ്‌വെൽ ക്യാച്ചെടുത്തു മടക്കുകയായിരുന്നു.
പുരുഷ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കോഹ്‍ലിയാണ്. 28,068 റൺസുമായാണ് കോഹ്‍ലില രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 34,357 റൺസുമായി സച്ചിൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 28,016 റൺസ് നേടിയ കുമാർ സംഗക്കാരയെ കോഹ്‍ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.
37 കാരനായ കോഹ്‍ലി ഏകദിനത്തിൽ 309 ഉം, ടി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കരിയറിൽ ഇതുവരെ കളിച്ചത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നു വിരമിച്ച കോഹ്‍ലി ഏകദിന ഫോർമാറ്റിൽ മാത്രമാണു നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാനാണ് കോഹ്‍ലി ആഗ്രഹിക്കുന്നത്.
Recent Comments