ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

95

രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് സാഹചര്യം ഒത്തുവരുമ്പോൾ ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല സംഘം കവർന്നിരുന്നു. കൂടാതെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും ഈ സംഘം കവർന്നു.

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). അച്ഛൻ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ തനിക്ക് ഒരു കാര്യം പോലും ചെയ്യാൻ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.

മച്ചാൻസ് വ്ലോ​ഗ് എന്ന പോഡ്കാസ്റ്റിൽ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. “അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.

പക്ഷേ ഞാൻ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസിൽ കിടപ്പുണ്ട്. അച്ഛൻ മദ്യപിച്ച് വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാൻ. ഞാൻ ഭയങ്കരമായി കൺട്രോൾ ചെയ്ത് നിർത്തും.

കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാൻ. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മൾ ഒറ്റയ്ക്ക് ആയിരിക്കും.

എപ്പോഴും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാൻ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കിൽ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോൾ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാൻ പറ്റത്തില്ല”.- കിച്ചു സുധി പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ പ്രാഥമികാന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ വസതിയിലെത്തി കോഴിക്കോട് ടൗൺ പൊലീസ് സംഘം മൊഴി രേഖപ്പെടുത്തി.

കോർപ്പറേഷൻ ഓഫീസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. മേയർ ഒ. സദാശിവനും മറ്റ് കൗൺസിലർമാരും ചേർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കാൻ തുടങ്ങിയ അതേ നിമിഷം തന്നെ ബിജെപിയുടെ 13 കൗൺസിലർമാർ ചേർന്ന് ‘വന്ദേമാതരം’ ആലപിക്കുകയായിരുന്നു. ഒരേസമയം രണ്ട് ഗാനങ്ങളും ഒരുമിച്ച് ആലപിച്ചത് വേദിയിൽ വലിയ ആശയക്കുഴപ്പത്തിനും ബഹളത്തിനും വഴിവെച്ചു. ദേശീയഗാനം പൂർത്തിയാക്കിയ ശേഷം മേയറും ഭരണസമിതി അംഗങ്ങളും വേദിയിൽ നിന്ന് മടങ്ങിയപ്പോൾ, ബിജെപി കൗൺസിലർമാർ അവിടെത്തന്നെ നിന്ന് വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമാണ് പിരിഞ്ഞുപോയത്.

സംഭവത്തിൽ ബിജെപി കൗൺസിലർമാർ മനഃപൂർവ്വം തടസ്സമുണ്ടാക്കുകയും ദേശീയഗാനത്തെ അനാദരിക്കുകയും ചെയ്തതായി കാണിച്ച് ഡിവൈഎഫ്ഐയും യുഡിഎഫ് കൗൺസിലർമാരും പൊലീസിൽ പരാതി നൽകി. അതേസമയം, വന്ദേമാതരം ആലപിക്കുന്നതിനിടെ മേയറും ഭരണസമിതിയും അനാദരവ് കാട്ടി വേദി വിട്ടുപോയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികൾ മറ്റൊരുപരാതിയും സമർപ്പിച്ചു. ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ

മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ

മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി വനിതാ നേതൃത്വം. ചരിത്രത്തിലാദ്യമായി മൂന്നാർ പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതലയിലേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ നിയമിതയായി. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ കൃഷ്ണപ്രിയ ഉണ്ണിയാണ് (28) മൂന്നാറിന്റെ പുതിയ എസ്എച്ച്ഒ ആയി ചുമതലയേറ്റത്.

2024 ബാച്ച് സബ് ഇൻസ്പെക്ടറായ കൃഷ്ണപ്രിയയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണിത്. പരിശീലനത്തിന് ശേഷം കണ്ണൂരിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് എത്തുന്നത്. തുടർന്ന് നിലവിലെ പ്രിൻസിപ്പൽ എസ്ഐ സ്ഥലം മാറിപ്പോയതോടെ സ്റ്റേഷന്റെ പൂർണ്ണ ചുമതല കൃഷ്ണപ്രിയക്ക് കൈവരുകയായിരുന്നു.

ദിവസേന പതിനായിരക്കണക്കിന് വിദേശ-സ്വദേശി സഞ്ചാരികൾ എത്തുന്ന മൂന്നാറിലെ ക്രമസമാധാന പരിപാലനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കൽ, കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങി നിരവധി സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങളാണ് പുതിയ എസ്.എച്ച്.ഒയെ കാത്തിരിക്കുന്നത്. സ്വന്തം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയുടെ സുരക്ഷാ ചുമതല കൃത്യമായി നിർവ്വഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടുക്കിയുടെ ഈ പെൺകരുത്ത്. നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി-സുമ ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.

ഒറ്റയടിക്ക് 400 രൂപ കൂടി, സ്വര്‍ണവില 1,14,000ന് മുകളില്‍; രണ്ടാഴ്ചയ്ക്കിടെ 9000 രൂപയുടെ വര്‍ധന

ഒറ്റയടിക്ക് 400 രൂപ കൂടി, സ്വര്‍ണവില 1,14,000ന് മുകളില്‍; രണ്ടാഴ്ചയ്ക്കിടെ 9000 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,14,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 14,270 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘ഇത് മാത്രം പഠിച്ചാല്‍ A+ നേടാം’; ഓണ്‍ലൈന്‍ ചാനലുകളുടെ ‘ഷുവര്‍ ക്വസ്റ്റ്യനി’ല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

‘ഇത് മാത്രം പഠിച്ചാല്‍ A+ നേടാം’; ഓണ്‍ലൈന്‍ ചാനലുകളുടെ ‘ഷുവര്‍ ക്വസ്റ്റ്യനി’ല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിക്കുന്ന ഷുവര്‍ ക്വസ്റ്റ്യന്‍ (Sure Question) പ്രചാരണങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കി. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. ‘ചോദ്യപ്പേപ്പര്‍ ലഭ്യമാണ്’, ‘ഞങ്ങള്‍ പറയുന്ന ചോദ്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതി’, ‘ഇത് മാത്രം പഠിച്ചാല്‍ പരീക്ഷ ജയിക്കാം’ തുടങ്ങിയ വ്യാജ അവകാശവാദങ്ങളാണ് ഇത്തരം വിഡിയോകളിലൂടെ പ്രചരിക്കുന്നത്. ഇത് വിദ്യാര്‍ഥികളില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നു. ചില യൂട്യൂബ് ചാനലുകള്‍ മന്ത്രിയുടെ ചിത്രം കൂടി വെച്ചാണ് ഇത്തരം വിഡിയോകള്‍ക്ക് തമ്പ്‌നെയില്‍ നല്‍കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുന്നു.

പരീക്ഷാ സമയത്ത് അവസാന നിമിഷം പഠിച്ചാല്‍ മതിയെന്ന തെറ്റായ സന്ദേശം ഇത്തരം ചാനലുകള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ വകുപ്പിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകില്ലെന്ന് ഉറപ്പാക്കാന്‍ പൊലീസ് അറിയിപ്പ് നല്‍കണമെന്നും പരാതിയില്‍ പറയുന്നു.