വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്‌കാം അലേര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും.

ഫോണിലെ എഐ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങളിലെ ഭാഷയും സംഭാഷണ രീതികളും ഇത് വിശകലനം ചെയ്യും. സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് എഐ സംശയിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിങ്ങളുടെ സന്ദേശങ്ങളൊന്നും വാട്സ്ആപ്പിന്റെയോ മെറ്റയുടെയോ സെര്‍വറുകളിലേക്ക് അയക്കില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെയും ഇത് ബാധിക്കില്ല.

അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എഐ മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.

ഒരു സന്ദേശം തട്ടിപ്പാണെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയാല്‍, ആ സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ അല്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിച്ച് സംഭാഷണം തുടരാനോ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ് തെറ്റായി ഒരു സന്ദേശത്തെ തട്ടിപ്പായി കണക്കാക്കിയാല്‍, ആ ചാറ്റിനെ ‘ട്രസ്റ്റഡ്’ എന്ന് മാര്‍ക്ക് ചെയ്യാം. അങ്ങനെ ചെയ്താല്‍ പിന്നീട് ആ ചാറ്റില്‍ മുന്നറിയിപ്പുകള്‍ വരില്ല.

നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്ന കാലത്ത്, വാട്സ്ആപ്പിന്റെ ഈ നീക്കം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ.

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

തൃശൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഇല്ലംനിറ. ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചടങ്ങിനുള്ള കതിര്‍ കറ്റകള്‍ ക്ഷേത്രത്തില്‍ എത്തി.

അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അഴീക്കല്‍ കുടുംബാംഗം വിജയന്‍ നായര്‍, മനയം കുടുംബാംഗം കൃഷ്ണകുമാര്‍, ക്ഷേത്രം അസി.മാനേജര്‍ എ വി പ്രശാന്ത്, സി എസ് ഒ മോഹന്‍കുമാര്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഇല്ലംനിറയുടെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി കുണ്ടുവക്കടവ് റോഡിൽ പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോളിയെ ഉടൻതന്നെ പാവറട്ടിയിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മാതാവിനെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതിയായ ബെൻഹർ വീട്ടിൽത്തന്നെ തുടരുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പ്രാഥമിക വിവരങ്ങളിൽ വ്യക്തമായിട്ടുണ്ട്.

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

വായ്പ‌ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ.

തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ സമ്മർദം ചെലുത്തുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക തുടങ്ങിയ രീതികൾക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാനാകുമോ?

സാധാരണ വ്യക്തിഗത വായ്‌പ, വാഹന വായ്പ, ഭവന വായ്‌പ തുടങ്ങിയവയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വായ്‌പദാതാവിന് നിങ്ങളുടെ മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ, വായ്പ ഉപയോഗിച്ച് അതേ ഉപകരണം തന്നെയാണ് വാങ്ങിയതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഉപകരണത്തിൻ്റെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താം.

ഉപകരണത്തിന്റെ ഇ.എം.ഐ തിരിച്ചടവ് മുടങ്ങിയാൽ നിയന്ത്രണം ഉടൻ ഏർപ്പെടുത്താൻ കഴിയില്ല. ഇതിനായി ഘട്ടംഘട്ടമായ നടപടിക്രമമാണ് ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്.

ഇ.എം.ഐ കുടിശ്ശിക 30 ദിവസം തികഞ്ഞിട്ടില്ല എങ്കിൽ ഉപകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഈ ഘട്ടത്തിൽ വായ്പ്‌പദാതാവ് ഉപഭോക്താവിന് ഔദ്യോഗികമായി നോട്ടീസ് നൽകണം. 30 മുതൽ 60 ദിവസം വരെ കുടിശ്ശിക തുടരുകയാണെങ്കിൽ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. 60 ദിവസത്തിലധികം കുടിശ്ശികയായാൽ മാത്രമേ പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. ഉപകരണം ലോക്ക് ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഉപകരണത്തിൻ്റെ യഥാർഥ നിർമാതാവോ ഓപ്പറേറ്റിങ് സിസ്റ്റം ദാതാവോ സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും ആർ.ബി.ഐ നിർദേശിക്കുന്നു.

ഇരട്ടസഹോദരങ്ങൾക്ക് മമ്മൂക്കയുടെ ഓണസമ്മാനം

ഇരട്ടസഹോദരങ്ങൾക്ക് മമ്മൂക്കയുടെ ഓണസമ്മാനം

ഈ ചിങ്ങപിറവി ഇടുക്കിയിലെ ആ കുഞ്ഞു സഹോദരങ്ങളുടെ ജീവിതത്തിലും പുതിയ ചുവടുവയ്പ്പാണ്. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന മിഖായേലിനും മിഹോക്കിനും ഇനി എല്ലാ കേൾക്കാം, ഇവരുടെ കുഞ്ഞുസ്വപ്നങ്ങൾക്ക് കൈത്താങ്ങായതാവട്ടെ മലയാളികളുടെ സ്വന്തം മമ്മൂക്കയും.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ഹോസ്പിറ്റലും ചേർന്ന് നടപ്പിലാക്കുന്ന കാതോട് കാതോരം പദ്ധതിയിലൂടെയാണ് ഇരുവർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത്. ഓണക്കോടിക്കൊപ്പം ഒറു റേഡിയോ കൂടി ഇരുവർക്കും സമ്മാനമായി മമ്മൂക്ക കൊടുത്തയച്ചു.

മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം. മക്കളായ മിഖായേലിനേയും മിഹോക്കിനുേയും കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് അമ്മ ബോബിന പറഞ്ഞ വാക്കുകളാണിത്. ഇടുക്കി വണ്ടിപെരിയാർ സ്വദേശികളായ സോനു ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖേലിന് രണ്ടു വയസുള്ളപ്പോഴാണ് കേൾവി തകരാറുണ്ടെന്ന് തിരിച്ചറിയുന്നത്.

ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കടപ്പനയിലെ ആശുപത്രിയിലെ പരിശോധനക്ക് ശേഷം ഇയർഫോൺ വെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും കേൾവിക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, പണം കണ്ടെത്തുക സോനു ബോബിന ദമ്പതികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

അതിനിടയിലാണ് സോനു കാതോട് കാതോരം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കെയർ ആൻഡ് ഷെയറിൽ അപേക്ഷ നൽകിയത്. ആ തീരുമാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. അങ്ങനെ മിഖായേലും മിഹോക്കും ഇനി ലോകത്തെ കേൾക്കും.