വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

തിരുവനന്തപുരം: വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്.

സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുന്നത്. നിലവില്‍ വിഴിഞ്ഞത് അടുക്കുന്ന മദര്‍ഷിപ്പില്‍ നിന്ന് മറ്റു ചെറിയ കപ്പലുകളിലേക്ക് ചരക്കുകള്‍ മാറ്റി രാജ്യത്തിന്റെ മറ്റു തുറമുഖങ്ങളില്‍ എത്തിക്കുന്നതായിരുന്നു നിലവിലെ രീതി. ഇനി വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പില്‍ നിന്നുള്ള ചരക്കുകള്‍ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളില്‍ കയറ്റി കരമാര്‍ഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് വികസനം സാധ്യമായത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ് ഈ വികസനം കണക്കാക്കപ്പെടുന്നത്.

ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റി കൊണ്ടുള്ളതാണ് ഈ പുതിയ മാറ്റം. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.

പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നി തുറമുഖങ്ങള്‍ വഴി ചരക്ക് കയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്‌സ് ചെലവുകളില്‍ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ബുരാരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യവും കൊലപാതകത്തിന് പിന്നിലെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

കൊച്ചി: ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതില്‍ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കുമെന്നും ശാരീരിക സൗന്ദര്യം എന്നാല്‍ ശാരീരികക്ഷമതയാണെന്നും ഹൈക്കോടതി. പൊലീസില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ബോഡി ബില്‍ഡര്‍മാരുടെ കാര്യത്തില്‍ അതില്ലെന്നു തെളിഞ്ഞെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.

ബോഡി ബില്‍ഡിങ് ചാംപ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമന ഉത്തരവ് നല്‍കിയതുമായന ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം.
നിയമന ഉത്തരവ് നല്‍കിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഴിമതിയുള്ളതിനാലാണ് നിയമനത്തില്‍ നിന്നു പിന്‍മാറിയതെന്നു ഹര്‍ജിക്കാരനായ അഡ്വ. കെഎം ഷാജഹാന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

പരമാവധി എഎസ്‌ഐ ആയിട്ടല്ലേ നിയമനം നടത്താന്‍ കഴിയു എന്ന് ഹൈക്കോടതി ആരാഞ്ഞു. ഫുട്‌ബോള്‍ താരം ഐഎം വിജയനടക്കമുള്ളവരെ നിയമിച്ചതും കോടതി ചൂണ്ടിക്കാട്ടി. അംഗീകാരമെന്ന നിലയിലാണ് അന്‍സ്‌പെക്ടറായുള്ള നിയമനമെന്നു ഷിനു ചൊവ്വയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനായി കോടതി ഹര്‍ജി മാറ്റി.

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് .

ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വരും മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 08.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,14,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് ഉയര്‍ന്നത്. 14,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപയാണ് വര്‍ധിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.