by Midhun HP News | May 29, 2026 | Latest News, കേരളം
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയായത്.
എന്നാല്‍ കരാറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയിട്ടില്ല. ചര്‍ച്ചകളുടെ പുരോഗതിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ട്രംപ് മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോര്‍മുസിലെ ഉപരോധങ്ങള്‍ നീക്കണമെന്ന ഇറാന്റെ നിര്‍ദേശത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
കരാറില്‍ ഏകദേശ ധാരണയായെങ്കിലും, ഇറാന്‍ ഉന്നത നേതൃത്വത്തിനും കരാറിലെ ചില നിര്‍ദേശങ്ങളില്‍ അതൃപ്തിയുള്ളതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ സമാധാനം പുനഃസ്ഥാപിക്കലും, കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പല്‍ സഞ്ചാരവുമാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോര്‍മൂസ് കടലിടുക്കിലെ മൈനുകള്‍ 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാമെന്നും, കപ്പലുകളെ തടയില്ലെന്നും ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ധാരണ പ്രകാരം തന്ത്രപ്രധാനമായ ചോക്ക്‌പോയിന്റ് കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ഇറാന് കഴിയില്ല. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ സ്ഥിതി വിലയിരുത്തി നാവിക ഉപരോധം പിന്‍വലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന് സ്വതന്ത്രമായി എണ്ണ വില്‍ക്കാന്‍ സാധിക്കുന്നതിനായി ചില ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടുണ്ട്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ പ്രതിജ്ഞാബദ്ധതയും ഈ കരാറില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും, യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഭാവി നടപടികള്‍ എന്തൊക്കെയായിരിക്കണമെന്നും ഇരുപക്ഷവും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇറാന്‍ എത്രത്തോളം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നുവോ, അത്രത്തോളം നേട്ടങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

by Midhun HP News | May 29, 2026 | Latest News, കേരളം
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് സംഘം നിലവിൽ സ്ഥലത്തുണ്ട്. ആറ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് പേർ തൂണിന് മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

by Midhun HP News | May 29, 2026 | Latest News, കേരളം
അമ്മയിലെ തര്‍ക്കത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബ ഹസന്റെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. തന്റെ പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ കഴിഞ്ഞ ദിവസം നടി ലക്ഷ്മി പ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ സബ് ഇന്‍സ്പെക്ടര്‍ രേഷ്മയ്ക്കെതിരെയാണ് അന്‍സിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നാണ് പരാതി. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിക്കുന്നു.
ലക്ഷ്മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചുവെന്നും അന്‍സിബ പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നുണ്ട്. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
അന്‍സിബയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അമ്മ കത്ത് നല്‍കിയിരുന്നു. പിന്നാലെ അന്‍സിബ മറുപടി നല്‍കി. തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാല പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു ആവശ്യം.
ഇവരില്‍ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദല്‍ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്നും ഈ റെക്കോര്‍ഡിങ്ങുകള്‍ അമ്മയുടെ ഔദ്യോഗിക രേഖകളില്‍ സൂക്ഷിക്കേണ്ടതും, അതിന്റെ പകര്‍പ്പുകള്‍ തനിക്കും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എതിര്‍കക്ഷികള്‍ക്കും നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഇതാണ് ഇപ്പോള്‍ കുക്കു പരമേശ്വരന്‍ നിരസിച്ചിരിക്കുന്നത്.

by Midhun HP News | May 29, 2026 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. 1160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,600 രൂപയാണ്. ഇന്നലെ 114440 രൂപ ആയിരുന്ന വില ആണ് ഇന്ന് കൂടിയിരിക്കുന്നത്. 14,304 രൂപ ആണ് ഒരു ഗ്രാമിന്റെ വില. 145 രൂപയാണ് ഗ്രാമിന് കൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത കാണുന്നത്. വിവാഹത്തിനും മറ്റും സ്വർണം വാങ്ങുന്നത് പതിവാണ് ഇവിടെ. മാത്രമല്ല, സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആണ് ആളുകൾ താത്പര്യം കാണിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു. ഇനിയും വിലയിൽ വർധനവ് ഉണ്ടാകാൻ ആണ് സാധ്യതയും.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.
25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
പ്രധാന പ്രഖ്യാപനങ്ങൾ :
റോഡ് നവീകരണം നടപ്പാക്കും
പൊതുഗതാഗതം ആധുനികമാക്കും
ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോഗിക്കും
റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും
പട്ടയവിതരണം കാര്യക്ഷമമാക്കും
ഭൂ നിയമങ്ങൾ പരിഷ്കരിക്കും
ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും
തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി
ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും
വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും
എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും
ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും
ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും
കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും
വഖഫ് ബോർഡ് നവീകരിക്കും
ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും
ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.
ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം
സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും
യുവാക്കൾക്കായി നൈപുണ്യ വികസനം
ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും
കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും
by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ ഗുജറാത്ത് തീരം, പാകിസ്ഥാൻ തീരം അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Recent Comments