പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറയിൽ 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ ഗൾഫിൽ ഒളിവിൽ ആയിരുന്ന യുവാവിനെ എയർപോർട്ടിൽ എത്തിയപ്പോൾ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവർഷം ജൂൺ പതിനെട്ടാം തീയതി വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ചിതറ കാക്കാംകുന്ന് സ്വദേശിനിയായ 14കാരിയെ കാണുന്നത്.

തുടർന്ന് കുട്ടിയെ പാങ്ങോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരീച്ചിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് വീട്ടിൽ നിന്നും ആത്മഹത്യ കുറുപ്പ് കണ്ടെടുത്തു. തുടർന്നാണ് അന്വേഷണം അജ്മലിലേക്ക് എത്തുന്നത്.

ഹോം നഴ്‌സിന്റെ പേരിൽ കവർച്ച; രോഗിയെ പരിചരിക്കാനെത്തിയ ആൾ പിടിയിൽ

ഹോം നഴ്‌സിന്റെ പേരിൽ കവർച്ച; രോഗിയെ പരിചരിക്കാനെത്തിയ ആൾ പിടിയിൽ

കൊട്ടാരക്കര നീലേശ്വരത്ത് കിടപ്പ് രോഗിയുടെ പരിചരണത്തിനായി വന്ന ഒരു ഹോം നഴ്സിന്റെ ക്രൂര കവർച്ചാ പ്രവർത്തി പുറത്തായി. കാരുണ്യവും സമർപ്പണവും നിറഞ്ഞ നഴ്‌സിംഗ് എന്ന പദത്തെ തന്നെ നാണം കെടിപ്പിക്കുന്ന രീതിയിലാണ് തിരുവല്ല സ്വദേശി അനീഷ് രോഗിയുടെ വീട്ടിൽ നടന്നത്.

പരിചരണത്തിനായി എത്തിയതായി വിശ്വാസം നേടി, രോഗബാധിതനായ ഗൃഹനാഥന്റെ എടിഎം കാർഡ് കൈവശപ്പെടുത്തി, പാസ്‌വേഡ് മനസിലാക്കി ₹75,000 രൂപ പിരിച്ചെടുത്തതായിരുന്നു ഇയാളുടെ നീക്കം. സംശയം തോന്നിയ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷ് കവർച്ച നടത്തിയ വിവരം പുറത്തായത്.

പല പ്രദേശങ്ങളിലും രോഗികളെ പരിചരിക്കുന്ന പേരിൽ എത്തി ഇത്തരത്തിൽ പണം കവർന്നിട്ടുണ്ടെന്ന സംശയങ്ങൾ പൊലീസ് ഉന്നയിക്കുന്നു. കൂടുതൽ പരാതികൾ വരാൻ സാധ്യതയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മനുഷ്യസേവനത്തിന്റെ ഏറ്റവും ഉയർന്ന നിയോഗമായി കണക്കാക്കപ്പെടുന്ന നഴ്‌സിംഗ് രംഗത്തിന്റെ വിശ്വാസ്യത itself ഇത്തരം പ്രവൃത്തികൾ തകർക്കുന്നു എന്നതാണ് നാട്ടുകാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം.

‘അത് ഉഭയസമ്മത ബന്ധം’; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

‘അത് ഉഭയസമ്മത ബന്ധം’; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.

യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് താന്‍ നിര്‍ബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുവെന്നാണ് വിവരം. ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

അതേസമയം, ഒമ്പതാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

‘രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്’

‘രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്’

കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ ലൈംഗിക വൈകൃത നടപടികളല്ലേ അയാളില്‍ നിന്ന് ഉണ്ടായത്? അത് ഒരു പൊതുപ്രവര്‍ത്തകനും പൊതുസമൂഹത്തിനും ചേര്‍ന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അത്തരം ഒരു പൊതുപ്രവര്‍ത്തകനെ ആരോപണം വന്നപ്പോള്‍ തന്നെ മാറ്റി നിര്‍ത്തുകയല്ലേ വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരം നേതൃത്വം അറിഞ്ഞിരുന്നു എന്നാണ് കാണുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്നുവിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരുപാര്‍ട്ടി അങ്ങനെ ചെയ്യുമോ?. അകറ്റിനിര്‍ത്താന്‍ അല്ലേ ശ്രമിക്കേണ്ടത്?. കോണ്‍ഗ്രസ് വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേ?. ആ പാരമ്പര്യം തീര്‍ത്തും കളഞ്ഞുകുളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാത്തത് ഒത്തുകളിയെന്നാണ് ചിലര്‍ പറയുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തില്‍ എല്ലാവരും വിലയിരുത്തുന്ന കാര്യമാണ്. പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. പോയ സ്ഥലങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അത് ബോധപൂര്‍വം സംരക്ഷിക്കുന്ന ചില നടപടികള്‍ എടുത്തെന്നാണ് സംശയിക്കുന്നത്. ഇനിയെങ്കിലും അത്തരം നടപടികള്‍ എടുക്കാതിരിക്കുക. പൊലീസ് ഫലപ്രദമായി തന്നെ പ്രവര്‍ത്തിച്ച് ആളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാൻ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കേണ്ട’’ – മുഖ്യമന്ത്രി പറഞ്ഞു.

എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചത്‌. എംപിമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. ആ പ്രവര്‍ത്തനം ഏറിയും കുറഞ്ഞും ഇപ്പോള്‍ എംപിമാര്‍ നടത്താറുണ്ട്. ബ്രിട്ടാസിന്റെ ഇടപെടല്‍ ശേഷി നാട് അംഗീകരിക്കുന്നതാണ്. അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടിയായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളം കഴിഞ്ഞ മാസം നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ നമുക്ക് കഴിഞ്ഞു. അധികാരവികേന്ദ്രീകരണം നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ മതനിരപേക്ഷതയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതല്‍ കരുത്തുപകരുന്നവായാണ്. മതനിരപേക്ഷതയുടെതായ പ്രത്യേകത നമ്മുടെ നാടിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നതുമാണ്. ഇതിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള സമീപനമായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സ്വീകരിക്കണമെന്നതാണ് അഭ്യര്‍ഥന.

കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് എല്ലാവര്‍ക്കും ബോധ്യമുളള കാര്യമാണ്. ആളുകളുടെ കണ്ണിന്‍ മുന്നിലുള്ള യാഥാര്‍ഥ്യം അത് സാക്ഷ്യപ്പെടുത്തുന്നതാണ്. സാധാരണ വികസനം മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തെയും നഗരത്തിന്റെയും വികസനമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ ഇവയെല്ലാം കേരളത്തിന് തന്നെ അഭിമാനമാണ്. ‘സമൃദ്ധി’യിലൂടെ വിശപ്പ് രഹിതനഗരമാകാനും കൊച്ചിക്ക് കഴിഞ്ഞു. വര്‍ഷങ്ങളായി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞു. മാലിന്യമല തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അത് നീക്കം ചെയ്ത് ബ്രഹ്മപുരത്തെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവന്നതും എറണാകുളം മാര്‍ക്കറ്റിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. എംകെ അര്‍ജുനന്‍ മാസ്റ്റര്‍ക്കും ജി ശങ്കരക്കുറിപ്പിനും സ്മാരകങ്ങള്‍ ഒരുക്കി സാംസ്‌കാരിക രംഗത്ത് മുന്നേറാനും കഴിഞ്ഞെന്നും പിണറായി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാരെ മുഴുവന്‍ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വര്‍ണം വിഴുങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്.

ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.

ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ, ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.

2019ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണം വീണ്ടും പൂശുന്നതിനായി പാളികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം എടുത്തപ്പോള്‍ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍, അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.

സ്വര്‍ണപ്പാളി സ്വര്‍ണം പൂശേണ്ട ആവശ്യമില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഹര്‍ജിക്കാര്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ചെമ്പു പൂശിയതെന്ന് ബോര്‍ഡ് തീരുമാന്തതിലും ബന്ധപ്പെട്ട മഹസ്സറിലും രേഖപ്പെടുത്തിയാല്‍, സ്വര്‍ണം കവര്‍ച്ച ചെയ്യാമെന്നും വിറ്റു പണമുണ്ടാക്കാമെന്നും പ്രതികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കില്ലെങ്കില്‍ ഇതു കൈമാറാന്‍ അനുവദിക്കുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ പങ്കു വ്യക്തമായതിനാല്‍ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ്. ജയശ്രീ. ആറാം പ്രതിയാണ് മുന്‍ അഡ്മിനിനിസ്‌ട്രേറ്റീവ് ഓഫിസറായ എസ്. ശ്രീകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ചുമതലയെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയശ്രീ വാദിച്ചത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്ന തരത്തില്‍ മിനിറ്റ്സില്‍ ജയശ്രീ തിരുത്തല്‍ വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മേലുദ്യോഗസ്ഥനായ എക്സിക്യുട്ടീവ് ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് മഹസറില്‍ ഒപ്പിട്ടതെന്നായിരുന്നു ശ്രീകുമാര്‍ വാദിച്ചിരുന്നത്.

മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും,എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ

മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും,എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ

കൊച്ചി: കേരള സമൂഹം നടുക്കത്തോടെ കേള്‍ക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കുറ്റകൃത്യമാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം കേസില്‍ കോടതി വിധി ഈ മാസം എട്ടിന് വിധി പുറപ്പെടുവിക്കും. സിനിമാ മേഖലയേയും രാഷ്ട്രീയ മേഖലയെയും വരെ പിടിച്ചുലച്ച സംഭവവികാസങ്ങളില്‍, ആക്രമണത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ പോകുകയും ചെയ്തിരുന്നു.

2017 ഫെബ്രുവരി 17 ന്, ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ടാണ് തൃശ്ശൂര്‍ പാട്ടുരയ്ക്കലിലുള്ള വീട്ടില്‍ നിന്ന് നടി കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാട് ചെയ്ത എസ്യുവിയില്‍ വൈകീട്ട് 7 മണിക്ക് കയറുന്നു. വാഹനം കൊച്ചി പനമ്പിള്ളി നഗറിലേക്ക് പോകുന്നതിനിടെയാണ്, കേരളത്തെ നടുക്കിയ ആക്രമണം ഉണ്ടാകുന്നതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) വ്യക്തമാക്കുന്നു.

എസ്യുവി ഡ്രൈവര്‍ മാര്‍ട്ടിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ നടിയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയുടെ വായ കൈപ്പത്തി കൊണ്ട് പൊത്തി. ഭീഷണിപ്പെടുത്തി നടിയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോള്‍, മാര്‍ട്ടിനും രണ്ട് സംഘാംഗങ്ങളും പുറത്തിറങ്ങുകയും, ഒന്നാം പ്രതി എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനിയും, ടവ്വല്‍ കൊണ്ട് മുഖംമൂടി ധരിച്ചിരുന്ന മറ്റ് രണ്ട് പേരും വാഹനത്തില്‍ കയറുകയായിരുന്നു.

സുനിയെ വാഹനം ഓടിച്ചപ്പോള്‍ മാര്‍ട്ടിന്‍ അക്രമികളുടെ വാനില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. കാക്കനാട്ടേക്ക് പോയ എസ്യുവി ഒരു പാലത്തിന് സമീപം നിര്‍ത്തി. തുടര്‍ന്ന് സുനി പിന്‍സീറ്റിലേക്ക് കയറി. തുടര്‍ന്ന് എതിര്‍പ്പു വകവെയ്ക്കാതെ നടിയെ മടിയിലിരുത്തി, ആക്രമിച്ചു. രാത്രി 8:30 മുതല്‍ രാത്രി 11 വരെ ആക്രമണം നീണ്ടു നിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പള്‍സര്‍ സുനി പകര്‍ത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

എതിര്‍ത്ത നടിയെ സുനി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നു മിനിറ്റ് വീഡിയോയ്ക്കായി ഞങ്ങളോട് സഹകരിക്കണം. എന്നാല്‍ നീ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം. അതല്ലെങ്കില്‍ നിന്നെ ഡിഡി റിട്രീറ്റിലേക്ക് കൊണ്ടുപോകും. അവിടെ നിരവധി പേര്‍ കാത്തിരിപ്പുണ്ട്. അവരുടെ കൈകളില്‍ എത്തിയാല്‍ പിന്നീട് എന്താണ് സംഭവിക്കുകയെന്ന് എനിക്ക് പറയാനാവില്ലെന്നും പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. നടിയെ പിന്നീട് കാക്കനാട് പടമുഗളില്‍ ഉപേക്ഷിക്കുകയായിരുന്നു.

നടി നേരെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലാലിന്റെ കൈകളിലേക്ക് തളര്‍ന്നു വീണ നടി, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ ഉടന്‍ തന്നെ പിടി തോമസ് എംഎല്‍എയേയും നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും വിവരം അറിയിച്ചു. അവര്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പി ടി തോമസിന്റെ ഇടപെടലാണ് പൊലീസിനെ കര്‍ക്കശവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് കാരണമായത്.

രാത്രി വൈകി ഉറങ്ങാന്‍ പോകുമ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത്. തുടര്‍ന്ന് തന്നോടൊന്നും പറയാതെ, തിടുക്കപ്പെട്ട് പിടി തോമസ് പുറത്തേക്ക് പോകുകയായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് ഓര്‍മ്മിച്ചു. പുലര്‍ച്ചെയാണ് പി ടി തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മാനസിക വിഷമം നേരിടുന്നതായി മനസ്സിലാക്കി. സ്വന്തം മകള്‍ക്ക് നേരിട്ട ആപത്തു പോലെയാണ് പിടി തോമസ് സംഭവത്തെ കണക്കാക്കിയത്. എസ് യുവി ഡ്രൈവറുടെ പ്രവൃത്തി, വലിയ ഗൂഢാലോചന അക്രമത്തിനു പിന്നിലുണ്ടെന്ന് പി ടി തോമസില്‍ സംശയം ശക്തമാക്കാന്‍ കാരണമായി എന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു.

കേസില്‍ പത്താം സാക്ഷിയായിരുന്നു പി ടി തോമസ്. എന്നാല്‍ കേസില്‍ മൊഴി നല്‍കുന്നതിനെതിരെ പല കോണുകളില്‍ നിന്നും പിടി തോമസിന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. എന്നാല്‍ അണുവിട പിന്നോട്ടു പോകുവാന്‍ പിടി തോമസ് കൂട്ടാക്കിയില്ല. തന്നെ സമീപിച്ചവരോട് പിടി തോമസ് പറഞ്ഞു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല, സത്യം മാത്രമാണ് താന്‍ പറയുക. പിടി തോമസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം പിന്നോക്കം പോകുകയായിരുന്നുവെന്നും ഉമ തോമസ് വ്യക്തമാക്കി.